സി ജെയുടെ എഴുത്തും ചിത്രങ്ങളും © സി.ജെ. വാഹിദ് ചെങ്ങാപ്പള്ളി

cjyude-ezhuthum-chithrangalum


ണാട്ടുകരയിലെ കീര്‍ത്തി കേട്ട നാടുചന്തകളിലൊന്നാണ് ചൂനാട്. കറ്റാനം, വെട്ടിക്കോട്, മണക്കാട്,കണ്ണനാകുഴി,കാപ്പില്‍ ,കട്ടച്ചിറ,തഴവ, താമരക്കുളം, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നൊക്കെ ഈ ചന്തയിലേക്ക് ആളുകള്‍ എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

മത്സ്യത്തെരുവ് ,ചീനി തെരുവ്, തേങ്ങാ തെരുവ്,  തഴപ്പായ തെരുവ്, അങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കായി പ്രത്യേകം   കച്ചവട ഇടങ്ങള്‍  ഈ ചന്തയില്‍ ഉണ്ടായിരുന്നു. തുടക്കകാലത്ത് അന്തി ചന്തയായി മംഗാരം ജംഗ്ഷന് സമീപം ചെ ങ്ങാപ്പള്ളി പുരയിടത്തില്‍ തുടങ്ങിയ തെരുവ് പിന്നീട് ചൂനാട് മാണത്തറ കുടുംബ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെടുകയായിരുന്നു. 

നൂറ്റാണ്ട് പിന്നിട്ട ഈ തെരുവില്‍ വളരെ പഴക്കം ചെന്ന നിരവധി കെട്ടിടങ്ങളില്‍ കച്ചവടം  നടന്നു വന്നിരുന്നു.  അതില്‍ ഏറെ പഴക്കമുള്ളതും ഭംഗിയാര്‍ന്നതുമായ ഒരു  ഇരുനില മാളി കയുമുണ്ടായിരുന്നൂ.

മാരൂര്‍ ചക്കാല കുടുംബ  വകയായ  ഈ  കെട്ടിടത്തിലെ താഴത്തെ നിലയിലെ മുറികളില്‍ കച്ചവടം നടത്തിയിരുന്ന സഹോദരങ്ങളായിരുന്നു ഇലിപ്പക്കുളം സ്വദേശികളായ  ഇബ്രാഹിം കുഞ്ഞും അബ്ദുല്‍ ഖാദര്‍ കുഞ്ഞും. 

വളരെ ചെറുപ്പത്തില്‍ അതായത് 17-20 വയസ്  പ്രായമുള്ളപ്പോഴാണ് ഈ രണ്ടു സഹോദരങ്ങള്‍ ചൂനാട് തേങ്ങാ തെരുവിന് പടിഞ്ഞാറ് ഭാഗത്ത്  വാടക കെട്ടിടത്തില്‍ കച്ചവടം തുടങ്ങിയത് .അങ്ങനെ ചെറുപ്രായത്തില്‍ രണ്ടു  കുട്ടികള്‍ തുടങ്ങിയ ഈ കടക്ക്' പിള്ളാര് കട' എന്ന പേര് വീണു  കിട്ടി. 

കച്ചവടം തുടങ്ങി നാല് വര്‍ഷം കഴിഞ്ഞാണ് ജ്യേഷ്ഠന്‍ അബ്ദുല്‍ഖാദര്‍ കുഞ്ഞു  വിവാഹം കഴിക്കുന്നതു. അധികം താമസിയാതെ അനുജനും വിവാഹിതനായി .

ആദ്യമൊക്കെ സ്റ്റേഷനറി  സാധനങ്ങളുടെ കച്ചവടം ആയിരുന്നെങ്കില്‍ പിന്നീട്  സൈക്കിള്‍ പാര്‍ട്‌സ്,ടയര്‍, തേങ്ങ മണ്‍പാത്രങ്ങള്‍, മണ്‍വെട്ടി,ഒറ്റാല്‍ ,പായകള്‍,കയര്‍,തുടങ്ങി എല്ലാവിധ  വീട്ടു സാധനങ്ങളും  കടയില്‍ ലഭ്യമായിരുന്നു.

 'ആ ചൂനാട് പുള്ളാര് കടയില്‍ നോക്ക് അവിടെ കിട്ടും സാധനങ്ങള്‍ എന്നത് പതിവ് നാട്ടുമൊഴിയായി'.

 ഇബ്രാഹിം കുഞ്ഞ് അബ്ദുല്‍ ഖാദര്‍ കുഞ്ഞ് സഹോദരങ്ങള്‍ 42 വര്‍ഷങ്ങളാണ് ഒരേ കടയില്‍ ഇവ്വിധം കച്ചവടം നടത്തി ജീവിതം അതിലൂടെ ഇരുവരും  കരുപ്പിടിപ്പിച്ചതു് .തുടക്കകാലത്ത് പ്രതിമാസം  45 രൂപയായിരുന്നു കടമുറി വാടക. പിന്നീട് അത് 900 രൂപ വരെയായി ഉയര്‍ന്നു .ഇപ്പോള്‍ ചന്തയിലെ മത്സ്യത്തെരുവിന് സമീപം പുതിയ കെട്ടിട മുറിയിലാണ്  പിള്ളേര് കട/പുള്ളാരുകട  പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ 3000 രൂപയാണ് വാടക.

അടുത്തിടെ കെട്ടിടം പൊളിക്കുന്ന കാലം വരെ ഈ സഹോദരങ്ങള്‍ ഒരുമിച്ചാണ് കച്ചവടം നടത്തിയത്.

നാല് പതിറ്റാണ്ടിനിടെ ഒരിക്കല്‍ പോലും പ്രത്യേക കണക്ക് പുസ്തകങ്ങള്‍  സഹോദരരായ ഈ കച്ചവടക്കാര്‍ സൂക്ഷിച്ചിരുന്നില്ല.

കണക്ക് പറഞ്ഞിരുന്നൂമില്ല..അത് സംബന്ധിച്ച് വഴക്കോ കശപിശയോ ഉണ്ടായിട്ടുമില്ല...അതൊരു അപൂര്‍വ്വതയുമല്ലേ?

രണ്ടുപേരും ആവശ്യത്തിനുള്ള തുകകള്‍ എടുക്കും, ചിലവാക്കും.ഇവര്‍ക്ക് പ്രത്യേകം  സമ്പാദ്യങ്ങള്‍ ഉണ്ടായിരുന്നില്ല .

പക്ഷേ അവരുടെ ജീവിതം മുഴുവന്‍ കരുപ്പിടൂപ്പിച്ചത് ഈ കച്ചവടം കൊണ്ട് തന്നെയാണ് താനും..

  ഇളയ സഹോദരി ഫാത്തിമയെ വിവാഹം കഴിപ്പിക്കുന്നതും  അതേപോലെ രണ്ടാള്‍ കൂടി 23 സെന്റ് സ്ഥലം വാങ്ങിയതും ഇതേ കച്ചവടത്തില്‍ നിന്ന് ലഭിച്ച വരുമാനത്തിലൂടെയായിരുന്നു .

പിന്നീട് ജ്യേഷ്ഠ സഹോദരന്‍ താമസിച്ചുവന്നതു ഈ ഭൂമിയില്‍ വീട് വച്ചായിരുന്നു... ഇരുവരും ഒരുമിച്ച് കച്ചവടം ചെയ്തിരുന്ന കെട്ടിടം പൊളിച്ചതിനു ശേഷം തെക്കുഭാഗത്ത് മറ്റൊരു മുറിയില്‍ ആ കെട്ടിടവും പോളിക്കുംവരെ ഇബ്രാഹിംകുഞ്ഞ്  കച്ചവടം തുടര്‍ന്നു.

അതോടെ ഒറ്റയ്ക്കായിപ്പോയ ജേഷ്ഠന്‍ അബ്ദുല്‍ ഖാദര്‍ കുഞ്ഞ്ചന്തയില്‍ ഒരു ഭാഗത്ത്  തേങ്ങാ തറയില്‍ നിരത്തിവച്ച് പലകമേലിരുന്ന്  കച്ചവടം   നടത്തിയിരുന്നു .

വളരെ സൗമ്യനായ സാധു  മനുഷ്യനായിരുന്നു അദ്ദേഹം.. 63മത്തെ വയസ്സില്‍ അടുത്തിടെയാണ് അബ്ദുല്‍ ഖാദര്‍ കുഞ്ഞ് മരിച്ചത് . ഒരു പക്ഷേ ചന്ത വികസന ഭാഗമായി കട പൊ ളിച്ചിരുന്നില്ലെങ്കില്‍ ഇബ്രാഹിം കു ഞ്ഞിനൊപ്പം അവസാന ശ്വാസം വരെ അബ്ദുല്‍ഖാദര്‍ കുഞ്ഞും ഒരുമിച്ച്  ഉണ്ടാകുമായിരുന്നു.. ഇന്നു ഇബ്രാഹിം കുഞ്ഞ്മാത്രമായി പിള്ളാരുകടയില്‍...

കഴിഞ്ഞ ലക്കത്തില്‍ പരാമര്‍ശിച്ചിരുന്ന ഉനൈസ് പിള്ളാരു കടയുടെ പിതാവാണ്  ഇബ്രാഹിം കുഞ്ഞു.

യാതൊരു കണക്ക് പുസ്തകവുമില്ലാതെ കണക്ക് ചോദ്യങ്ങളില്ലാതെ ഒരു സ്ഥാപനത്തില്‍ ഈ സഹോദരങ്ങള്‍ അനേക വര്‍ഷങ്ങള്‍ കച്ചവടം നടത്തി എന്നതാണ് ഇവരുടെ മാനസിക ഐക്യം ...കുട്ടിക്കാലത്ത് ഒന്നിച്ചു കച്ചവടം തുടങ്ങി വാര്‍ദ്ധക്ക്യത്തിലെത്തിയപ്പോഴും ഈ സഹോദരങ്ങളുടെ സ്‌നേഹത്തില്‍ തികഞ്ഞ നിഷ്‌കളങ്കത പ്രകടമായിരുന്നു...പരസ്പര ഐക്യം ഇവര്‍ നിലനിര്‍ത്തിയിരുന്നു...

നാല് പതിറ്റാണ്ട് കാലം ഒന്നിച്ച് കച്ചവടം നടത്തിവന്ന കട ഉള്‍പ്പെട്ട  മാളികയും പൊളിക്കുന്നത് പിടയുന്ന മനസ്സോടെ നോക്കി നില്‍ക്കുന്ന ഒരു ചിത്രം ഞാന്‍ പകര്‍ത്തിയത് ട്രോള്‍ കായംകുളം പേജില്‍ വന്നിരുന്നു..

നോക്കുക,സമ്പത്തിന്റെ പേരില്‍ ഒരിക്കല്‍ പോലും ഈ സഹോദരങ്ങള്‍ തമ്മില്‍ മുഷിയേണ്ടി വന്നിട്ടില്ല...

സമ്പത്തിന്റെ പേരില്‍  പിണക്കങ്ങളും വൈരാഗ്യവും അടിപിടിയും കൊലപാതകങ്ങള്‍ വരേയും  നമ്മുടെ സമൂഹത്തില്‍ പല രൂപത്തില്‍ നടക്കുന്നത് വര്‍ദ്ധിച്ചു വരുന്ന പുതുകാലത്തു,

മാതാപിതാക്കളെ പെരുവഴിയില്‍ തള്ളുന്ന മക്കളുടെ എണ്ണം കൂടുന്ന ഇക്കാലത്ത്

ഈ സഹോദരങ്ങള്‍ പകരുന്നത് വേറിട്ട സന്ദേശം  തന്നെ...

© സിജെ വാഹിദ്  ചെങ്ങാപ്പള്ളി

സിജെ യുടെ എഴുത്തും ചിത്രങ്ങളും തുടരും...


Post a Comment

5 Comments

  1. Anil NeervilakomFriday, March 01, 2024

    ഹൃദ്യം ഇത്തരം വിവരണങ്ങൾ..

    ReplyDelete
  2. വാഹിദിൻ്റെ ലേഖനം മറ്റൊരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.അനന്യ മായ വായനാനുഭവം നൽകി. തെളിച്ചമുള്ള ഒരു ഭാഷയുടെയും കരുത്തുള്ള ശൈലിയുടെയും ഉടമയാണ് ശ്രീ വാഹിദ്. ഇനിയും മനോഹരങ്ങളായ ലേഖനങ്ങൾ ഈ അനുഗ്രഹീത രചയിതാവിൽ നിന്ന് പ്രതീക്ഷിക്കുന്നു

    ReplyDelete