വിടപറഞ്ഞ വീട് | കവിത | സുജാത സുജ



ഒരല്പം കരുണ കിട്ടിയിരുന്നെങ്കില്‍ അവളിപ്പോഴും 
നമ്മുടെ കൂടെ ഉണ്ടാവുമായിരുന്നു 
അവളില്ലാത്ത വീട്ടില്‍ കണ്ട കാഴ്ച?
തെക്കേ തൊടിയിലെ ആറടി മണ്ണില്‍ 
തുളസിത്തൈ വാടി കരിഞ്ഞു നില്‍ക്കുന്നു 
മുറ്റത്ത് ചട്ടിയില്‍ റോസാച്ചെടിയും 
ദാഹജലത്തിനായി കേഴുന്നു 
തൊടിയില്‍ കരിയില കൂട്ടവും പാറി കളിക്കുന്നു 
നടുമുറിയില്‍ പാത്രവും എച്ചിലും 
ചിതറി കിടക്കുന്നു മുറിക്കുള്ളിലെ 
പൊടിപടലവും മാറാലയും എന്നെ നോക്കി 
അടക്കം പറയുന്നുണ്ട് 
ഇപ്പോഴും കിടപ്പുമുറിയിലെ മൂലയില്‍ മാറിയിട്ട് 
അഴുക്ക് തുണി അനാഥമായി കിടക്കുന്നു 
അമ്മയെ കാണാതെ പൈതങ്ങള്‍ കരയുന്നു 
അടുക്കളക്കുള്ളില്‍ ചൂടും വിറകും കൂടിക്കിടക്കുന്നു 
അടുപ്പിലെ കഞ്ഞിക്കലം 
തീ കത്താതെ നീറിപ്പുകയുന്നുണ്ട് 
ഇപ്പോഴും മുറ്റത്തെ അമ്മിയില്‍ ഉറുമ്പുകള്‍ 
തേങ്ങ അരച്ചത് വരിവരി പോലെ കൊണ്ടുപോകുന്നുണ്ട്.

Post a Comment

0 Comments