എന്നുള്ളില്‍ ബുദ്ധപൂര്‍ണ്ണിമയാണെന്നും
അഷ്ടമാര്‍ഗ്ഗങ്ങള്‍ കായ്കളായ് തിങ്ങിടും
ബോധിമാമരമുണ്ടുള്ളില്‍ സത്യമായ്.
നിന്‍മഹാപരിത്യാഗമെന്നോര്‍മ്മയില്‍
നീലയാകാശംപോലെ കിടക്കുമ്പോള്‍,
ആ വഴി പിച്ചവെക്കുവാന്‍ വയ്യാത്ത
പിഞ്ചുകുഞ്ഞാണു ഞാനെന്നുമോര്‍ക്കുക.
എങ്കിലും ബുദ്ധാ ! ശലഭമായ് മാറി നീ
എന്റെ ചുറ്റും പറന്നുകളിക്കുമോ ?
മേഘനീലപ്പൂവായ് വിടരുമോ?
എന്റെ കണ്ണില്‍ തുടുത്തു നീ നില്‍ക്കുമോ ?
സ്‌നേഹവെള്ളരിപ്രാവായ് കുറുകിയെന്‍
തോളിലായ് വന്നൊതുങ്ങിയിരിക്കുമോ ?
കണ്ണിലൂറിക്കിടക്കും നദിയിലായ്
എന്റെയുള്ളം സ്‌നാനപ്പെടുത്തുമോ ?
ഇന്നിരുള്‍മാത്രമാണന്റെ ബോധത്തില്‍ ,
കാട്ടുപക്ഷികള്‍ ചേക്കേറും ചില്ലകള്‍.,
വയ്യെനിക്കീ കൊടും കാടുകള്‍ താണ്ടുവാന്‍
വയ്യ! ദുര്‍ഘടപാതയില്‍ മുള്ളുകള്‍ .
ബുദ്ധാ നീയൊരു ഗുഹയായ് മാറുമോ ?
എന്നെയുള്ളിലൊളിച്ചൊന്നിരുത്തുമോ ?
ലോകമേകുമിരുളില്‍ വളര്‍ന്ന ഞാന്‍
സ്‌നേഹകാരുണ്യക്കടംകേറി മൂടട്ടെ !
---------------------------------------------------
©vinod v dev
vinod-v-dev-malayalam-poem-budha-guha-malayalam-kavitha
1 Comments
നീലയാകാശം പോൽ പരന്നു കിടക്കുന്ന ബുദ്ധസത്യത്തിനു മുന്നിൽ മനുഷ്യൻ ഒരു ശിശുവാണ്.ദുരിത ലോക കാഴ്ചകൾ കാണാനാവാതെ ബുദ്ധൻ്റെ ഉള്ളിൽ ഒളിച്ചിരിക്കാൻ മോഹിക്കുന്നു കേവല മനുഷ്യൻ
ReplyDelete