കള്ളക്കഥ | കവിത | മനുകൈരളി

© Manu Kairali
...........................

ഒരിയ്ക്കല്‍
ഒരു ഹൃദയം,
വിഷാദച്ചുവയുള്ളൊരു 
കഥയെ 
പെട്ടിയിലൊളിപ്പിച്ച്
താക്കോലിട്ട് പൂട്ടി
നദിയിലൊഴുക്കി വിട്ടു.
നദി
ഒഴുകിത്തീരാത്ത
ഭൂമിയിലാകെ
വീര്‍പ്പുമുട്ടി
വേര്‍ത്തൊലിച്ച്
തീരമണഞ്ഞു,
ഹൃദയമപ്പോള്‍
മരിച്ചുപോയിരുന്നു,
ഒരു യുവാവ്
കഥയെ തുറന്ന്
നാവിന്റെ തുമ്പില്‍ കെട്ടിയിട്ടു.
കഥ ജീവിതത്തിന്റെ
കയ്പ്പും മധുരവുമറിഞ്ഞു.
നാക്ക് വടിച്ചന്ന്

അയലത്തെ തോട്ടില്‍
ഇറുക്ക് വള്ളത്തില്‍
വീണ്ടും കടല്‍ കാണാന്‍ പോയ്..
വെള്ളത്തില്‍ നിന്ന്
വെള്ളത്തിലേയ്ക്കുള്ള
പ്രതീക്ഷയാണ് ജീവിതമെന്ന്
കള്ളക്കഥയ്ക്ക്
കിന്നാരം പറയാന്‍ തോന്നി.
കഥ തോട്ടുമീനിന്റെ
ചൂണ്ടക്കൊളുത്തായി
നാവു വടിച്ചവന്റെ
ഉമിനീരിനൊപ്പം 
ആഴത്തിലാഴത്തില്‍
എരിവായി
മലമായി
ജലമായി.

Post a Comment

0 Comments