തേനീച്ച ♦ രാജേഷ് പനയന്തട്ട



മധുരമാതളക്കനി നിറഞ്ഞതാം  
തൊടിയിലെച്ചെറു മരത്തിന്‍ ചില്ലയില്‍  
നിറയെത്തേനീച്ച വസിക്കും കൂടൊന്നു-
ണ്ടതിനറകളില്‍  നിറയെത്തേന്‍തുള്ളി  
വരിവരിയായി അതില്‍ പറ്റിപ്പിടി-
ച്ചിരിക്കുമീച്ചകള്‍ സദാ മൂളും രാഗം 
കതിരവന്‍ വാനിലുദിച്ചുയരവേ 
പറക്കയായവര്‍ ചെറുകൂട്ടമായി 

മധുകണം തേടിച്ചിറകുകള്‍ വീശി 
പതിയെക്കൂട്ടമായ് പലപുഷ്പങ്ങളില്‍ 
പരാഗരേണുവും പകര്‍ന്നു തേനൂറും
മധുരഗാനമായ്  പറന്നകലവേ  
ഉണരുന്നൂ  ഓരോ ചെറു സൂനത്തിലും 
പരാഗണത്തിന്റെ  ജഗത് ജീവ മന്ത്രം   

ചെറിയ ജീവിതം കനിഞ്ഞു നല്‍കിയ   
പ്രകൃതിതന്‍ ജീവരസതന്ത്രത്തിന്റെ 
നടനതാളമായ് അലിഞ്ഞീടുന്നവര്‍ 
സദാ കര്‍മ്മമന്ത്രമുരുവിടുന്നവര്‍

നിറയെ ജീവിതം നയിക്കുവാനുള്ളോര്‍   
അലസരായ് മൂടിപ്പുതച്ചുറങ്ങുമ്പോള്‍ 
ചെറിയ ജീവിതം പൊഴിഞ്ഞിടും മുമ്പേ 
ചെറുതുള്ളി കൂട്ടിക്കരുതിവെക്കുവാന്‍ 
വരും തലമുറയ്ക്കറകളിലെന്നും 
സമൃദ്ധമായ് മധു നിറച്ചുവെയ്ക്കുവാന്‍ 
പകല്‍ മുഴുവനും മകരന്ദം  തേടീ 
ചെറിയ ജീവികളിവരലയുന്നൂ

മധുര മാതളച്ചെറുമരത്തിലേ 
മധുനിറഞ്ഞോരീ ചെറിയകൂട്ടിലെ 
മധുരമൂറുന്ന മധുപജീവിതം
മനോജ്ഞമാം ഐക്യമനസ്സിന്‍ ഗീതിക   
മധുരമാനന്ദരഹസ്യത്തിന്‍ പൊരുള്‍ 
മധുരമായ് മുമ്പില്‍ വരച്ചു വെക്കുമ്പോള്‍  
മനമതിലെന്നും തെളിയണമെത്ര 
മധുരമീ ജന്മം  അതിന്‍  രഹസ്യവും ....!

--------------------------------

© rajesh panayamthatta


Post a Comment

2 Comments

  1. അഭിനന്ദനങ്ങൾ... മനോഹരം വരികൾ

    ReplyDelete
  2. ചിന്തനീയം

    ReplyDelete