അന്നും പതിവുപോലെ തകര ഷീറ്റിട്ടുള്ള കുഞ്ഞു കൂരയില്‍ അവള്‍ ആകാശത്തേക്ക് നോക്കി, തലേന്ന് സ്‌കൂളില്‍ പഠിപ്പിച്ച പാഠഭാഗത്തിലെ സംശയങ്ങള്‍ ചേച്ചിയോട് ഉറക്കെ വിളിച്ചു ചോദിച്ചു.
ചേച്ചി...' എന്താണ് നിലാവ്' ?
ആരും കാണാതെ കൂരയിലെ ഇരുണ്ട മൂലയില്‍, അണ്ണന്റെ മടിയില്‍ ഇഷ്ടമില്ലാതെ ഇരുന്ന അവളുടെ ചേച്ചി , ഉറക്കെ വിളിച്ചു പറഞ്ഞു ..
''ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യകിരണങ്ങള്‍ ഭൂമിയിലേക്ക് പതിക്കുന്നതിനെയാണ് 'നിലാവ്' എന്ന് വിളിക്കുന്നത്''
നിലാവിന്റെ അര്‍ത്ഥമോ പര്യായമോ ഒന്നും മനസ്സിലായില്ലെങ്കിലും രാത്രിയുടെ ആ നല്ല വെളിച്ചത്തില്‍ തന്റെ കൂരയില്‍ നിന്നും അവളുടെ അണ്ണന്‍ ഓടിമറയുന്നത് അവള്‍ കണ്ടിരുന്നു.
പിറ്റേന്നും പതിവുപോലെ സൂര്യ രശ്മികള്‍ ആകാശത്തില്‍ ഒളിഞ്ഞിരിക്കുന്ന കാര്‍മേഘങ്ങളെ വകഞ്ഞുമാറ്റി പരസ്പരം മത്സരിച്ചു ഭൂമിയിലേക്കുള്ള പ്രയാണത്തില്‍ ആയിരുന്നു. പക്ഷെ ഇത്തവണ തകരഷീറ്റിനിടയിലൂടെ രണ്ടു കുഞ്ഞിളം കണ്ണുകളില്‍ ആയിരുന്നു ആ കിരണങ്ങളുടെ യാത്ര അവസാനിച്ചത് .
വെളിച്ചം കണ്ണിലടിച്ച അവള്‍ക്കു നേരം പുലര്‍ന്നു എന്ന് മനസ്സിലായെങ്കിലും അവളുടെ നോട്ടം കൂരയിലെ ഷീറ്റിനിടയില്‍ നിന്നുമുള്ള വെളിച്ചത്തിലായിരുന്നില്ല പകരം ആദ്യനോട്ടം കൂരയിലെ കഴുക്കോലിലേക്കു ആയിരുന്നു ..
''എട്ടടി ഉയരത്തില്‍ ഉള്ള കഴുക്കോലില്‍ തൂങ്ങിയാടുന്ന നാലടി ഉയരമുള്ള സ്വന്തം ചേച്ചി .. !
കുറെ നേരം ചിരിയോടെ നോക്കി, ഒന്നും മനസ്സിലാകാത്ത മട്ടില്‍ ചേച്ചിയോട് ഉറക്കെ ചോദിച്ചു
'' പൊക്കമില്ലാത്ത ചേച്ചി, ഇത്ര ഉയരത്തില്‍ എങ്ങെനെ ഊഞ്ഞാലാ കെട്ടി ' ?
'കുടുക്ക് മുറുകാത്ത ഷാളില്‍ എങ്ങനെ കഴുത്തില്‍ കെട്ടി തൂങ്ങിയാടുന്നു'' ?
പക്ഷെ ഇത്തവണ ഉത്തരം തരാനുള്ള ചേച്ചിയുടെ കുഞ്ഞിളം ചുണ്ടുകള്‍ കീറിപ്പൊളിഞ്ഞു രക്തം ഇറ്റിറ്റു വീഴുന്നത് മാത്രമേ അവള്‍ കണ്ടുള്ളു...... .
അവള്‍ പേടിയോടെ കൂരയുടെ മൂലയില്‍ ഒളിച്ചു.
മുറ്റം നിറച്ചും ആളുകള്‍ , കൊമ്പന്‍ മീശയുള്ള ഏമാന്മാര്‍.
അച്ഛന്‍ അടുത്ത് വന്നു ചോദിച്ചു ...
എന്താ നീ കണ്ടത് ??!
അത് .. ഞാന്‍ .. കണ്ടത് .. ആ വെളിച്ചമുള്ള രാത്രിയില്‍ ..
ചേച്ചി പഠിപ്പിച്ച ആ നിലാവില്‍ ...
''അണ്ണന്‍ കൂരയില്‍ നിന്നും ഓടിമറയുന്നതു ഞാന്‍ കണ്ടതാ''
അതെ വാചകം പല ഏമാന്മാരോടും അവള്‍ പറഞ്ഞു
അവളുടെ വാക്കുകള്‍ ആരും ശ്രദ്ധിച്ചില്ല ,
എങ്കിലും കേള്‍ക്കേണ്ട കാതുകളും, കാണേണ്ട കഴുകന്‍ കണ്ണുകളും ഇതിനോടകം അവളെ നോട്ടമിട്ടത് അവള്‍ അറിഞ്ഞതേയില്ല.
പിന്നീടുള്ള പല രാത്രികളിലും അവള്‍ക്കു സംശയങ്ങള്‍ മാത്രം , ഉത്തരം പറഞ്ഞു തരാന്‍ അവളുടെ ചേച്ചി കൂടെ ഇല്ല ..ഉറക്കം തനിച്ചായിരുന്നു സ്വപ്നം കണ്ടു അവള്‍ ഞെട്ടി എണീക്കുമായിരുന്നു ..
നേരം പുലര്‍ന്നാല്‍ അവള്‍ക്കു പേടിയില്ല കാരണം അച്ഛനും അമ്മയും ജോലിക്കു പോയാല്‍ ''മാമനും അണ്ണനും വരും''
മാമന്‍ എന്നും അവള്‍ക്കു മിഠായി കൊണ്ടുവരും , അവളെ മടിയില്‍ പിടിച്ചു ഇരുത്തും, ദേഹത്ത് എല്ലാം അഴുക്കാണെന്നു പറഞ്ഞു സ്‌നേഹത്തോടെ ഉടുപ്പെല്ലാം മാറ്റി കൈകള്‍ കൊണ്ട് തുടച്ചു തരും. എന്തോ മാമനോട് കൂട്ടുകൂടുമ്പോള്‍ പതിയെ പതിയെ അവള്‍ക്കു പേടി കുറഞ്ഞു തുടങ്ങും , മാമന്‍ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കും , ഉമ്മ തരും പലതരം കളികള്‍ കാണിച്ചു തരും.
നേരെ മറിച്ചു അണ്ണനെ അവള്‍ക്കു പേടിയായിരുന്നു , മാമനോട് മാത്രം കൂട്ടുകൂടുന്നതില്‍ മാമനും അണ്ണനും പരസ്പരം തല്ലു കൂടുമായിരുന്നു
ഒരിക്കല്‍ മാമന്‍ വരാന്‍ വൈകിയ സമയം സ്വന്തം കൂരയില്‍ ഒറ്റയ്ക്ക് കളിച്ചുകൊണ്ടിരുന്നപ്പോള്‍ അണ്ണന്‍ പശുവിനെ കഴുത്തില്‍ കുരുക്കിട്ട് വിളിച്ചോണ്ട് വരുന്നു .. പശുവിനെ കണ്ട അവള്‍ കൗതുകത്തോടെ അണ്ണനോട് ചോദ്യച്ചു ..
'എന്തിനാ അണ്ണാ പശുവിന്റെ കഴുത്തില്‍ കയറിട്ടിരിക്കുന്നെ' ?? !
അണ്ണന്‍ സ്‌നേഹഭാവത്തോടെ അവളുടെ അടുത്തു വന്നിട്ട് കുഞ്ഞിളം മേനിയില്‍ തഴുകി കൊണ്ട് കുഞ്ഞു ചുണ്ടില്‍ ഉമ്മ വച്ചിട്ട് പറഞ്ഞു
പശു മൃഗമല്ലേ അത് ഓടിപ്പോകാതിരിക്കാന്‍ അല്ലെ കഴുത്തില്‍ കുരുക്കിട്ടിരിക്കുന്നതു ,
അവളുടെ കുഞ്ഞുടുപ്പിനകത്തുകൂടെ വിരലുകള്‍ ഓടിച്ചു കൊണ്ട് അണ്ണന്‍ പറഞ്ഞു,
'മോള് കണ്ടിട്ടില്ലേ .ആടിനും , പോത്തിനും,എരുമക്കും, കാളക്കുമെല്ലാം കഴുത്തില്‍ കയറുണ്ടല്ലോ' ..
അവള്‍ക്കു ഒന്നും മനസ്സിലായില്ലെങ്കിലും ചുമ്മാ മനസ്സിലായ മട്ടില്‍ തലയാട്ടി
ഈ മൃഗങ്ങള്‍ക്കു മാത്രമേ കഴുത്തില്‍ കയറിടുകയുള്ളു ?? ,
മനുഷ്യര്‍ക്ക് കഴുത്തില്‍ കയറിടുമോ ??
എപ്പോഴാ എന്റെ കഴുത്തില്‍ കയറിടുന്നെ ??
അണ്ണന്‍ അന്ന് ആദ്യമായി അവളെ ആര്‍ത്തിയോടെ വീണ്ടും വീണ്ടും ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു മൃഗങ്ങളെ പോലെ നീ ഓടിപോയാല്‍ നിന്റെ കഴുത്തിലും കയറിടും
ഇത് കേട്ട് അണ്ണന്റെ മടിയില്‍ ഇരുന്നു അവള്‍ മന്ത്രിച്ചു
ഒരുദിവസം ഞാനും ഓടും അതും വെളിച്ചമുള്ള രാത്രിയില്‍ ,
ആ രാത്രിക്കു എന്താ അണ്ണാ പറയുന്നേ , ചേച്ചി എനിക്ക് അവസാനമായി ആ പേര് പറഞ്ഞു തന്നിട്ടാ ഊഞ്ഞാലാടിയതു ...
ഞാന്‍ മറന്നു പോയി ..
ചേര്‍ത്തുപിടിച്ചിരിക്കുന്ന അണ്ണന്റെ കൈകള്‍ തട്ടി അവള്‍ ചോദ്യച്ചു ..
അണ്ണന്‍ ഓര്‍ക്കുന്നോ ... ???
''അണ്ണന്‍''
ഓടിപ്പോയ ആ വെളിച്ചമുള്ള രാത്രി ..
ചേച്ചിയുടെ കഴുത്തില്‍ ഷാളിട്ട ആ ദിവസം...... അണ്ണന്‍ ഓടിപ്പോയ ആ വെളിച്ചമുള്ള രാത്രിയുടെ പേരെന്താ????
അവള്‍ ദേഷ്യത്തോടെ അണ്ണനെ കുലിക്കി വിളിച്ചു ചോദ്യച്ചുകൊണ്ടേയിരുന്നു
അവളെ കാണുമ്പോള്‍ എന്നും കൊതിയോടെ വെട്ടി തിളങ്ങുന്ന അണ്ണന്റെ കണ്ണുകള്‍ പകല്‍ വെളിച്ചത്തില്‍ കത്തി ജ്വലിക്കുന്നത് അവള്‍ക്കു മനസ്സിലായില്ല
അണ്ണന്‍ അവളുടെ കഴുത്തില്‍ ഉമ്മ വച്ചിട്ട് പറഞ്ഞു ,
''അണ്ണനെ കണ്ട രാത്രി , അതെ വെളിച്ചമുള്ള രാത്രി ആ രാത്രിയുടെ പേര് മോള്‍ക്കറിയേണ്ടേ''
വേണം എന്ന് പറയാന്‍ അവളുടെ കഴുത്തിലെ കുരുക്കില്‍ മുറുകിയ നാവ് സമ്മതിച്ചില്ല
അണ്ണന്റെ കൈകള്‍ അപ്പോള്‍ അവളെ വിട്ടു കുരുക്കിന്റെ കെട്ടു മുറുക്കുകയായിരുന്നു
എന്നാലും പുഞ്ചിരിയോടെ അവള്‍ അണ്ണനെ നോക്കി മനസ്സില്‍ മെല്ലെ പറഞ്ഞു
''അണ്ണാ എനിക്ക് ചേച്ചിയെ കാണാം'' .....
ചേച്ചിയോട് ചോദ്യച്ചു, ചേച്ചി പറഞ്ഞു തന്നു....
ചേച്ചിയുടെ കഴുത്തില്‍ ഷാളിട്ട ദിവസം....
''അണ്ണന്‍ ഓടിപ്പോയ ആ രാത്രി'' .....
''നിലാവ്'' അഥവാ ''വെളിച്ചമുള്ള രാത്രി''
ഇമകള്‍ അടയുന്നതിനുമുമ്പ് ഒരിക്കല്‍ക്കൂടി അവള്‍ അണ്ണനെ നോക്കി ..
പുതിയ കുരുക്കുമായി ഓടിമറയുന്ന അണ്ണന്‍ നിലാവിലേക്ക് അഥവാ വെളിച്ചമുള്ള രാത്രിയിലേക്ക്.
---------©santhoshkunjappan------------------
3 Comments
വളരെ നല്ലൊരു കഥ
ReplyDeleteThank you
DeleteSuper
ReplyDelete