അണ്ടിയാപ്പീസിലെ പെണ്ണുങ്ങള്‍ | വിഷ്ണു പകല്‍ക്കുറി

kavitha-vishnu-pakalkkuri


നുണക്കരമൊടുക്കിച്ചുവന്ന
കവിളില്‍
വിരിയുന്ന കറപ്പാടുകള്‍
തൊലിപ്പുറത്ത്
തെളിച്ചവര്‍.

ജീവിതഭാരങ്ങള്‍
അടക്കി ഭരിക്കുമ്പോള്‍
മുറിവാഴങ്ങളിലേക്ക്
നിലതെറ്റി വീഴുന്നവര്‍
ചിരിക്കുപ്പായമണിഞ്ഞ്
നടവഴി കേറുന്നു.

വഴിക്കണ്ണുകള്‍
കൊത്തിവലിക്കുമ്പോള്‍
പിടഞ്ഞുണരുന്നവര്‍
തല്ലി, തലോടി
ചോര നീരാക്കുന്നു.

മിഴിനിറച്ചുണ്ട്
ഹൃദയഭവനങ്ങളില്‍
വിരിയുന്ന താമരകള്‍
വെയിലത്ത് വാടാറില്ലെന്ന്
എഴുതിച്ചേര്‍ത്ത്

അതിര്‍വരമ്പുകള്‍
ഭേദിച്ചവര്‍
ഒടുവില്‍
തരംതിരിച്ച കുറിപ്പുകളുമായ്
പുക തുപ്പുന്ന പെണ്ണുങ്ങള്‍
മിഴി തുറക്കുമ്പോള്‍
അണ്ടിയാപ്പീസൊരു സ്വര്‍ഗവും 
നരകവുമാകുന്നു.
--------©VISHNU PAKALKKURI-----------

Post a Comment

0 Comments