പ്രതികരണം | കഥ | സനോജ് സജി

Sanoj-Saji


'സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയം കൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി'  
(മത്തായിയുടെ സുവിശേഷം 5:28)

പതിവു പോലെ സമീറ മുറ്റം തൂക്കാന്‍ ഇറങ്ങിയും ഇങ്ങോട്ടും നോക്കി വെള്ളം ഒലിപ്പിച്ച് ഉല്ലാസ് അവിടെ നില്‍പ്പുണ്ടായിരുന്നു.

 'ഈ ചെറുക്കനിതു എന്തിന്റെ കേടാണ് '
മനസ്സില്‍ പിറുപിറുത്തു കൊണ്ട് സമീറ ഷാളെടുത്ത് തന്റെ കഴുത്തും മാറും മറച്ചു കൊണ്ട് തൂക്കാന്‍ ആരംഭിച്ചു.

ഉല്ലാസ് ഒരു കുലുക്കവും ഇല്ലാതെ സമീറയെ തന്നെ നോക്കി നിന്നു .
ഉല്ലാസിന്റെ നോട്ടം കണ്ടു കൊണ്ട് സമീറ പരിഭ്രമത്തോടെ ഒന്നുകൂടി നിവര്‍ന്ന് ഷാള്‍ പരിശോധിച്ചു.

' .ഇല്ല, ഒരു പൊടി പോലും പുറത്ത് കാണില്ല '
അവള്‍ ഉറപ്പു വരുത്തി വീണ്ടും തൂക്കാന്‍ ആരംഭിച്ചു. തൂക്കുന്നതിനിടയില്‍ അവള്‍ ഏറ് കണ്ണിട്ട് നോക്കുമ്പോഴും ഉല്ലാസ് ആ നില്‍പ്പ് തന്നെ നില്‍പ്പുണ്ട്. തന്റെ ശരീരമാകെ അവന്റെ കണ്ണുകള്‍ ഓടി നടക്കുന്നത് അറിഞ്ഞിട്ട് അവളുടെ ഉള്ളൊന്ന് പൊള്ളി.

'പടച്ചോനെ ........ ഈ ഇബിലീസ് പിടിച്ച ചെറുക്കന് എന്തിന്റെ സൂക്കേടാണ് ........'
  മനസ്സില്‍ പ്രാകി കൊണ്ടവള്‍ ജോലി തുടര്‍ന്നു.
ഉല്ലാസിനേക്കാള്‍ 10 വയസ്സിലധികം മൂത്തതാണ് സമീറ. പോരാത്തതിന് 3 കുട്ടികളുടെ അമ്മയും . എന്നിട്ടും ഉല്ലാസിന് സമീറയോടുള്ള കൊതിയ്ക്ക് ഒരു അറുതിയും വന്നില്ല.

ആദ്യമൊക്കെ സമീറ കരുതിയത് പ്രായത്തിന്റെ പക്വത ഇല്ലായ്മ ആണെന്നാണ്. പക്ഷെ നാളുകള്‍ കഴിഞ്ഞിട്ടും ഉല്ലാസിന്റെ കണ്ണുകള്‍ ഒരു വേട്ടക്കാരനെ പോലെ അവളെ വേട്ടയാടി കൊണ്ടേ ഇരുന്നു.

മുറ്റം തൂക്കുമ്പോള്‍ , തുണിയലക്കുമ്പോള്‍ തുടങ്ങി വീട്ടിലെ ഓരോ മുക്കിലും മൂലയിലേക്കും അവളെത്തേടി അവന്റെ കണ്ണുകള്‍ വന്നുകൊണ്ടേ ഇരുന്നു.
 ശാരീരികമായി മാത്രമല്ല സ്ത്രീ പീഡിപ്പിക്കപെടുന്നത്, പുരുഷന്റെ കാമം നിറഞ്ഞ കണ്ണുകളും പലപ്പോഴും സ്ത്രീയെ പീഡിപ്പിച്ചുകൊണ്ടേ ഇരുന്നു.
   ഭര്‍ത്താവിനപ്പുറത്തേക്ക് ഒരു പുരുഷ ശരീരത്തോടും സമീറയ്ക്ക് പ്രീയം തോന്നിയതേ ഇല്ല. എന്നിട്ടും അവളെ തേടി പല കഴുകന്‍ കണ്ണുകളും വന്നുകൊണ്ടേ ഇരുന്നു. അതില്‍ അവളെ ഏറ്റവും കൂടുതല്‍ കുത്തി നോവിച്ചത് ഉല്ലാസ് ആയിരുന്നു.

പല തവണ അവള്‍ ഭര്‍ത്താവിനോട് പറയാന്‍ തുനിഞ്ഞതാണ്.

'പയ്യനല്ലെ, അവന്റെ ഭാവി എന്താകും എന്നോര്‍ത്തവള്‍ സ്വയം വിലക്കി '
വീടിനു ചുറ്റും മതില്‍ കെട്ടി ഈ നോട്ടത്തെ മറികടക്കാന്‍ അവള്‍ ശ്രമിച്ചു. പക്ഷെ അതുമൊരു പാഴ്ശ്രമമായിരുന്നു. അതിലും ഉയര്‍ന്ന സ്ഥലങ്ങളിലൂടെ അവന്റെ കണ്ണുകള്‍ അവളെ തേടിയെത്തി.

മറ്റുള്ളവരുട മുമ്പില്‍ മാന്യത ചമയുന്ന ഉല്ലാസ് തന്റെ മുമ്പില്‍ ഒരു ലൈഗിംക മനോരോഗിയായി മാറുന്നത് അവള്‍ അറിഞ്ഞു. ഇതുവരെ തുളച്ചുകയറുന്ന നോട്ടം കൊണ്ടാണ് അവന്‍ തന്നെ വേട്ടയാടിയിരുന്നതെങ്കില്‍ ഇന്നവന്‍ തന്റെ പുരുഷത്വത്തിന്റെ വലിപ്പം സമീറയ്ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവളുടെ മുമ്പില്‍ അവന്‍ പല ചേഷ്ടകള്‍ ആരംഭിച്ചതും അവള്‍ ഒരു ഞെട്ടലോടെ അവിടെ നിന്നും ഓടി മാറി.

അവള്‍ നേരെ പോയത് പ്രാര്‍ത്ഥന മുറിയിലേക്കാണ്. കുറച്ച് നേരം ഖുറാന്‍ ഓതി പ്രാര്‍ത്ഥിച്ച ശേഷം അവള്‍ പുറത്തേക്ക് ഇറങ്ങിയത് കുറച്ച് ഉറച്ച തീരുമാനങ്ങളുമായാണ് .

'കാമക്കൊതിയോടെ തന്റെ നേരെ ഉയരുന്ന കണ്ണുകള്‍ക്കൊന്നും താനല്ല ഉഞ്ഞരവാദി. അത്തരത്തില്‍ ആഗ്രഹിക്കുകയും നോക്കുകയും ചെയ്യുന്നവര്‍ക്കള്ളില്‍ ആണ് കുഷ്ഠം  ബാധിച്ചിരിക്കുന്നത്. പെരുമാറ്റം കൊണ്ടോ വസ്ത്രം കൊണ്ടോ ഒരു പരപുരുഷനേയും താന്‍ മോഹിപ്പിച്ചിട്ടില്ല. ഇനിയും തന്റെ മേല്‍ പതിയുന്ന കാമകണ്ണുകള്‍ക്ക് മേല്‍ തോറ്റ് ഒതുങ്ങി കൂടാനും താന്‍ ഒരുക്കമല്ല.

ഉറച്ച തീരുമാനങ്ങള്‍ കുറേക്കൂടി അവളെ സുന്ദരി ആക്കി മാറ്റി.
അടുത്ത ദിവസം അവള്‍ മുറ്റം തൂക്കാന്‍ എത്തുമ്പോഴും ഉല്ലാസ് അവിടെ തന്നെ നില്‍പ്പുണ്ടായിരുന്നു. അവള്‍ നിവര്‍ന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കിയതും ഒരു ലോക തോല്‍വിയെപ്പോലെ അവന്‍ മുഖം താഴ്ത്തി . അവള്‍ നേരെ ഉല്ലാസിന്റെ വീടിന്റെ ഗേറ്റും തുറന്ന് മുറ്റത്തെത്തി. അപ്പോഴും അവളെ നേരിടാന്‍ ആകാതെ തല താഴ്ത്തി നില്‍ക്കുകയായിരുന്നു ഉല്ലാസ്.

' ഗോപാലന്‍ ചേട്ടാ .....

ശ്രീകല ചേച്ചി ....... '

സമീറ അകത്തേക്ക് നോക്കി വിളിച്ചു. ഉല്ലാസിന്റെ അച്ഛനും അമ്മയും വിളി കേട്ട് പുറത്ത് വന്നതും സമീറ ഉല്ലാസിന്റെ കുപ്പായത്തില്‍ ചേര്‍ത്ത് കുത്തി പിടിച്ചു. മത്സരം തുടങ്ങുന്നതിന് മുമ്പേ തോല്‍വി സമ്മതിച്ചവനെപ്പോലെ ഉല്ലാസ് തളര്‍ന്ന് നിന്നു.

ഒട്ടും താമസിക്കാതെ കരണം നോക്കി രണ്ട് പൊട്ടിച്ചു. പ്രതീക്ഷിക്കാത്ത ആക്രമണത്തില്‍ ഒന്നും ചെയ്യാന്‍ ഇല്ലാതെ ഉല്ലാസ് തല കുനിച്ച് നിന്നു.
ഒന്നും മനസിലാകാതെ അവന്റെ മാതാപിതാക്കള്‍ മുഖത്തോട് മുഖം നോക്കി നിന്നു.

  'എന്താന്നു കാര്യം എന്ന്  ഇവനോട് ചോദിച്ചാല്‍ മതി ........ പോട്ടേടാ ചള്ളു ചെക്കാ '

ഇത് പഴയ താന്‍ തന്നെ ആണോ എന്ന് സമീറയ്ക്ക് തന്നെ സംശയം ഉണ്ടായിരുന്നു. ഷാള്‍ തലയില്‍ ശരിക്കിട്ട് ഉയര്‍ത്തി പിടിച്ച മുഖത്തോടെ അവള്‍ വീട്ടിലേയ്ക്ക് നടന്നു.
____________________
© sanoj saji
prathikaranam-malayalam-story-short-story-sanoj-saji

Post a Comment

1 Comments