ഞെട്ടറ്റുവീണ കരിയില കാറ്റിന്റെ
താളത്തിനൊപ്പം പറന്നീടവേ,
പോയകാലത്തിന്റെ ഓര്മ്മയിലേയ്ക്കിതാ
വര്ണ്ണചിറകുമായ് പാറിടുന്നു.
തളിരിട്ടകാലത്ത് താരാട്ടുവാന്‍ വന്നു
കുളിര്‍തെന്നല്‍ എന്നെ പുണര്‍ന്നുകൊണ്ട്,
തൊട്ടിലാട്ടിത്തന്നു മന്ദമായ്, ആര്‍ദ്രമായ്
കുയില്പാടും പാട്ടിന്റെ ഈണത്തില്‍.
ആകാശത്തോണി ഒഴുകുന്ന തീരത്ത്
താരകള്‍ കണ്ചിമ്മി നോക്കിടുമ്പോള്‍,
എത്തിപിടിക്കുവാന്‍ ആശിച്ച് മേലോട്ട്
കൈകള്‍ ഉയര്‍ത്തി ചാടിടുന്നു.
ഒടുവില്‍ തളര്ന്നങ്ങു ചുറ്റിലും നോക്കുമ്പോള്‍
മിന്നാമിനുങ്ങുകള്‍ മിന്നിച്ചിരിക്കുന്നു,
ചാരത്തു നില്ക്കുമീ തോഴരെ നോക്കാതെ
എന്തിന്, മോഹിച്ചു താരയെ നോക്കിടുന്നു.
ഭൂമിയെ പൂമ്പട്ടിന് ചേലയുടുപ്പിക്കാന്
തുമ്പികള്‍ പാറിപറന്നിടുന്നു,
ഒരു പൂവില്‍ നിന്നവര്‍ മറുപൂവിലേക്ക് പൂമ്പൊടി പേറി പറന്നിടുമ്പോള്‍.
ഇക്കിളികൂട്ടി മേനിയിലാകെ
ചിറകുകള്‍കൊണ്ട് തഴുകിടുമ്പോള്‍,
മൃദുലവികാരത്തിന് തന്ത്രികള്‍ മീട്ടി
കൗമാരസ്വപ്നങ്ങള്‍ പാടിടുന്നു.
ഒരു കുഞ്ഞുകുരുവിക്ക് അടയിരിക്കാനായി
തലതാഴ്ത്തി കൂടായ് കഴിഞ്ഞകാലം,
അമ്മതനുള്ളില് നിറയും വികാരങ്ങള്‍
ഇടനെഞ്ചില്‍ ചേര്‍ന്ന് തുളുമ്പിടുന്നു.
ഋതുമാറി കാലം കടന്നുപോകെ
നിറംമാറി കൂട്ടരില്അന്യനായി
മോഹങ്ങളും, മോഹഭംഗങ്ങളും നെരിപ്പോടില്‍ നിര്‍വൃതി തേടിടുന്നു.
കാര്മേഘമിഥുനങ്ങള് തോണിയുലഞ്ഞു
മഴയായി മണ്ണിന് മാറില്പടരവെ,
ഒരു കുഞ്ഞു ജലകണം മേനിതഴുകവേ
യമദൂതന്റെ തേര് തെളിഞ്ഞിടുന്നു.
താരാട്ടുവാന്‍ വന്ന കുളിര്ത്തെന്നലിന്നു
മാറോടു ചേര്ത്തുപിടിച്ചനേരം
ദലമര്‍മ്മരങ്ങളില്‍ തേങ്ങല്‍ നിറയുമ്പോള്‍
ഞെട്ടറ്റു താഴെ പതിച്ചിടുന്നു.
വേര്പാടിന് നൊമ്പരം ഉള്ളിലൊതുക്കി
തലതാഴ്ത്തി കുട്ടുകാര്‍ വിടചൊല്ലവേ,
താരാട്ടുവാന്‍ വന്ന കാറ്റിന്റെ കൈകളില്‍ ശാന്തി തീരം ത്തേടി പറന്നിടുന്നു.
7 Comments
മനോഹരമായ രചന
ReplyDeleteKollam... 👍🏻🌼🌼🌼🌼
ReplyDeleteമനോഹരം... 👏🏻👏🏻
ReplyDeleteGood
ReplyDeleteവളരെ നന്നായിട്ടുണ്ട് 🎈👌
ReplyDeleteകുമാരനാശാൻ്റെ വീണപൂവിൻ്റെ നൊമ്പരം പോലെ കരിയിലയുടെ ഓർമ്മകളും വേദനകളും ഹ്യദയത്തെ തൊടുന്നു
ReplyDeleteമനോഹരമായ രചന
ബിംബാത്മകം
അഭിനന്ദനങ്ങൾ
നല്ല വരികൾ.. മനോഹരം ആശംസകൾ വിനോദ്
ReplyDelete