ആനന്ദന്‍ മൂപ്പര് രാവിലെ വന്ന് നല്ല രണ്ട് മടല് ഓല വെട്ടിയിട്ട് തീയില്‍ വാട്ടുന്നത് കണ്ടാല് അന്നത്തെ സ്‌കൂളിപ്പോക്കും നിര്‍ത്തി എല്ലാ കുട്ടികളും കൂടി വീടിന്റെ പുറത്ത് കൂട്ടം കൂടി വലിയവരുടെ വര്‍ത്താനവും ശ്രദ്ധിച്ച് നിപ്പാണ്.. (അന്നൊക്കെ സ്‌കൂളിപോകാന്‍ ഇത്തരം ദിവസങ്ങളില്‍ ആരും നിര്‍ബന്ധിക്കൂല്ല... ) ആശാന്‍മാരായ
പതിയാങ്കര ഇക്കായും പടീറ്റേലെ ഉണ്ണുണ്ണിക്കായും
കോണാന്‍ ചുറ്റി പുരപ്പുറത്തേക്ക് കയറും
ബന്ധുമിത്രാധികളും നാട്ടുകാരും വലിയ ഉല്‍സാഹത്തില്‍ ജോലികള്‍ ചെയ്ത് തുടങ്ങും..അതില് ദൂരെ നിന്ന് വരുന്ന ബന്ധുക്കള്‍ അശയില്‍ ഷര്‍ട്ട് ഊരിയിട്ട് അവരുടുത്ത മുണ്ടിന് മുകളില്‍ കൈലിയും ഉടുത്ത് ബനിയനും ഇട്ട് ജോലി ചെയ്തു തുടങ്ങും.. വീട്ടിലെ പെണ്ണുങ്ങള്‍ പുറത്തായിരിക്കും അന്നേ ദിവസം അടുക്കള കൈകാര്യം ചെയ്യുന്നത്.
പ്രായമായവര്‍ കാല് നീട്ടി വെച്ച് കറിക്ക് അരിഞ്ഞോണ്ട് കഴിഞ്ഞ കര്‍ക്കിടകം തരണം ചെയ്ത ഓലയുടെ മഹത്വം വിവരിക്കും.. അന്നിത്തിരി കൂടുതല്‍ മീനും ചീനിയും വാങ്ങും ( എല്ലാം ഇത്തിരി സ്‌പെഷ്യലാണ് ) അത് വീടിന് പുറത്തിട്ട് പരിവാലിക്കുന്നത് കാണാന്‍ നല്ല ചേലാ.. അത് തന്നെ നോക്കി നിന്ന് സമയം കളയും.. ഇടയ്ക്കിടക്ക് ഓല വീഴുന്നിടത്തേക്ക് ചെല്ലുമ്പം മുകളിലിരിക്കുന്ന പണിക്കാര്‍ നമ്മളെ ഓടിക്കും.. പകരം അവരുടെ വസ്ത്രധാരണത്തെക്കുറിച്ചു പറഞ്ഞ് പിള്ളേരല്ലാം കൂടി ചിരിക്കുമ്പോള്‍ വീട്ടുകാര് നമ്മളെ ഓടിക്കും.. കോണാന്‍ ചുറ്റിയാലും ചന്തി രണ്ടും വെളിയില്‍ കാണുന്നത് ആദ്യം നല്ല രസാ.. പിന്നീട് കണ്ട് കണ്ട് അവസാനം അതൊരു പുതുമയില്ലാതെ വരും..
നേരത്തേ വെട്ടിയ ഓല മൊന വെച്ച് വെട്ടിയെടുത്ത് ഒരോ കെട്ടാക്കി വച്ച് മൂപ്പര് പുതിയ ഓലകള്‍ പരിശോധിക്കും.. വിടവുള്ളത് പ്രായമായ സ്ത്രീകളുടെ അടുത്ത് കൊടുത്ത് നേരയാക്കിക്കും..
പഴയ ഓല, നല്ലത് മാറ്റി വെക്കുന്ന പണിക്കാര്‍ രണ്ടും മൂന്നും സെക്ഷനാക്കി അടുക്കും..
ഇച്ചിരി പരുവം ഉള്ളവര്
രണ്ട് ഓലയും പുതിയത് ഇടും.. അല്ലാത്തോര് ഒരു പുതിയതും ഒരു പഴേ ഓലയും ചേര്‍ത്ത്
മേയും.. അന്നൊരു കറി വെയ്ക്കും മുളക് കറിയുടെ കൂടെ കൂട്ടാന്‍ വെളുത്ത കറി.. മുരിങ്ങയിലയും തക്കാളിയും ഇട്ട് ചൂട് ചോറിന്റെ പുറത്ത് മുളക് കറി വിതറി ഒഴിച്ചതിന്റെ പുറത്ത് ഈ വെള്ളക്കറിയും ഒഴിച്ച് സൈഡില്‍ ഇത്തിരി ചീനിയും വെച്ച് ഇങ്ങോട്ട് തരും .. ഒപ്പം നല്ല ചൂടുള്ള കഞ്ഞോള്ളവും ഒപ്പം നല്ല വെയിലും ഹോ യാ..മോനേ.. ഓര്‍ക്കാന്‍ വയ്യാ..
ഉണ്ട് കഴിഞ്ഞ് പണിക്കാര് ഒരു മെടഞ്ഞ ഓലവിരിച്ച് തോര്‍ത്തും തലക്കുംപ്പാത്ത്
വെച്ച് ഒരു മയക്കമുണ്ട്..
ആ ഇളം കാറ്റില്‍ ഉറങ്ങുന്നത് കാണുന്നതും ഒരു രസാ...
ഈ സമയം വീടിനകത്ത് ഒന്ന് കയറും നമ്മള്.. മേക്കൂരയില്ലാത്ത വീട് ..
നല്ലവെട്ടം... പണ്ട് കണാതെ പോയ സകലമാന സാധനവും അന്ന് കിട്ടും..
ചില്ലറ പൈസ മുതല്‍ പെന്‍സില് വരെ... പിന്നെ വീട്ടില്‍ എന്നും കാണുന്ന പുള്ളിക്കാരന്റെ വസതിയും.. നല്ല ചൊവന്ന വട്ടത്തിലാകുന്ന ആ ...പുള്ളി അട്ട എന്ന പേരില്‍ ഒണാട്ടുകരയില്‍ വിളിക്കാറ്.. ഇതെല്ലാം കണ്ട് മുകളില്ലാത്ത വീട് നമ്മള്‍ നന്നായി കണ്ട് ആസ്വദിക്കും.. താഴെ നിന്ന് വാരികള്‍ക്കിടയിലൂടെ ആകാശം കാണുന്നത് ഒരു പ്രത്യേക ചേലാ..
മേയല് തുടങ്ങിയാ പിന്നെ ഒരു ധൃതി തന്നെയാ വേഗം വേഗം കാര്യങ്ങള് നടത്തി ഉഷാറാക്കും.. താഴെ നിന്ന് രണ്ട് ഓല ചേര്‍ത്ത് വെച്ച് മുകളിലേക്ക് ഒരേറാ.. കൃത്യമായി പിടിച്ച് പണി ചെയ്യുന്നത് കാണാന്‍ തന്നൊരു രസാ.. അവസാനമൊരു ഫിനിഷിംഗ് വര്‍ക്കുണ്ട് ഓലയുടെ തുമ്പ് മുറിക്കുന്നത്.. ഒരു ഓലമടല് രണ്ടായി കീറി രണ്ട് പേര് അളവ് പിടിച്ച് അരുവ വെച്ച്, തുമ്പ് അരിയുന്ന രസമുള്ള കാഴ്ച ..അത് കഴിഞ്ഞാല്‍ തൂത്ത് വൃത്തിയാക്കുന്ന പെണ്ണുങ്ങളും കടുംചായ കൊടുക്കുന്നവരുമാണ് അവസാന കാഴ്ച ..എങ്കിലും ചിലപ്പോഴല്ലാം ഇതിങ്ങനെ മനസ്സില്‍ ഓടിയെത്തും...
ചെറുകഥ
1 Comments
👏👏👏
ReplyDelete