അക്ഷരപ്പൂക്കളാല്‍ കോര്‍ത്തൊരാ പൂമാല
പുഞ്ചിരി കടലാസ്സില്‍ പകര്‍ത്തി ഞാനെഴുതി.
മാറിലെ ധാവണിക്കുള്ളീലൊളിപ്പിച്ച്
വേലിക്കരികിലായ് കാത്തു ഞാന്‍ നില്‍ക്കവേ
വേലിപ്പടര്‍പ്പിലെ കൊന്നപ്പൂ എന്നോട്
വീട്ടിലായോതിടും ഞാനീ രഹസ്യത്തെ
മറുവാക്കായ് ഞാനോതി കരിവണ്ട് വന്നിട്ട്
നിന്നിളം ചുണ്ടിലായ് ചുംബിച്ചോരക്കഥ.
പാടത്തിന്നക്കരെ തെങ്ങിന്‍ ചുവട്ടിലായ്
കണ്ടുഞാനെന്നുടെ പ്രാണന്റെ നിഴലിനെ
ഒരുമാത്ര നേരത്തിന്നുള്ളിലായ് എന്നുടെ
ഹൃദയത്തില്‍ തകിലിന്റെ കൊട്ടിക്കലാശം.
ആ നിഴല്‍ മെല്ലേയരികിലായണയുന്നു
മമ കണ്‍കള്‍ തന്നിലായ് ജ്വലിക്കുന്നു കൗതുകം
നാവിലെ ഉമിനീര് വറ്റി വരളുന്നു
വിറയാര്‍ന്ന പാദങ്ങള്‍ നൃത്തം ചവിട്ടുന്നു.
അയലത്തെ ആകാശവീട്ടിലെയമ്പിളി
പ്പെണ്ണവള്‍ പുഞ്ചിരി ദീപം തെളിക്കുന്നു
അവിടുത്തെ നക്ഷത്രക്കുഞ്ഞുങ്ങള്‍ കണ്ടിട്ട്
കൂക്കീ വിളിക്കുന്നു പരിഹാസത്തോടെ.
ചാരത്തണഞ്ഞൊരാ ജീവന്റെ ജീവന്
കൈമാറി ഞാനെന്റെ മാറിലെ ചൂടുള്ള
സ്വപ്നക്കടലാസ്സില്‍ സ്വര്‍ണ്ണ നൂലിഴകളില്‍
എഴുതിയ സുന്ദര പ്രേമത്തിന്‍ ലേഖനം.
2 Comments
Good
ReplyDeleteNice
ReplyDelete