കറുപ്പ് | കവിത | പത്മ. എസ്. ചിറക്കര



ഇരുട്ടിന്റെ തൂലിക കൊണ്ടു
ഞാനെന്റെ കറുത്ത കരങ്ങളാലൊരു വെളുത്ത
കവിത രചിക്കട്ടെ..

അരുത്...അരുതരുത്...
നിന്റെ കറുത്ത കരങ്ങള്‍ കൊണ്ട് നീ കറുത്ത കവിതകള്‍ മാത്രം എഴുതുക...
വെളുത്ത കവിതകള്‍ എഴുതുവാനുള്ള അവകാശം ഞങ്ങള്‍ക്ക് മാത്രം..
ഈ വെള്ളച്ചായം പൂശി വെളുത്ത ഞങ്ങള്‍ക്ക് മാത്രം...

എന്തുകൊണ്ട്...
എന്തുകൊണ്ടെന്തുകൊണ്ട്...

കറുത്ത മനസ്സുള്ള നിന്റെ വെളുത്ത ശരീരത്തിലും
വെളുത്ത മനസ്സുള്ള എന്റെ കറുത്ത ശരീരത്തിലും 
സിരകളിലോടുന്ന രക്തം ചുവപ്പല്ലേ...
പ്രാണന്‍ പിടഞ്ഞു തീരുമ്പോഴുള്ള വേദന 
കറുത്ത മേനിക്കും വെളുത്ത മേനിക്കും ഒരുപോലെയല്ലേ...

പനിമതിയുടെ തിളങ്ങുന്ന വെണ്മ മറയ്ക്കുവാന്‍ 
കാര്‍മേഘത്തിനു കഴിയുമെങ്കില്‍ നിന്റെ വെളുപ്പിന്റെ അഹന്ത മായ്ക്കാന്‍ എന്റെ കറുപ്പിന്റെ എളിമയ്ക്ക് കഴിയും..

ഒരു കറുത്ത പൂവ് തേടി ഞാന്‍ വഴിയോരമെല്ലാം അലഞ്ഞു...
അപൂര്‍വ്വമത്രേ...നമ്മുടെ ഇടവഴികളില്‍ കറുത്ത പൂക്കള്‍ അത്യപൂര്‍വ്വമത്രേ...
വെളുത്ത പൂക്കളുടെ ആധിപത്യത്തില്‍ കറുത്ത പൂക്കള്‍ക്ക് വംശനാശം സംഭവിച്ചുവോ...

വേണ്ട.. വേണ്ടാ..
കറുപ്പടിച്ച വെളുത്ത മുടിയഴിച്ചാടണ്ട....
ചായം തേച്ചു ചുവപ്പിച്ച ചുണ്ടുകളാല്‍ എന്റെ വെളുത്ത കവിതയെ അപമാനിക്കണ്ടാ...
അഹങ്കരിക്കണ്ടാ...
നിനക്കും എനിക്കും കഴിവുതന്ന ഒരു പ്രപഞ്ചശക്തിയുണ്ട്...
ഇത്തിരിപ്പോന്ന ഒരു തീപ്പെട്ടികൊള്ളി 
മതിവെളുത്തതെല്ലാം കറുപ്പാകാന്‍...

Post a Comment

0 Comments