ശരശയ്യയിലെ മെട്രോയും വിവാദനായകനായ കെ റെയിലും | ശനിയന്‍

saniyan-e-delam


കേരളത്തിന്റെ സ്വന്തം ബീമാനവും കപ്പലിനും  ശേഷം അഭിമാനപുരസ്സരം അവതരിപ്പിക്കുന്നു. കേരള റെയില്‍ ! ആര്‍ക്കു ? എന്തിനു ?എന്നറിയാണേല്‍ ഫേസ്ബുക് പോലുള്ള സത്യസന്ധമായ മാധ്യമങ്ങള്‍ വിശ്വസിക്കണം കാരണം മാമാ  മാധ്യമങ്ങള്‍ക്ക് ഇല്ലാത്ത ഒരു കാര്യം ഉണ്ട്. ജനപങ്കാളിത്തം, കൂലി പട്ടാളം എന്ന് വെറുതെ അസൂയക്കാര് പറയുന്നതാ പച്ച പട, നീല പട, കാവി പട പിന്നെ ചെ ചെയ് എന്നിവരുടെ പട അങ്ങനെ ആജ് മൊത്തം പട. അതിനിടയില്‍ കണ്ടവര് കുഴിയില്‍ വീണത് കണ്ടു ചിരിക്കാനും പിന്നെ കസേര വലിച്ചിട്ട് ഇല്ലാത്ത, അറിയാത്ത ഇംഗ്ലീഷ് വാരി വിതറി വിജ്രംഭിച് (വായിക്കുന്നതും കാണുന്നതും മലയാളികള്‍ അല്ലാത്തത് കൊണ്ട് കുഴപ്പമില്ല, അമ്മ മലയാളത്തിനെ നില വിളിക്കുന്ന സമയത്തും അല്ലാത്തപ്പോള്‍ മാഡം ഇംഗ്ലീഷിനെ അങ്കുരമൊഴിയില്‍ കൊല്ലാകൊല ചെയ്യുന്നവരായതു കൊണ്ടും സാരമില്ല)കുറെ പടങ്ങള്‍ ഇടുകയും ചെയ്യുന്ന ഫേസ്ബുക്കിനെ മുഖ വിലയ്ക്കല്ല മുഖമുദ്ര ആയിട്ടു എടുക്കണം. അല്ല മുഖ്യനായ മന്ത്രി എന്തിനാണ് ഇപ്പൊ ഇങ്ങനെ ഒരു തീവണ്ടി? റോഡുകളും പാലങ്ങളും കാരണം കഞ്ഞിവെപ്പ് റോഡ് സൈഡില്‍ ആയവര്‍ ഉണ്ട്, എന്‍ഡോസള്‍ഫാന്‍ കാരണം ബാക്കി ഉള്ള ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ എന്നെത്തേക്കുമായി അവരില്‍ നിന്ന് നീക്കിയതാണ്. അവര്‍ ഇപ്പോഴും കാത്തിരിക്കയാണ് സര്‍ അവരുടെ ആയ കുറ്റം അല്ല. ഈ നാടിനെ ലോകത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ഒരുപാടു കാര്യങ്ങള്‍ ഉണ്ട് സര്‍, രാഷ്ട്രീയം അല്ല സഖാവേ ഈ നാടിനെ കോടികളുടെ അഹങ്കാരം ആക്കുന്നത്. അത് കഴിഞ്ഞുള്ള വികസനം മതി, കൊച്ചി മെട്രോ ശരശയ്യയില്‍ കിടക്കുമ്പോള്‍, നമ്മടെ പോലീസ് ഓഫീസിയില്‍ നിന്നുള്ള ലിസ്റ്റ് നോക്കി ഈ പറയുന്ന നിയമം നടപ്പാക്കുമ്പോള്‍ വിഷമം അല്ല സഖാവേ പുച്ഛം ആണ് തോന്നുന്നത്.

വന്നു വന്നു വര്‍ഷത്തില്‍ മിക്ക മാസങ്ങളും വര്‍ഷ മാസം ആയി കൊണ്ടാടുന്ന ഈ നാടിനു വേണ്ടത് ആ നാഷണല്‍ ഹൈവേ എന്ന പേരില്‍ നാഷണല്‍ നാണക്കേടിന്റെ ആ കുഴികള്‍, ഏച്ചു കെട്ടിയ പാലങ്ങള്‍ തുടങ്ങിയവയ്ക്കാണ് പ്രാധാന്യം കൊടുക്കണം എന്നൊരപേക്ഷ ഉണ്ട്.


ഭാരതീയ ജനതാ പാര്‍ട്ടി കേരള പൂജ്യ പാര്‍ട്ടി ആണെന്ന് പറഞ്ഞു കളിയാക്കുന്നവരോട് ഒരു വാക്ക്. ഗോപി അണ്ണന്‍ സമ്മതിച്ചാല്‍ ചിലപ്പോള്‍ തൃക്കാക്കരയില്‍ താമര വട്ടം വിരിയിക്കുവാന്‍ വട്ടം തെളിയും. പക്ഷെ ഇപ്പോള്‍ ശ്രദ്ധ പാളയത്തിലെ പടയെ പാലക്കാട് കടത്താന്‍ പറ്റുമോ എന്നുള്ളതായത് കൊണ്ടും അടുത്തൊന്നും തിരഞ്ഞെടുപ്പ് ഇല്ലാത്തതു കൊണ്ടും തൃക്കാക്കര അത്ര വലിയ കര അല്ല, മനസിലായ. 

ഈ കൊറോണ കൊണ്ട് ഉണ്ടായ നാശ കോടാലികള്‍ ഒന്നും രണ്ടും അല്ല അതിനു പുറകെ തരംഗങ്ങള്‍ ഇങ്ങനെ അനര്‍ഗളം നിര്‍ഗളം പ്രവഹിച്ചു നാട്ടാരുടെ നട്ടത്തിന്റെ  നട്ടു ഇളക്കി ഇരിക്കുമ്പോഴാണ് ഒമൈക്രോണ്‍.അത് എത്തി വരുന്നതേ ഉള്ളു അപ്പോഴാണ് ഹാള്‍ടിക്കറ്റ് നമ്പര്‍ പോലെ വേറൊരു വകഭേദം. അയ്യിരം ആളുകളുടെ വായ അടച്ചു മൂടാം (മാസ്‌ക് ഇട്ടാല്‍ മതി) പക്ഷെ നാട് അടച്ചു മൂടരുത് അപേക്ഷയാണ്.ഇന്ത്യയില്‍ ഇത്രെയും സംസ്ഥാനങ്ങള്‍ ഉണ്ടായിട്ടും  (എത്ര എന്ന് ശിവന്‍കുട്ടി മന്ത്രി അപ്പുപ്പനോടോ യുവ മോര്‍ച്ചക്കാരോടോ ചോദിക്കണം) ഡല്‍ഹി മഹാരാഷ്ട്ര കേരളം ഈ മൂന്നെണ്ണം ആണെല്ലോ സ്ഥിരം ഗുണ്ടകള്‍ ചെ ചെ ലജ്ജാവഹം. അല്ലാ ഇതു പടര്‍ന്നു ചാടിക്കളിക്കുന്ന ബൈറ്‌സ് ആണെല്ലോ, ഈ ബൈറ്‌സ്. ഇതിനെ എങ്ങനെ ഈ മൂന്ന് സംസ്ഥാനത്തില്‍ പിടിച്ചിട്ടു എന്ന് എങ്ങനേലും അറിയാന്‍ കഴിഞ്ഞിരുന്നേല്‍ ലോകം രക്ഷപെട്ടേനെ. അല്ല അത് മനസിലായി,ബാക്കി ഉള്ള സംസ്ഥാനങ്ങളിലും കേസ് ഉണ്ട് പക്ഷെ വളരെ കുറവ് അതും ഈ പറഞ്ഞ മൂന്ന് സംസ്ഥാനങ്ങളുടെ അടുത്ത് കിടക്കുന്നതാണേല്‍ പോലും. ഇത് ഇന്ത്യയുടെ കഴിവല്ലെ ? അല്ലെ?. ഈ മൂന്ന് സംസ്ഥാനത്തെയും വെട്ടത്തു ഊട്ടി ഇരുട്ടത്ത് കിടത്തുവാ വേണ്ടത്.
saniyan-e-delam
ബസ്സ് സ്റ്റോപ്പില്‍ നിന്നും ഒരു വിളിപ്പാടകലെ കൂട്ടം കൂടി നിന്ന് ആനവണ്ടിയെ പിടികൂടിയിരുന്ന കാലം, പാണ്ടി ലോറിയില്‍ വൈക്കോല്‍ കുത്തി നിറച്ചു പോകുന്നത് പോലെ പ്രൈവറ്റ് ബസിന്റെ നാനാവശങ്ങളില്‍ ആളുകള്‍ തൂങ്ങി കിടന്നു ജയന്‍ കുഞ്ഞു കളിച്ചിരുന്ന കാലം, ആഹ് പോയില്ലേ എല്ലാം. 'കണ്ണിനു കണ്ടു കൂടാത്ത ' ഒരു മഹാപാപി - കൊറോണ തകര്‍ത്തില്ലേ എല്ലാം.കാര്യം സെക്കന്റ് ഹാന്‍ഡ് വണ്ടി ഒക്കെ ആളുകള്‍ എടുത്തു ഒരു കാലത്തെ റോഡിലെ മംഗലശേരി നീലകണ്ഠന്‍ മാരായിരുന്ന ബസുകളുടെ ആക്‌സില്‍ ഒടിഞ്ഞു എന്നത് സത്യം തന്നെ. ഇനി കണ്ടറിയണം ബസ്സേ നിന്റെ കാര്യം....

ഒ.ടി.ടി പ്ലാറ്റ്ഫോമിൽ സിനിമകള്‍ വന്നു തുടങ്ങിയപ്പോള്‍ പൂട്ടിയ ഒത്തിരി സിനിമ കൊട്ടകകള്‍ ഉണ്ട് പലതും കല്യാണ മണ്ഡപങ്ങള്‍ ആയി ചിലത് ഗോഡൗണുകള്‍  ആയി, ഇതിനിടയില്‍ ഉണ്ടായ ചില നല്ല കാര്യങ്ങളും ഉണ്ട് അത് പറയാതെ വയ്യ. ചെറിയ ബഡ്ജറ്റില്‍ എടുത്ത് കാണികളുടെ മുന്നില്‍ എത്തിക്കുവാന്‍ പടം പിടിക്കാന്‍ അറിയാവുന്ന എല്ലാവര്ക്കും ഒരു അവസരം ഒരുങ്ങി എന്നത് സത്യം. മറ്റേത് ഡിസ്ട്രിബൂട്ടെര്‍, ഫിലിം റെപ്, തിയേറ്റര്‍ മുതലാളി എന്നിങ്ങനെ അനവധി വേലികള്‍  ചാടി കടന്നു ചെന്നാല്‍ പ്രദര്ശന സമയം കിട്ടാന്‍ ഭാഗ്യവും വേണം എന്ന സ്ഥിതി ആയിരുന്നു. താരമൂല്യം കൂടിയ താരങ്ങളുടെ ഇടയില്‍ ആരേലും ഒന്ന് ശ്രദ്ധിച്ചു വരുമ്പോളേക്കും പടം ബി ക്ലാസ് തീയേറ്ററിലേക്ക് മാറിയിട്ടുണ്ടാകും. ആളും ആരവവും പിന്നെ സിനിമയ്ക്ക് പോകാന്‍ ഉള്ള ഒരുക്കവും അത് കഴിഞ്ഞു ഉള്ള ഉള്ള ഭക്ഷണവും ഇന്ന് ഓര്‍മകളായി തുടങ്ങി. എന്താലേ ....

ചൊറിതണം : ഹായ് എന്താ കഥ, വെറുതെ ഓടി നടന്നു കതിര് കൊയ്യുമ്പൊലെ ആളെകൊല്ലുക,മൃഗങ്ങള്‍ പോലും ചെയ്യാത്ത പണി അല്ലെ കൂട്ടുകാരാ ഇതൊക്കെ. അതിലും തമാശ ആരേലും എവിടേലും ഇരുന്നു എഴുതി എന്നത് കൊണ്ടാണോ? മാറ്റത്തിന് വേണ്ടി ഉണ്ടായിട്ടുണ്ട് കലാപങ്ങള്‍ പക്ഷെ ഒരു കൊലപാതകത്തിലൂടെ ഒരു തേങ്ങാ കൊലയും നേടുന്നില്ല എന്നതാണ് സത്യം അല്ലേല്‍ പിന്നെ വല്ല ഫ്രഞ്ച് വിപ്ലവവും ആവണം. കൊലകള്‍ കണ്ടു ചോര തിളയ്ക്കുന്നവരുടെ ശ്രദ്ധയ്ക്കായ് പറയുകയാണ്,തിളയ്ക്കുന്ന ചോര ഫ്രീസറില്‍ ഇട്ടു വയ്ക്കുക ആശയത്തിന് വേണ്ടി ഉള്ള കൊലകള്‍ കൂടുതല്‍ കൊലകള്‍ എന്നല്ലാതെ വേറെ ഒരു കോപ്പന്‍ഹേഗും ഉണ്ടാക്കുവാന്‍ പോകുന്നില്ല.


Post a Comment

2 Comments

  1. ശനിയന്‍റെ തുറന്നു പറച്ചിലുകള്‍ നന്നായിട്ടുണ്ട്. ശനിഭഗവാനും ശനി ബാധിക്കുന്ന കാലമാണ്. കേരളത്തിനിപ്പോള്‍ കണ്ടകശനിയുമാണ്. ശനി ബാധിക്കാതെ ശനിയന്‍റെ എഴുത്തുകള്‍ എല്ലാ ശനിയാഴ്ചകളിലും തുടരാന്‍ ശനിഭഗവാന്‍ കനിയട്ടെ എന്ന് ഏഴരയാണ്ട് ശനിയും കണ്ടകശനിയും ഒരുമിച്ചനുഭവിക്കുന്ന ഒരു ശരാശരി മലയാളി.

    ReplyDelete