ഒരു ആനുകാലിക സംഭവം ഒന്ന് എഴുതാന്‍ ശ്രമിക്കുകയാണ്.
ആകെയുള്ള ഒരേ ഒരു മകന്റെ വിവാഹം. വിവാഹത്തിന് എല്ലാവരെയും ഉള്‍പ്പെടുത്താന്‍ പറ്റുന്നില്ല. കാരണം വധുവിന്റെ വീട് മലപ്പുറം. കായംകുളത്ത് നിന്നും മലപ്പുറം വരെ പോകുവാന്‍ ഒരു ആത്മാര്‍ത്ഥ സുഹൃത്തിനും താല്‍പര്യമില്ല. അതിനാല്‍ ഏറ്റവും അടുത്തവരായ പത്തു മുപ്പത് പേരെ കൊണ്ടുപോകുന്നു. വിവാഹം നടത്തുന്നു തിരികെപ്പോരുന്നു. അത് കഴിഞ്ഞ് രണ്ടുമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നാട്ടുകാര്‍ക്ക് വേണ്ടി ഒര് റിസപ്ഷന്‍ പരിപാടി. അതുമായി ബന്ധപ്പെട്ടു വൈകിട്ടു അഞ്ച് മണി മുതല്‍ ഏട്ട് മണി വരെ ഓഡിറ്റോറിയം അഥവാ ഹാള്‍ ബുക്കു ചെയ്യുന്നു. കുറച്ചു സമയത്തേക്കായതിനാല്‍ റേറ്റ് കുറഞ്ഞിരിക്കും. നടത്തുന്ന ആളിന് പരിപാടി ഗംഭീര ആയിരിക്കണം. എന്നാല്‍ ചിലവ് കുറഞ്ഞിരിക്കണം. അതിനാല്‍ പാര്‍ട്ട് ടൈം ആയി ഓഡിറ്റോറിയം ബുക്കു ചെയ്തു. അത് കഴിഞ്ഞ് കാറ്ററിംഗ് കാരെ ബുക്ക് ചെയ്യണം. എന്തു കൊടുത്താലും ഞണ്ണിയിട്ട് കുറ്റം പറയുന്നവരാണല്ലോ നാട്ടുകാര്‍. അതിനിടവരുത്തരുത്. ഏറ്റവും നല്ല കാറ്ററിംഗ് കാരെത്തന്നെ ഏര്‍പ്പാടു ചെയ്യണം. അതിന് വേണ്ടി ഏറ്റവും മികച്ച കാറ്ററിംഗ് കാരെത്തന്നെ ബുക്കു ചെയ്തു. അവരുമായി ഡീല്‍ ഉറപ്പിച്ചു. ചെറിയ കടികള്‍, പാനീയം, കപ്പ, മീന്‍ കറി, ഫ്രൈഡ് റൈസ്, കേരളത്തിന്റെ ദേശീയ ഭക്ഷണമായ പൊറോട്ട, ബീഫ്, ചിക്കന്‍ , ഫ്രൈഡ് റൈസ് മുതലായവ ഉള്‍പ്പെട്ട മെനു ഒരാള്‍ക്ക് മൂന്നൂറ്റി അന്‍പതു രൂപ. മുന്നൂറ് പേര്‍ ഒരു ലക്ഷത്തി അയ്യായിരം രൂപ ഡീല്‍ ഉറപ്പിച്ചു. അതു കഴിഞ്ഞു. ഇനി അതിഥികളെ ക്ഷണിക്കണം. വീടുകളുടേയും ആള്‍ക്കാരുടേയും ലിസ്റ്റ് എടുത്തു. എങ്ങനെ ചുരുക്കി നോക്കിയിട്ടും നാനൂറു വീടുകള്‍. ഒരു വീട്ടില്‍ നിന്നും ഒരാള്‍ വീതം വന്നാലും നാനൂറു പേര്‍. മുന്നൂറ്റിഅമ്പതു പേരുടെ സ്ഥാനത്ത് നാനൂറു ആയാലും എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാം. അങ്ങനെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്ന പരിപാടിയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഫോണില്‍ക്കൂടിയാണ് ക്ഷണം. ആള്‍ക്കാരുടെ എണ്ണം കുറക്കാന്‍ വേണ്ടിയാണ് ആദ്യം തന്നെ ഒരു കോവിഡ് പ്രോട്ടോകോള്‍ കാച്ചുന്നു. 'ഹലോ രമേശ് ഞാന്‍ സുഗുണന്‍, എന്റെ മകന്റെ വിവാഹം ഈ മാസം 21-ാം തിയതിയാണ്. വധുവിന്റെ വീട് കോഴിക്കോട് ആണ്. വളരെ ദൂരം ഉള്ളതിനാല്‍ വിവാഹത്തിന് വരാന്‍ ബുദ്ധിമുട്ട് ആയിരിക്കും എന്നെനിക്കറിയാം. അതിനാല്‍ ഇവിടെ ഈ മാസം 25-ാം തിയതി ഒരു റിസപ്ഷന്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. അതിന് സാര്‍ വരണം. പങ്കെടുക്കണം. വധുവരന്മാരെ അനുഗ്രഹിക്കണം. 'ഹലോ സുഗുണന്‍ സാറല്ലിയോ എത്ര നാളായി കണ്ടിട്ട്. ഞാനും ഭാര്യയും നിശ്ചയമായും എത്തിയിരിക്കും. പിന്നെ മകന് ആലപ്പുഴയിലാണ് ജോലി. ജോലി കഴിഞ്ഞ് അവന്‍ ആറു മണിക്ക് വീട്ടിലെത്തും അതിനാല്‍ മകനും ഭാര്യയും ഞങ്ങളോടൊപ്പം ഉണ്ടാകും. പിന്നെ ഒരു കാര്യം ഇവിടെ ഞങ്ങള്‍ക്കൊരു വീട്ടുജോലിക്കാരിയുണ്ട്. പുഷ്പ. പിന്നെ അവള്‍ക്ക് പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുണ്ട്. അങ്ങനെ ഞങ്ങള്‍ ആറു പേര്‍ ആറു മണിക്ക് തന്നെ എത്തിച്ചേരും സാര്‍ വിളിച്ചാല്‍ ഞങ്ങള്‍ക്ക് വരാതിരിക്കാന്‍ പറ്റുമോ ?
ആദ്യത്തെ വിളിയില്‍ തന്നെ പരിപൂര്‍ണ സംതൃപ്തനായ ഞാന്‍ തുടര്‍ന്ന് വിളി തുടരണോ എന്ന ആശയക്കുഴപ്പത്തിലാണ്.
0 Comments