ആര്‍ക്കുവേണ്ടി

⃟  കവിത 



പൂക്കള്‍ ചിരിക്കുന്നതാര്‍ക്കുവേണ്ടി?
കൈതവം കാണാത്ത കുഞ്ഞിളം പൈതലി-
ന്നാനന്ദമേകുവാനായിരിക്കാം.

പൂനിലാപ്പാലാഴിയാര്‍ക്കുവേണ്ടി
ആത്മാര്‍ത്ഥസ്‌നേഹത്താല്‍ മാനസം കൈമാറും
പ്രണയാനുരാഗികള്‍ക്കായിരിക്കാം.                           

പൂങ്കുയില്‍ പാടുന്നതാര്‍ക്കുവേണ്ടി
പൂക്കള്‍ ചിരിക്കുന്ന പൊന്‍വസന്തത്തിന്നു
മോടികൂട്ടീടുവാനായിരിക്കാം.

കുളില്‍മാരി പെയ്യുന്നതാര്‍ക്കുവേണ്ടി
ദാഹാര്‍ത്തയായ് ജലം കേഴുന്ന പ്രകൃതിക്കു
ദാഹം ശമിക്കുവാനായിക്കാം.

തൂമഞ്ഞു പെയ്യുന്നതാര്‍ക്കുവേണ്ടി
പുഞ്ചിരിതൂകുന്ന പൂവിന്‍കവിളില്‍
മുത്തുപതിക്കുവാനായിരിക്കാം.

തേന്‍വണ്ടുമൂളുന്നതാര്‍ക്കുവേണ്ടി
മധുവേന്തിയാനന്ദനൃത്തമാടീടുന്ന
തൂലമര്‍കന്യയ്ക്കുവേണ്ടിയാവാം.

പൂന്തെന്നല്‍ വീശുന്നതാര്‍ക്കുവേണ്ടി
മധുപകര്‍ന്നാലസ്യമാര്‍ന്ന സൂനങ്ങളെ
ആലോലമാട്ടുവാനായിരിക്കാം.

താരകപ്പൂമരമാര്‍ക്കുവേണ്ടി
പൂക്കളെപ്പുല്‍കിയുണര്‍ത്തുവാനെത്തുന്ന
മാലാഖപ്പെണ്‍ക്കൊടിയായിരിക്കാം.

പാല്‍ക്കടല്‍ത്തിരമാലയാര്‍ക്കുവേണ്ടി
തീരത്തണയുമ്പോള്‍ പുല്‍കുവാന്‍ കൈനീട്ടി
നില്‍ക്കുന്ന തീരത്തിനായിരിക്കാം.


Post a Comment

2 Comments