കേട്ടുതഴമ്പിച്ചയാ പാട്ടിന്റെ
വരികളുടെ
അരികുപറ്റിയൊരു
പതിവു പാതകള്‍ പിന്നിട്ട്
പലരോടും
ഇടയ്ക്ക് കുശലം ചോദിച്ച്
ഓര്‍മകളുടെയാ
ഒറ്റത്തുരുത്തിലെത്തി..
ഒരു ഞൊടിയിട എന്നിലെ
യൗവ്വനം
ബാല്യത്തിലേക്കൊന്നു
തിരിഞ്ഞോടി..
പെട്ടെന്നു ചിരിക്കുന്ന..
തൊട്ടാല്‍ കരയുന്ന
പകല്‍സ്വപ്നം കണ്ടു നേരം
കളയുന്ന
പണ്ടത്തെയതേ
പൊട്ടിപ്പെണ്ണിലേയ്ക്ക് ..
നിന്നെക്കുറിച്ച്
ഓര്‍ക്കുമ്പോഴൊക്കെ
മനസ്സിലേക്കോടി
എത്തുന്ന 'കിസാന്‍വാണി'
യുടെയും
'വയലും വീടിന്റെയും '
പശ്ചാത്തല സംഗീതം
അപ്പോഴവിടെയൊക്കെ
അലകളുയര്‍ത്തി..
മുറുക്കിചുവപ്പിച്ച ചുണ്ടുകളില്‍
ബീഡിപ്പുകയുടെ
ചുരുളുകള്‍ക്കിടയില്‍
നീയെനിക്കായി
കാത്തുവയ്ക്കാറുള്ള
അതേ പുഞ്ചിരി ഞാന്‍ വീണ്ടും
കണ്ടു..
അവിടെ ഞാന്‍ നിന്നോടു
കളിപറഞ്ഞു..
നീയെനിക്കൊരായിരം കഥ
പകര്‍ന്നു...
പണ്ടത്തെപ്പോലെ
നീയെന്നെ തോളിലെടുത്തു..
പല പല കാഴ്ചകളും കാട്ടിത്തന്നു..
പെട്ടെന്ന് ;
ഹൃദയത്തിലമ്മയുടെ
മുഖമെരിഞ്ഞു.
കാതുകളിലമ്മയുടെ വിളി
ഉയര്‍ന്നു...
മനസ്സില്ലാമനസ്സോടെ
എന്നിലേക്കു ഞാന്‍ മടങ്ങാന്‍
നേരം
പ്രതീക്ഷിക്കാതെ നീയെനിക്കൊരു
സമ്മാനം നല്‍കി ;
എന്റെ ഓര്‍മ്മയുടെ
അവസാന കണികയില്‍പ്പോലും
ഇല്ലാതിരുന്ന
വാത്സല്യം മണക്കുന്ന
നിന്റെയൊരു ചുംബനം..
ഒപ്പം
ഒരിറ്റു കണ്ണീര്‍തുള്ളിയുടെ
നനവും..
ഒരുപക്ഷെ
പറഞ്ഞുകേള്‍ക്കാറുള്ളതുപോലെ
അമ്മയ്ക്കും മുന്നേ
നീയായിരിക്കാം എന്നെ
ചുംബിച്ചു തുടങ്ങിയത്..
പിരിഞ്ഞുപോരും നേരം
ഞാന്‍ തിരിഞ്ഞു നോക്കിയില്ല..
എനിക്കറിയാം നീയപ്പോഴും കരയുകയായിരിക്കുമെന്ന്..
പക്ഷെ നിറഞ്ഞതു
നിന്റെ
കണ്ണാണെങ്കിലും
ആ നനവുപടര്‍ന്നത് എന്റെ കവിളിലായിരുന്നല്ലോ..
എനിക്ക്
ഇപ്പോഴും മനസ്സിലാകുന്നില്ല.. ;
ഞാനും
കരയുകയായിരുന്നോ..?
© ammu soumya
4 Comments
മനോഹരം
ReplyDeleteസ്നേഹം 💚
Deleteവളരെ നന്നായിട്ടുണ്ട് 👌
ReplyDeleteThank uuu soo much.. 😍😍
Delete