ഒരു ചിത്രം
നീയയച്ചപ്പോള്‍,
ഞാന്‍
എന്നെക്കുറിച്ചോര്‍ത്തു.
പേരുകളൂരിവച്ച്
സൂക്ഷിച്ച് നോക്കി.
നിനക്കുള്ള കത്തുകളിലെ
ഞാനല്ല.
നിന്നെ പ്രണയിക്കുന്ന
ഞാനുമല്ല.
ഒറ്റക്കിരിക്കുന്ന ഞാന്‍.!
ഇലകള്‍ പോലും
ഉപേക്ഷിച്ചുപോയ
മരമായതില്‍പ്പിന്നെ
ഒരിക്കല്‍പ്പോലും
ആരും
വന്നെത്തിനോക്കിയിട്ടില്ല.
വേരുകള്‍;
ജലവഴികള്‍ മറന്ന്
തളര്‍ന്ന് നില്‍പ്പാണു.
മണ്ണ്:
എന്നെങ്കിലും വന്ന്
പതിക്കുമല്ലോ എന്നോര്‍ത്ത്,
കാത്തിരിക്കുന്നുണ്ട്.
കാറ്റ്;
വല്ലപ്പോളും,
ഒന്നാശ്വസിപ്പിച്ചുപോകും.
ഒരിലത്തണലുപോലും
നല്‍കാനാവാതെ,
കിളികളെ നോക്കി
നെടുവീര്‍പ്പിടും.
ഏതോ യുഗത്തിന്റെ
ശോഷിച്ച
ഫോസിലാണു
ഞാന്‍..
വസന്തങ്ങള്‍ക്ക്;
പറയുവാന്‍,
'വേനലെ'ന്ന
ഒറ്റവാക്കു മാത്രം
ബാക്കിവയ്ക്കുന്നു...
© sudheesh subrahmanyan
0 Comments