ബോണ്‍സായ് മരങ്ങള്‍ 🌱 ശശികുമാര്‍. പി. കെ

bonzai-marangal-sasikumar-pk


ചില മനുഷ്യര്‍ 
അങ്ങനെയാണ് 
സ്‌നേഹത്തിന്റെ 
ബലൂണുകളില്‍ 
വെറുപ്പിന്റെ 
സൂചിമുനകള്‍
അമര്‍ത്തിവെക്കും 
പ്രണയിക്കുന്നവരുടെ 
ആകാശം നിറയെ 
ദുരഭിമാനത്തിന്റെ 
കറുത്ത വിഷപ്പുക 
പടര്‍ത്തിവെക്കും.
സ്വപ്നങ്ങളുടെ 
നിറക്കൂട്ടുകള്‍ക്ക് ചുറ്റും 
രക്തം കൊണ്ട് ചുവന്ന 
വലയങ്ങള്‍ തീര്‍ക്കും.
നാം എന്ന ഭൂഖണ്ഡത്തെ 
ഞാനും നീയുമെന്ന 
വന്‍കരകളായ് 
വിവര്‍ത്തനം ചെയ്യും .

ചില മനുഷ്യര്‍ 
അങ്ങനെയാണ്.
മുരടിച്ചുപോയ 
ബോണ്‍സായ് 
മരങ്ങള്‍ പോലെ 
സ്‌നേഹവും കരുതലും 
ഉള്ളില്‍ ചില്ലകളായി 
മുളക്കുമ്പോള്‍ തന്നെ 
നുള്ളിയെടുക്കും.                        
സമാധാനത്തിന്റെ                        
സന്തോഷങ്ങളെ 
ലഹളകളാല്‍ 
ഊതിക്കെടുത്തും.
സ്‌നേഹത്തിന്റെ 
ആഘോഷങ്ങളില്‍ 
കുടിപ്പകയുടെ 
അന്തക വിത്തുകള്‍ 
വാരി വിതറും.

കടല്‍ മീനുകളും 
ആകാശപ്പറവകളും 
നാല്‍കാലികളും 
വെടിയൊച്ചകള്‍ 
മുഴക്കാറില്ല..
മുറിവാഴങ്ങളില്‍ 
മുളക് പുരട്ടാറില്ല.
ആശുപത്രികളില്‍ 
മിസൈല്‍ വര്‍ഷിക്കാറില്ല.
പിഞ്ചുപൈതങ്ങള്‍ക്ക് 
നേരെ വെടിയുതിര്‍ക്കാറില്ല .
യുദ്ധങ്ങളില്‍ ആരും 
ആയുധങ്ങള്‍ കൊണ്ട് 
അനാഥരാക്കപ്പെടാറില്ല.
അതിര്‍ത്തികള്‍ തിരിച്ച് 
മതിലുകള്‍ കെട്ടി 
വീട് വെക്കാറില്ല.
ജലവുമാകാശവും 
മണ്ണും മലിനമാക്കാറില്ല.
ഭൂമിയുടെ അവകാശം
ഉന്നയിക്കുകയോ .
വര്‍ഗ്ഗീയ ലഹളകള്‍ 
സൃഷ്ടിക്കുകയോ 
ചെയ്യാറില്ല.
എങ്കിലും വേട്ടക്കാര്‍ 
പതുങ്ങിയിരിക്കുന്നുണ്ട്.
സ്‌നേഹത്തിന്റെ 
ശാഖകള്‍ മുളയ്ക്കാത്ത 
ബോണ്‍ സായി 
മരങ്ങള്‍ പോലുള്ള 
ചില ഇരുകാലികള്‍ക്ക് 
വേട്ട ഒരു വിനോദമാകുന്നു...
© sasikumarpk


E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post