തീരം ശാന്തമാണ്,
ആദിത്യന്‍ നീരാട്ടിനിറങ്ങിയതിനാലാവാം നീന്തിത്തുടങ്ങുന്ന ഇളം പൈതങ്ങളെപോലെ കുഞ്ഞുതിരമാലകള്‍ മെല്ലെയൊഴുകുന്നു.
ഇരുള്‍വീണുതുടങ്ങിയിരുന്നെങ്കിലും.. അകലെ ചക്രവാളത്തില്‍ ഒരു കടല്‍പക്ഷി പറന്നകലുന്നത് വ്യക്തമായി കാണാം.
വേലിയേറ്റങ്ങളുടെതിരയിളക്കങ്ങളില്‍ പണ്ടെങ്ങോ കടലെടുത്തുപോയ അവശേഷിക്കുന്ന കടല്‍ഭിത്തിയുടെ, നിര തെറ്റിയ കല്ലുകളിലൊന്നില്‍ കണ്ണുകള്‍ചുരുക്കി സൂഷ്മദൃക്കായി രഘുനാഥന്‍ ആ കാഴ്ച നോക്കിനിന്നൂ ഏകാകിയായി. കടല്‍പ്പക്ഷി ചക്രവാളത്തില്‍ മറയുവോളം നീണ്ടുമെലിഞ്ഞ ആ അന്‍പതുകാരന്‍ ആ കാഴ്ച നോക്കി നിന്നു...
ശക്തമല്ലെങ്കിലും കടലില്‍നിന്നും തണുത്തകാറ്റു വീശുന്നുണ്ട്. ഇരുള്‍ നിറഞ്ഞുതുടങ്ങിയ തീരത്തിനോട് തത്കാലം വിട പറഞ്ഞു തിരികെ നടക്കുമ്പോള്‍ അയാളുടെ ചിന്ത അകലെ പറന്ന കടല്‍പക്ഷിയെകുറിച്ചായിരുന്നു... സാധാരണ കൂട്ടമായല്ലേ ഇവയുടെസഞ്ചാരം! കുറഞ്ഞപക്ഷം അതിന്റെ ഇണയെങ്കിലും കൂടെകാണേണ്ടതല്ലേ... ഒരുവേള ആ പക്ഷിയും തന്നെപോലെയാണോ? ഒരു കാലത്ത് എല്ലാവരുമുണ്ടായിരുന്ന ജന്മം. കടല്‍ക്കാറ്റിന് ശക്തി കൂടിവന്നു ഒപ്പം രഘുനാഥന്റെ ചിന്തകള്‍ക്ക് വേഗവും. നാളേറെയായി മുടിമുറിക്കാതിരുന്നതില്‍ തോളറ്റം കഴിഞ്ഞു താഴേക്കു വളര്‍ന്നിറങ്ങിയ ഇടകലര്‍ന്നു നരവീണ തന്റെ തലമുടി. കാറ്റിനൊപ്പം നൃത്തമാടുന്നതിലുള്ള നീരസത്തില്‍ കൈകളുയര്‍ത്തി മുടിയിഴകള്‍ തലയ്ക്കുപിന്നില്‍ കൂട്ടിപ്പിടിച്ചു ഒരുറബ്ബര്‍ ബാന്‍ഡ് കൊണ്ട് മുറുക്കിവച്ച് നടപ്പിനു വേഗംകൂട്ടി.
വീശിയടിക്കുന്ന തണുത്ത കാറ്റ് അകലെയല്ലാത്ത മഴയുടെ വരവറിയിച്ചുകൊണ്ടിരുന്നു.
മഴയെന്ന് മനസ്സില്‍ വിചാരിക്കുമ്പോള്‍തന്നെ വൈദ്ദ്യുതി മുടങ്ങുന്ന, കോട്ടേരിയെന്ന തന്റെ ഗ്രാമത്തിന്റെ ദുസ്ഥിതിയെ മനസ്സില്‍ ശപിച്ചുകൊണ്ട്
ഇരുളുമൂടിയ മണ്‍പാതകള്‍ പിന്നിട്ട് അയാള്‍ വീട്ടുപടിക്കലെത്തുമ്പോള്‍, പഴയതെങ്കിലും മുകള്‍നില ഓടുമേഞ്ഞ ഇരുനിലവീടിന്റെ ഉമ്മറത്തു തെളിഞ്ഞിരുന്ന ട്യൂബ് ലൈറ്റിന്റെ പ്രകാശം
രഘുനാഥനെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. ഹാവൂ, ആശ്വാസം, കറന്റ് പോയില്ല നെഞ്ചില്‍ കൈവച്ച് അയാള്‍ ആത്മഗതം ചെയ്തു.
ചവിട്ടുപടിയില്‍ തന്റെ ചെരുപ്പഴിച്ചിടുന്നതിനിടെ, ശക്തമായ ഇടിമിന്നലോടെ മഴതുടങ്ങിയിരുന്നു. കറന്റു പോയില്ലെങ്കിലും.. വേഗം തന്നെ അയാള്‍ ഉമ്മറത്തിരുന്ന റാന്തല്‍ വിളക്കില്‍ തിരി തെളിയിച്ചു. കറന്റ് പോകുന്നതിനുമുന്‍പൊരു മുന്നൊരുക്കം. അമ്മേ...യെന്നു നീട്ടി വിളിച്ചുകൊണ്ട് രഘുനാഥന്‍ ഉമ്മറത്തിണ്ണയില്‍ നിന്ന് അകത്തേയ്ക്കുള്ള പ്രധാന വാതില്‍തുറന്നു. സ്വീകരണമുറിയിലെ ലൈറ്റ് തെളിയിച്ചുകൊണ്ട്
ഡ്രോയിങ്‌റൂമിനോട് ചേര്‍ന്ന് ഇടതുവശത്തുള്ള അടുക്കളയിലേക്ക് ചെന്നു. അമ്മയെന്താ കതകുതുറക്കാതിരുന്നത്?
ഞാനെത്രവിളിച്ചു... അമ്മയോടായി രഘുനാഥന്റെ പരിഭവം...അമ്മ നിന്നെയും കാത്തു പുറത്തുതന്നെ ഉണ്ടായിരുന്നു. നല്ല കാറ്റും മഴയും വന്നപ്പോള്‍ അകത്തുകയറിയതാ,
തന്നെയുമല്ല പുറത്തുപോയിവന്നാലുടന്‍ നിനക്കു ചൂട് കട്ടന്‍ചായ നിര്‍ബന്ധമല്ലേ... മാതൃവാത്സല്യം തുളുമ്പുന്ന നിറഞ്ഞ പുഞ്ചിരിയോടെ ഒരു ഗ്ലാസ് ചൂട് കട്ടന്‍ചായ സാവിത്രിയമ്മ രഘുനാഥന് നേര്‍ക്കുനീട്ടി.
ആവി പറക്കുന്ന ഗ്ലാസ് അയാള്‍ ചുണ്ടോടുചേര്‍ക്കാന്‍തുടങ്ങുമ്പോള്‍ പെട്ടെന്ന് ശക്തമായ മിന്നലില്‍ വൈദ്ദ്യുതി മുടങ്ങി... ശ്ശെ, നാശം അയാള്‍ പിറുപിറുത്തു. അമ്മ വരൂ നമുക്ക് ഉമ്മറത്തിരിക്കാം. ഇതറിയാവുന്നതുകൊണ്ട് ഞാന്‍ വന്നപ്പോള്‍തന്നെ റാന്തല്‍ തെളിച്ചിരുന്നു. സാവിത്രിയമ്മ മറുപടിയൊന്നും പറഞ്ഞില്ല. റാന്തല്‍ വിളക്കിന്റെ വെളിച്ചം തേടി രാഘുനാഥന്‍ ഉമ്മറത്തേക്കുവന്നു. വിളക്കിന്റെ തിരി അല്പം ഉയര്‍ത്തിയ അയാള്‍ തിണ്ണയുടെ തെക്കേ കൈവരിയോട് ചേര്‍ത്തിട്ടിരുന്ന മിക്കവാറും വീട്ടിലെ തന്റെ വിശ്രമസ്ഥലമായ പഴയ കോച്ചിയിലിരുന്നു. രാത്രി മഴയെ നോക്കുമ്പോള്‍ അയാളുടെ കയ്യിലിരുന്ന ഗ്ലാസില്‍ അപ്പോഴും ചായക്ക് നല്ല ചൂടുണ്ടായിരുന്നു. ആയിരം പകലുകള്‍ പൂക്കുന്ന മിന്നല്‍ പിണറിന്റെ വെളിച്ചത്തില്‍, പ്രധാന വാതിലിനോട് ചേര്‍ന്ന് ഇടതുവശത്തു ചുവരില്‍ മുകളിലായി തൂക്കിയിരുന്ന മാല ചാര്‍ത്തിയ പഴയ ഛായാചിത്രത്തിലേക്ക്അയാള്‍ നോക്കി... അമ്മ അല്പം മുന്‍പ്.. തനിക്ക് ചൂട് ചായ തിളപ്പിച്ച് കാത്തിരുന്ന മാതൃസ്‌നേഹം തുളുമ്പുന്ന പുഞ്ചിരിക്കുന്ന മുഖം!
അതെ എന്റെ അമ്മ, എന്റെ സാവിത്രിയമ്മ അയാളുടെ മനസ്സ് മന്ത്രിച്ചു... അപ്പോഴേക്കും രാത്രിമഴയുടെ ശക്തിവര്‍ധിച്ചിരുന്നു....
അതെ രാഘുനാഥന്‍ ഇപ്പൊ ഇങ്ങനെയാണ്.. തുടരുന്ന അയാളുടെ ജീവിതയാത്രയില്‍ നഷ്ടങ്ങള്‍ മാത്രം നല്‍കി കാലം കടന്നു പോകുമ്പോള്‍... ഒടുവില്‍ അയാള്‍ക്ക് തണലായിരുന്ന സ്വന്തം അമ്മ രോഗബാധിതയായി ലോകം വിട്ടുപിരിഞ്ഞതില്‍ പിന്നെ തികച്ചും, ഏകനായി തീര്‍ന്ന രഘുനാഥന്റെ ഓര്‍മ്മകളും എവിടെയൊ നഷ്ടമായിരുന്നു. എങ്കിലും അയാളുടെ ചിന്തകളില്‍ പറ്റിപ്പിടിച്ചിരുന്ന മാതൃസ്‌നേഹത്തിന്റെ മങ്ങിയ ഓര്‍മ്മകള്‍ തീര്‍ക്കുന്ന മനസ്സിന്റെ കല്പനകളില്‍, അമ്മയോടൊപ്പം അയാള്‍ ഇന്നും ജീവിക്കുന്നു.
© vinoy k thomas
1 Comments
Nannayittundu.. do write .. all the best
ReplyDelete