പ്രതിമകള്‍ © കൃഷ്ണകുമാര്‍ മാപ്രാണം

prathimakal-krishnakumarmapranam


നഗരത്തിലെ 
തിരക്കേറിയ തെരുവില്‍
നിറം മങ്ങിയ ഉടുപ്പിട്ട്
ഒരു പെണ്‍കുട്ടി
വില്‍ക്കാന്‍ വച്ചിരിക്കുന്നു
പ്രതിമകള്‍
ദൈവപ്രതിമകള്‍ !

ഭംഗിയേറിയ പ്രതിമകള്‍ കണ്ട് 
വഴിയാത്രക്കാര്‍
വന്ന് 
വിലപേശുന്നു

വിലകുറച്ചു പറഞ്ഞിട്ടും
ഒരാള്‍പോലും 
അവ വാങ്ങുന്നില്ല 
പലരുടേയും കണ്ണുകള്‍
പ്രതിമയിലായിരുന്നില്ല 

വയറെരിയുന്നുണ്ട് 
കണ്ണുകള്‍ നിറയുന്നുണ്ട്
പകലിന്റെ അവസാനത്തില്‍ 
വിറ്റുപോകാത്ത
പ്രതിമകളൊതുക്കി കെട്ടി 
തളര്‍ന്ന ഹൃദയവുമായി
അഴുക്കു ചാലൊഴുകുന്ന
നഗരത്തിലെ ഒരു പാതയോരത്ത്
തളര്‍ന്നു കിടക്കുന്ന
അമ്മയ്ക്ക് അരികിലേക്ക് 
അവള്‍ നടക്കുന്നു.

നഗരത്തിലെ നടപ്പാതയില്‍ 
രാത്രിയെത്തുന്നു
ഇരുട്ടില്‍ തിളങ്ങുന്ന
ആയിരം കണ്ണുകള്‍
നൂറായിരം കൈകള്‍ 

പുലര്‍ച്ചെ
പത്രവില്പനക്കാരനാണ് 
ആദ്യം കണ്ടത് 
വഴിയരികില്‍
തകര്‍ന്നു
കിടക്കുന്ന
പ്രതിമകളെ
അതിനരികെ 
നിറം മങ്ങിയ
ഒരു ഉടുപ്പും.

Post a Comment

0 Comments