ഓര്‍മ്മയിലെ ബാല്യം | സ്വാതി സുഭാഷ്


 
പ്പുണ്ണിമാഷിന്റെ അദ്ധ്യാപക ജീവിതത്തില്‍ തിരശ്ശില വീഴാന്‍ ഇനി ദിനങ്ങള്‍ മാത്രം. മാഷ് തന്റെ മുറിയുടെ ജനാലക്കരുകിലേക്ക് ചാരുകസേര നീക്കിയിട്ട് ഇരുന്ന് പുറത്തേക്ക് നോക്കി. കുറേ കുട്ടികള്‍ മൈതാനത്ത് ഓടിക്കളിക്കുന്നു. ഓടിയും വീണും കരഞ്ഞും ചിരിച്ചും ഓടിക്കളിക്കുന്ന കുരുന്നുകളുടെ ആ കാഴ്ച്ച മാഷിനെ ബാല്യകാലത്തേക്ക് കൂട്ടികൊണ്ടുപോയി.
താങ്ങും തണലുമായിരുന്ന അച്ഛന്‍ മണ്‍മറഞ്ഞുപോയപ്പോള്‍ ജീവിതം ദുരിതത്തിലേക്കായിരുന്നു തള്ളിയിട്ടത്.  പിന്നീട് പല വീടുകളിലും പുകയിലും അഴുക്കിലും പണിയെടുത്ത് അമ്മ തന്നെ ഊട്ടി വളര്‍ത്തി. അന്നാദ്യമായി പാഠശാലയിലേക്ക് പോയ ദിവസം ഇപ്പോഴും മനസില്‍ പച്ച പിടിച്ചു നില്‍ക്കുന്നു.വിദ്യാലയത്തിന്റെ ഇടനാഴിയിലും, കുട്ടികളിലും എല്ലാം പുത്തന്റെ വാസന. തന്നോടൊപ്പമുള്ള കുട്ടികള്‍ക്കെല്ലാം പുതിയ കുപ്പായം, പുതിയ സഞ്ചി, കുട എല്ലാം പുതിയത്. തന്റെ കുപ്പായത്തിലേക്കും കൈയ്യിലേക്കും ഒന്ന് കണ്ണോടിച്ചു. അപ്പുണ്ണിക്ക് സങ്കടം വന്നില്ല. കാരണം അമ്മയുടെ കയ്യില്‍ കാശുണ്ടായിരുന്നില്ല പുതിയത് ഒന്നും വാങ്ങിത്തരാന്‍. എങ്കിലും കൊതിയോടെ നോക്കി നിന്നു.  വീടുകളില്‍ ജോലിക്കു പോകുന്നത് കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു. തന്റെ മനസ്സുനിറയെ സന്തോഷമായിരുന്നു. പാഠശാലയില്‍ പഠിക്കാം, കൂട്ടുകാരുമൊത്ത് കളിക്കാം എന്നാലും ഒരു കാര്യം മനസ്സില്‍ ഉറപ്പിച്ചാണ് അപ്പുണ്ണി പള്ളിക്കൂടത്തിന്റെ പടികള്‍ ചവുട്ടിയത്. 

പഠിച്ച് നല്ലൊരു ജോലി സമ്പാദിക്കണം; അതും സര്‍ക്കാരിന്റെ കീഴില്‍. തന്റെ അമ്മയെ നന്നായി നോക്കണം. പിന്നീട് രാവും പകലുമില്ലാതെ പഠിച്ചു. പുതിയ പാഠങ്ങള്‍, പുതിയ പുതിയ സ്‌കൂളുകള്‍, കോളേജ്, പുതിയ അറിവുകള്‍ നേടി താന്‍ സ്വപ്നം കണ്ട സ്ഥാനത്തെത്തി. എന്നാല്‍ ഈ സന്തോഷം പങ്കിടാന്‍ അമ്മയെ വിധി അനുവദിച്ചില്ല. ദാരിദ്രവും ദുഃഖവും കഷ്ടപ്പാടും മാത്രമാണ് വിധി അമ്മയ്ക്ക് സമ്മാനിച്ചത്. എങ്കിലും തളരാതെ  തന്റെ ലക്ഷ്യത്തിലെത്തി. കുഞ്ഞുങ്ങളുടെ മനസ്സറിയുന്ന മാഷായി.. 

അമ്മയെ കുറിച്ച് ഓര്‍ത്തിട്ടാവാം അറിയാതെ കണ്ണുകള്‍ നിറഞ്ഞു. ഇടവപ്പാതിയില്‍ ഇലക്കുടയും ചൂടി പള്ളിക്കൂടത്തിലേക്ക് പോകുന്നത് മനസ്സിന്റെ മടിത്തട്ടില്‍ മായാതെ നില്‍ക്കുന്നു. പുറത്ത് കാറ്റ് ആഞ്ഞു വീശി .മഴത്തുള്ളികള്‍ വീണു ചിതറിത്തെറിച്ചു. കാറ്റില്‍ പറന്നെത്തിയ മഴത്തുള്ളികള്‍  മാഷിന്റെ മുഖത്തേക്ക് ഉതറി വീണു .ഓര്‍മകളില്‍ നിന്നും മുക്തനായ മാഷ് കസേരയില്‍ നിന്നെഴുന്നേറ്റു. ദിവസങ്ങള്‍ കഴിഞ്ഞാല്‍ വിദ്യാലയവും സഹപ്രവര്‍ത്തകരും തന്റെ കുട്ടികളും... അങ്ങനെ ആരെല്ലാം എന്തെല്ലാം... ഒരു ദീര്‍ഘനിശ്വാസത്തോടെ കുടയുമെടുത്ത് മാഷ് പുറത്തേക്കിറങ്ങി...

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

4 Comments

Previous Post Next Post