വാര്‍ദ്ധക്യപുരാണം | വിനോദ് ശ്രീധര്‍ ആനയറ

vinodh-sreedhar-anayara


കാലമിരുണ്ടാളുമീ-
യപരാഹ്നത്തിലിന്നു
കാലൊച്ചയില്ലാതെ നീ 
വന്നുവോ ധര്‍മ്മദേവാ
ഉള്ളാലേയറിഞ്ഞൂ നീ 
ഉള്ളിന്റെയുള്ളില്‍ കത്തും
ഉഗ്രമാ മഗ്‌നിയാലേ 
എരിഞ്ഞൂ തീരുമെന്നെ
വൃദ്ധ മാനസ്സമിന്നു 
ഹര്‍ഷാലേ വന്ദിക്കുന്നൂ
വൃത്തിയില്‍ ചമഞ്ഞു 
ഞാനെത്രയായ് കാത്തിരിപ്പൂ
വ്യാകുലപ്പെടാനായി 
ഉറ്റോര്‍ക്കു നേരമില്ല
വ്യാകുല ചിത്തനായി 
നാളെണ്ണിക്കഴിക്കുന്നൂ
ഉത്തമാംഗത്തില്‍ കാലം 
നരയാല്‍ വരച്ചിട്ടൂ
ഉച്ഛിഷ്ടമാകുന്നൊരീ-
യവ്യക്ത ഭാവി ചിത്രം
പോറ്റിയ മക്കള്‍ താനേ 
പുറന്തള്ളീടും നേരം
പോര്‍ക്കളം തുറക്കുവാന്‍ 
കരുത്തില്ലാതേ മനം
തളര്‍ന്നു പോയീടുന്നൂ 
പാദങ്ങളിടര്‍ച്ചയാല്‍
തല്‍ക്ഷണം വീണീടുന്നൂ 
താങ്ങുവാനില്ലാ കൈകള്‍
ഏകനായീടും നേരം 
ഓര്‍മ്മകളുണര്‍ത്തുമ്പോള്‍
ഏകകം സ്‌നേഹത്തിന്നായ് 
ഉണ്ടെങ്കിലോര്‍ത്തീടുന്നൂ
നേരമില്ലുണ്ണിക്കൊട്ടും 
താതനെ പാലിക്കാനായ്
നേരത്തേയാലയത്തില്‍ 
പാര്‍പ്പിച്ചു പോയീടുന്നൂ
വ്യാഴവട്ടക്കാലമായ് 
തിരക്കീട്ടില്ലിത്ര നാള്‍
വ്യാധിയാല്‍ മരിച്ചുവോ 
ആധിയാലൊടുങ്ങിയോ
ഈ പടി കടക്കോളം 
നാഥനുണ്ടായീരുന്നോര്‍
ഇവ്വിധമനാഥരായ് 
മാറുന്നിതിന്ദ്ര ജാലം
ആര്‍ക്കായിട്ടാണീ ജീവന്‍ 
ശേഷിപ്പതിന്നിനിയും 
ആര്‍ദ്രതയില്ലാത്തൊരീ 
ലോകത്തിന്‍ സന്തതിയായ്
സഹര്‍ഷം ഗമിച്ചീടാം 
അങ്ങയോടൊന്നിച്ചിതാ
സന്തതമന്യ ലോകം 
പൂകീടാം സദാഗതീ.
---------------------------
© vinodh sreedhar anayara

Post a Comment

1 Comments