എലി കരണ്ട കവിത © ബിന്നി സം എബ്രഹാം

അച്യുതന്‍കുട്ടി വളരെനാളായി ഒരു കവിത എഴുതണമെന്നു വിചാരിക്കുന്നു.പുസ്തകങ്ങള്‍ വായിക്കാറുണ്ടെങ്കിലും ഇതുവരെ ഒന്നും എഴുതിയിട്ടില്ല. രാവിലെ എണിറ്റു തെക്കോട്ടുംനോക്കി പല്ലുതേച്ചുകൊണ്ടു നിന്നപ്പോളാണ് അച്യുതന്കുട്ടിയുടെ മനസ്സില്‍ കവിതയുടെ ആശയം പൊട്ടിമുളച്ചത്. വാലിനു തീപിടിച്ചപോലെ പാഞ്ഞ അച്യുതന്‍കുട്ടി തന്റെ റൂമിലെ മേശയുടെ മുമ്പിലാണ് ഓട്ടം അവസാനിപ്പിച്ചത്.

ഒരു പേപ്പറും ഫൗണ്ടന്‍ പേനയുമെടുത്തു മുളപൊന്തിവന്ന കവിതയുടെ ശകലങ്ങള്‍ കുറിച്ചിട്ടു. അടുത്ത വരികള്‍ക്കായി കുറേനേരം ആലോചിച്ചിട്ടും ഒന്നും ഒന്നും കിട്ടിയില്ല. അപ്പോഴാണ് വായിലിരിക്കുന്ന ബ്രഷിന്റെ കാര്യം അച്യുതന്‍കുട്ടി ഓര്‍ത്തത്. അതിവേഗംതന്നെ പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ച അച്യുതന്‍കുട്ടി തിരികെ ഫൗണ്ടന്‍പേനയുടെയും പേപ്പറിന്റെയും മുമ്പിലെത്തി. ജലപാനമില്ലാതെ രാവിലെ മുതല്‍ രാത്രവരെ ഇരുന്ന അച്യുതന്‍കുട്ടി കവിത പൂര്‍ത്തിയാക്കി. ഒന്നുരണ്ടു ആവര്‍ത്തി വായിച്ചു സംതൃപ്തനായശേഷം താന്‍ കവിയാകുന്നതും തന്റെകവിതക്കു അവാര്‍ഡ്കിട്ടുന്നതും സ്വപ്നം കണ്ടു നിദ്രയിലാണ്ടു.

രാത്രിയുടെ രണ്ടാം യാമത്തില്‍ തട്ടിന്പുറത്തുനിന്നു താഴെ എത്തിയ മൂഷികന്‍ അച്യുതന്കുട്ടിയുടെ കവിത കാണുകയും തല്‍ക്ഷണംതന്നെ അത് അകത്താക്കുകയും ചെയ്തു. ഇത് ഞാന്‍ എടുത്തു എന്ന് ബോധിപ്പിക്കാന്‍വേണ്ടി മാത്ര കവിതയുടെ ഒരു ശകലം മാത്രം മേശപ്പുറത്തു ബാക്കിവെക്കുകയും ചെയ്തു. രാവിലെ സുന്ദരസ്വപ്നങ്ങള്‍ കണ്ടുണര്‍ന്ന അച്യുതന്‍കുട്ടി മൂഷികന്‍ കരണ്ട കവിത ശകലം കണ്ടു താടിക്കു കൈയും കൊടുത്തിരുന്നുപോയി. കവിത വിഴുങ്ങിയ മൂഷികനില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. കവിതവിഴുങ്ങിയതിന്റെ അനന്തര ഫലമായി മൂഷികന്‍ താടി നീട്ടി വളര്‍ത്തുകയും മുഴിഞ്ഞുനാറിയ ഒരു ജുബ്ബ സംഘടിപ്പിച്ചിടുകയും തോളില്‍ ഒരു തുണിസഞ്ചിയും തൂക്കി താടിയും തടവി തട്ടിന്റെ മുകളില്‍നിന്ന് വിധൂരതയിലേക്കും നോക്കിനില്‍ക്കുവാനും തുടങ്ങി. ഒടുവില്‍ മൂഷികന്‍ കവിതഎഴുതുവാനും ആരംഭിച്ചു.

തലേന്നുതിന്ന അച്യുതന്കുട്ടിയുടെ കവിത മൂഷികന്റെ തൂലികയിലൂടെ പുനര്‍ജനിച്ചു. എഴുതിയകവിത മൂഷികന്‍ പത്രങ്ങളിലേക്കും മാസികകളിലേക്കും അയച്ചു. അയച്ച കവിത പത്രങ്ങളിലും മാസികകളിലും അച്ചടിച്ചു വന്നു അച്ചടിച്ചുവന്ന കവിതയ്ക്ക് അവാര്‍ഡുകളും ലഭിച്ചു. അവാര്‍ഡ് ജേതാവിനെ കാണാന്‍ അച്യുതന്കുട്ടിയുടെ വീട്ടിലേക്കു പത്രക്കാരും ടീവിക്കാരും ഇരച്ചെത്തി. തട്ടിന്പുറത്തെ മൂഷിക കവിയുടെ വാക്കുകള്‍ക്കായി അവര്‍ കാത്തിരുന്നു. പത്രസമ്മേളനത്തില്‍ മൂഷികവംശത്തിന്റെ പുതുതലമുറയുടെ വാഗ്ദാനമാണ് മൂഷിക കവി എന്നുവരെ മന്ത്രി പറയുകയുണ്ടായി വീട്ടില്‍ എല്ലാവരും മൂഷിക കവിയുടെ ഇന്റര്‍വ്യൂ ടീവിയില്‍ കാണുബോള്‍ അച്യുതന്‍കുട്ടി മൂഷികകവിക്ക് കൊടുക്കാനുള്ള അടുത്ത കവിതയുടെ പണിപ്പുരയില്‍ ആയിരുന്നു

ബിന്നി സം എബ്രഹാം















Post a Comment

5 Comments