മനസ്സ് | കവിത | സൈഗാ ദിലീപ്

saiga-dileep-manas-kavitha


ചിന്തകളുടെ നൂലറ്റത്ത്
ഒരു വര്‍ണ്ണപ്പട്ടം പോല്‍
പറന്നുയര്‍ന്ന്
അംബരത്തെ  ചുംബിച്ചും
അഗാധതയെ തലോടിയും
ആഴത്തിലും പരപ്പിലും
തീര്‍ഥാടനം ചെയ്യുന്ന വിസ്മയം....

മഴയായും വെയിലായും
ഉണര്‍ത്തുപാട്ടായും


ഇന്ദ്രിയങ്ങളെ തൊട്ടുണര്‍ത്തുന്ന
കാണാമറയത്തു ചിമിഴില്‍ ഒളിപ്പിച്ച കൗതുകം.....

വിഷാദങ്ങള്‍ വല കെട്ടുന്ന
ഒറ്റമരച്ചില്ലയില്‍
സാന്ത്വന സ്പര്‍ശത്തിന്റെ
തേജോമയ ഭാവം.....
കാഴ്ചയ്ക്കു വെളിയിലെ
കിനാപക്ഷിയുടെ കൂട് തേടുന്ന
സ്വപ്ന സഞ്ചാരി.....

കഥയായി കവിതയായി
കദന കുടീരങ്ങളില്‍ പെയ്യുന്ന,
ഉത്തരമില്ലാത്ത ചോദ്യങ്ങളായി
നിദ്രകളെ തടവിലാക്കുന്ന, അടുത്തു നില്‍ക്കുമ്പോള്‍ തന്നെ
അകന്നുപോകുന്ന,
നവരസങ്ങള്‍ തേടുന്ന യാത്രയ്ക്ക്
ഹരം പകരുന്ന മാന്ത്രികതയുടെ
അമൂര്‍ത്ത പ്രഭാവം...
-------------------------------------------------
©saiga-dileep
manas-saiga-dileep-malayalam-kavitha-poem

Post a Comment

2 Comments