വേനല്‍മഴ | ജ്യോതിശ്രീ. പി

kavith,mazha,jyothisree,malayalam


വിരഹവും മൗനവും  വിരുന്നൊരുക്കുന്നിടങ്ങളിലാണ്  വേനല്‍പ്പൂവുകള്‍ പൂക്കാറുള്ളത്.


വിണ്ടുകീറിയ  ഹൃദയച്ചുമരുകളില്‍ നെടുവീര്‍പ്പുകള്‍  ഇഴഞ്ഞുനീങ്ങുന്നു.

വാക്കുവറ്റിയ താളുകളില്‍ പറ്റിക്കൂടാനൊരുങ്ങിയ
അക്ഷരങ്ങള്‍ക്ക് വഴിതെറ്റുന്നു.

ഏതോ  മൗനമേഘങ്ങളെ നോക്കി കേഴുന്നു..

ഓര്‍മയും വിരഹവും വിരല്‍കോര്‍ക്കുന്ന  ഇടവഴിയിലാണത്രേ പൂവുകള്‍ക്കു മേല്‍ നോവു പെയ്യുന്നത്!

അക്ഷരങ്ങളെ പുണരാന്‍ കൊതിക്കുന്ന പ്രണയത്തിന്  ദാഹിക്കുന്നത്!
പൊള്ളുന്ന വേനലിടങ്ങളില്‍ പെട്ടുഴലുമ്പോഴും   മേഘക്കൂട്ടങ്ങള്‍ കറുപ്പണിയാറുണ്ട്.

ഏകാന്തതയുടെ വിരല്‍ത്തുമ്പില്‍ എത്ര നോവുകള്‍ പൂത്താലും 
ഒരായിരം മഴത്തുള്ളികള്‍ക്കായ് കൊതിയ്ക്കാറുണ്ട്..

വരണ്ട ഹൃത്തടത്തില്‍ വേനല്‍മഴയുടെ നനുത്ത ഗന്ധം മത്തുപിടിപ്പിക്കാനായ് എത്താറുണ്ട്..

വേനല്‍മഴയെന്നാല്‍ വിരഹച്ചൂടേറ്റ് തളര്‍ന്ന  ചില്ലകള്‍ക്കു മേല്‍ പ്രണയം പെയ്യിക്കുക എന്നതല്ലേ

വരണ്ടതാളുകളില്‍ പനിനീര്‍തുള്ളികള്‍ നിറയുന്ന പോലേ...

-----------©jyothisree.p--------------

Post a Comment

3 Comments