എത്ര നാളായി താന്‍ ഇവിടെ എത്തിയിട്ട്... ഇന്നേതാണ് ദിവസം... ആലോചിച്ച് ഒരെത്തും പിടിയും കിട്ടുന്നില്ല... അല്ലെങ്കില്‍ തന്നെ ഇനി അറിഞ്ഞിട്ടെന്തിനാ... ഇനിയെത്ര നാള്‍ ഇങ്ങനെ കിടക്കണം എന്നും പോലും നിശ്ചയമില്ലല്ലോ... അയാള്‍ പതിയെ കണ്ണുകള്‍ അടച്ചു...
അനിയേട്ടാ... അനിയേട്ടാ... അവള്‍ തട്ടി വിളിച്ചു... എന്തൊരുറക്കമാണ്... എത്ര നേരമായി ഞാന്‍ കാത്തിരിക്കുന്നു... അവള്‍ പരിഭവിച്ച് കവിളില്‍ വിരലു കൊണ്ട് കുത്തി... പിന്നെ ചൂടുള്ള കട്ടന്‍ കാപ്പി തന്നു... ഒരു തരി പഞ്ചസാരയില്ല... എന്തു കോലമാണ് വീട്... എത്ര ഭംഗിയായി അടുക്കി വെച്ചിരുന്നതാണ്... അയയിലും ബെഡ്ഡില്‍ പോലും മുഷിഞ്ഞ വസ്ത്രങ്ങള്‍... തറയില്‍ നിറയെ ബീഡി കുറ്റികള്‍... അതിനിടയില്‍ അപൂര്‍ണ്ണമായ അതിമനോഹരമായ ഒരു നാരീ ചിത്രം.... ആ ചിത്രത്തിന്റെ കണ്ണുകള്‍... അത് തന്റേതു തന്നെയാണോ... അടുക്കി വെക്കുന്നതിനിടയില്‍ അവള്‍ ആ ചിത്രത്തിലേക്ക് കുറച്ചു നേരം നോക്കി നിന്നു... പിന്നെ പതിയെ ചാരു കസേരക്ക് പുറകില്‍ നിന്നും കഴുത്തിലൂടെ കൈകള്‍ ചേര്‍ത്ത് തന്റെ തല പുറകിലേക്ക് ചായ്ച് നെറ്റിയില്‍ ഉമ്മ തന്നു...
അവള്‍ വാതോരാതെ സംസാരിച്ചു കൊണ്ട് ഒതുക്കി വെക്കലുകള്‍ തുടര്‍ന്നു... പിന്നെ നല്ല കുത്തരി ചോറും പരിപ്പ് കുത്തിക്കാച്ചിയും കാന്താരി മുളക് കൊണ്ട് ചമ്മന്തിയും ഉണ്ടാക്കി.. ചാരുകസേരയില്‍ നിന്നും എഴുന്നേല്‍ക്കാതെ അവളുടെ ഓരോ ചലനവും ആസ്വദിച്ചു കൊണ്ടിരുന്ന തന്നെ... ഉന്തി തള്ളി കുളിമുറിയില്‍ കയറ്റി... എണ്ണ തേക്കാത്ത, ചീകുക പോലും ചെയ്യാത്ത മുടിയില്‍ തണുത്ത വെള്ളം ഒഴിച്ചപ്പോള്‍ കോരിത്തരിച്ചു പോയി... അവളുടെ അരക്കെട്ടില്‍ കൈകള്‍ ചേര്‍ത്ത് നെഞ്ചോട് ചേര്‍ത്തു.. പിന്നെ പതിയെ അണിവയറില്‍ ഉമ്മ വെച്ചപ്പോള്‍ അവള്‍ ഉള്‍പ്പുളകത്തോടെ... തന്നിലേക്ക്... കുളിര്‍മ്മയുള്ള കോടമഞ്ഞില്‍ കാറ്റില്‍ സംഗീതം പോലെ... ഒന്നായ് അലിഞ്ഞു ചേര്‍ന്നു....
അനിരുദ്ധന്‍... എങ്ങിനെയുണ്ട്... ഉറക്കം കിട്ടുന്നുണ്ടോ... ഡോക്ടറും നേഴ്‌സുമാരുമായി ഒരു പടയുണ്ട്... സുഖശീതളമായ ആ ചിന്തയില്‍ നിന്നും ഒരു നഷ്ടബോധത്തോടെ ഉണര്‍ന്ന് അയാള്‍ പതിയെ കണ്ണുകള്‍ തുറന്നു...ചിരിക്കാന്‍ ശ്രമിച്ചു... അല്ലെങ്കില്‍ തന്നെ തന്റെ ചിരിക്കും അഭിപ്രായത്തിനും എന്താണ് പ്രസക്തി... പതിവ് ചടങ്ങുകള്‍ തീര്‍ത്ത് മടങ്ങുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു... തിരിച്ചു പോകണ്ടേ... കുറെ നാളായി താന്‍ ഇവിടെ എത്തിയിട്ട്.... മാളു വരാറില്ലേ... ഞങ്ങളുടെ അന്വേഷണം പറയണം... ഡോക്ടര്‍ നാടീമിടിപ്പ് പരിശോധിക്കുന്നതിനിടയില്‍ പറഞ്ഞു.. മാളു... തന്റെ കണ്ണുകള്‍ വിടര്‍ന്നതും മുഖത്തെ തിളക്കവും കണ്ടിട്ടാവണം.... അവര്‍ തമ്മില്‍ എനിക്ക് മനസ്സിലാകാത്ത ഏതോ ഭാഷയില്‍ സംസാരിച്ചുവോ....?
എന്നായിരുന്നു മാളുവിനെ ആദ്യമായി കണ്ടത്.... അതെ ദേശീയ ചിത്രപ്രദര്‍ശനത്തില്‍ വെച്ച്... ഡെല്‍ഹി കരോള്‍ ബാഗ്ഗ് പ്രദര്‍ശനത്തിന് എന്നെപ്പോലെ രണ്ടോ മൂന്നോ പേര്‍ മാത്രമായിരുന്നു.. മലയാളികള്‍... കൂട്ടുകാരിയോടൊപ്പം പ്രദര്‍ശനം വീക്ഷിക്കാന്‍ വന്ന ആ കുട്ടിയെ അപ്പോള്‍ തന്നെ ശ്രദ്ധിച്ചിരുന്നു... രണ്ടു വശത്തേക്കും മുടിപിന്നിയിട്ട, ചെറിയ പൊട്ടുതൊട്ട ശാലീന സുന്ദരി... പലതവണ പ്രദര്‍ശന ഹാള്‍ ചുറ്റി നടന്ന് അവള്‍ തന്റെ ചിത്രത്തിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് തുടക്കം... സെക്യൂരിറ്റി ഫോട്ടോ എടുക്കുന്നത് അനുവദനീയമല്ല എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും അവള്‍ ഫോട്ടോ എടുക്കണം... എന്ന് വാശി പിടിച്ചു.... അവിടെ വില്‍പന ഇല്ലാത്തതിനാല്‍ വാങ്ങുവാനും സാധിക്കില്ലായിരുന്നു.... അവസാനം അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം തന്നെ അവള്‍ക്ക് സമ്മാനിക്കുമ്പോള്‍ എന്തിനോ തന്റെ ഉള്ളം തുടിച്ചിരുന്നു...
കുറെ നാളുകള്‍ക്കു ശേഷം ഒരു ഞായറാഴ്ച തലേന്നത്തെ ഹാങ് ഓവറില്‍ ഉറങ്ങുമ്പോഴായിരുന്നു.അവളുടെ ഫോണ്‍ വരുന്നത്... ഒപ്പം കോളിംഗ് ബെല്ലും കേള്‍ക്കുന്നുണ്ടായിരുന്നു... പതിയെ എഴുന്നേറ്റ് വാതില്‍ തുറന്നപ്പോള്‍ നിറ പുഞ്ചിരിയോടെ അവള്‍... അനുവാദം ചോദിക്കാതെ അകത്ത് കയറിയിരുന്നത് തന്റെ ഹൃദയത്തിലേക്കായിരുന്നു...
പിന്നെ പിന്നെ ഓരോ ഞായറാഴ്ചയും അവള്‍ക്കുള്ളതായിരുന്നു... അത് പിന്നേയും അകലം കുറഞ്ഞു കുറഞ്ഞ്, അടുത്തുള്ള ദേവീ ക്ഷേത്രത്തില്‍ പോയി ഒരു മാലയിട്ട് ഞങ്ങളുടെ സ്വര്‍ഗ്ഗ തുല്യമായ ജീവിതം തുടങ്ങി ... തന്റെ കുടുസ്സുമുറിയും വൃത്തികെട്ട ചേരിയിലെ താമസവും ഒന്നും അവള്‍ക്ക് ഒരു പ്രശ്‌നമായിരുന്നില്ല.... എത്ര പെട്ടെന്നാണ് അവള്‍ ഞങ്ങളുടെ സ്വര്‍ഗ്ഗം തീര്‍ത്തത്. ലക്ഷ്മീ നഗര്‍ ആശുപത്രിയില്‍ നേഴ്‌സായിരുന്നു അവള്‍... ഷിഫ്റ്റ് ഡ്യൂട്ടിക്ക് പോയി വരുവാനുള്ള ബുദ്ധിമുട്ട് മാത്രമായിരുന്നു ഏക ബുദ്ധിമുട്ട്.... വളരെ സന്തോഷകരമായ ജീവിതത്തില്‍ എന്റെ ചിത്രങ്ങളുടെ ഛായക്കൂട്ടുകള്‍ അവളുടേതു കൂടെയായിരുന്നു... അവള്‍ ജോലിക്ക് പോകുന്ന യാമങ്ങള്‍ എനിക്ക് ശൂന്യത നിറഞ്ഞ വല്ലാത്തൊരു ഏകാന്തത സമ്മാനിച്ചു...
രാത്രി ഷിഫ്റ്റിനിടക്ക് പതിവു പോലെ തിരക്കൊഴിഞ്ഞപ്പോള്‍ അവള്‍ വിളിച്ചു.... കുറേ നേരം സംസാരിച്ചു... എത്ര സംസാരിച്ചിട്ടും മതിയാവുന്നുണ്ടായിരുന്നില്ല... ഇന്ന് വലിയൊരു സര്‍പ്രൈസ് ഉണ്ട്... തനിക്കായി കാത്തിരിക്കാന്‍ പറഞ്ഞാണ് അവള്‍ ഫോണ്‍ വെച്ചത്.... പതിവു പോലെ അതിരാവിലെ ബസ്സ് സ്റ്റോപ്പില്‍ നിന്നും വിളിക്കാന്‍ ചെന്നു.... റോഡിനപ്പുറം ആശുപത്രിയുടെ വാനില്‍ നിന്നും ഇറങ്ങി റോഡ് ക്രോസ്സ് ചെയ്യുമ്പോള്‍ അതിവേഗം വന്ന ഒരു ഓമ്‌നി വാന്‍ അവളെ വലിച്ചകത്തിട്ട് മുന്നോട്ട് കുതിച്ചു.... കണ്‍മുമ്പില്‍ നിന്നും തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയിട്ടും ഒന്നും ചെയ്യുവാനാകാതെ അലറിക്കരഞ്ഞു.... രണ്ട് ദിവസം മുഴുവന്‍ പോലീസ് സ്റ്റേഷനില്‍... എന്തെങ്കിലും ഒരു വിവരം... അവസാനം അവള്‍ ജോലിചെയ്യുന്ന അതേ ആശുപത്രിയില്‍ അവളെ അത്യാസന്ന നിലയില്‍ പ്രവേശിപ്പിക്കപ്പെട്ടു.... ചോരയില്‍ കുതിര്‍ന്ന് ഒരു ജീവശ്ചവമായി അവള്‍.... ദിവസങ്ങള്‍ക്ക് ശേഷമാണ് അവള്‍ക്ക് ബോധം തെളിഞ്ഞത്... അവളുടെ കൈയില്‍ മുറുകെ പിടിച്ച് സമാശ്വസിപ്പിക്കുമ്പോള്‍ അവള്‍ ചോദിച്ചു...നമ്മുടെ കുഞ്ഞ്.... അവളുണ്ടോ എന്നോടൊപ്പം... നിറകണ്ണുകളോടെ അതൊന്നും സാരമില്ല എന്ന് പറഞ്ഞ്... മറുകൈ കൊണ്ട് തലയില്‍ തലോടുമ്പോള്‍ അവള്‍ വല്ലാതെ വിങ്ങി വിങ്ങി കരഞ്ഞു... പിന്നെ പതിയെ നിത്യശാന്തമായ ഉറക്കത്തിലേക്കാണ്ടു പോയി....
അയാള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.... കണ്ണുകളില്‍ നിന്നും ഒഴുകുന്ന മിഴിനീര്‍ അഗ്‌നി പോലെ പൊള്ളുന്നതായിരുന്നു.പിന്നെ ബലം പിടിച്ച് പതിയെ എഴുന്നേറ്റു... ചങ്ങലയിട്ട കാലുകള്‍ പതിയെ നിരക്കി... ചുമരിനരികെ അപൂര്‍ണ്ണമായ ചിത്രത്തിനരുകിലേക്ക്.
ആ ചിത്രത്തില്‍ അവന്റെ മാളുവിനെ കണ്ടു... പതിയെ ഒരിക്കല്‍ വലിച്ചെറിയപ്പെട്ട ഛായക്കൂട്ടുകള്‍ വീണ്ടും ആ ചിത്രത്തിന് പൂര്‍ണ്ണതയേകി... അതില്‍ പിച്ചിച്ചീന്തപ്പെട്ട അനേകം സ്ത്രീകളുടെ, പിഞ്ചു ബാലികമാരുടെ ദീനരോദനങ്ങള്‍ ഉണ്ടായിരുന്നു...
-------------------------------------------
© sudheesh kumar
3 Comments
മനോഹരം
ReplyDeleteനന്നായിട്ടുണ്ട് 👌
ReplyDelete👍
ReplyDelete