ഫസ്റ്റ് ബെല്‍ മുഴുങ്ങുന്നതും കാത്ത് സമാന്തരവിദ്യാഭ്യാസ മേഖല | പരമ്പര 1


തയ്യാറാക്കുന്നത് : 
എം.അരുണ്‍, അജുസ് കല്ലുമല

മാര്‍ച്ച് മാസത്തെ അവസാന പരീക്ഷയും കഴിഞ്ഞ് ചോദ്യപ്പേപ്പറുമായി വരുന്ന കുട്ടികളുടെ ആശങ്കകളെല്ലാം പോട്ടെ സാരമില്ല...നിനക്ക് വിജയം ഉറപ്പല്ലേ... എന്ന സാന്ത്വനവാക്കുകളുമായായിരുന്നു കഴിഞ്ഞ കൊല്ലം വരെ കുട്ടികളുടെ രണ്ടാം കലാലയമായ ട്യൂട്ടോറിയലുകള്‍ മധ്യവേനല്‍ അവധിക്കായി താഴിട്ടിട്ടുള്ളത്. പിന്നെ വിശ്രമം വെറും ഒരാഴ്ചയേ അധ്യാപകര്‍ക്കുള്ളു. അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള വേനലവധി ക്ലാസ്സുകള്‍ തുടങ്ങുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും പുതിയ കുട്ടികള്‍ക്ക് വേണ്ടിയുള്ള ക്യാന്‍വാസിങ്ങുകളുമായി പിന്നെ അവധിയില്ലാത്ത ദിനരാത്രങ്ങള്‍...

'വേറെന്തെങ്കിലും ജോലിക്ക് പൊയ്ക്കൂടേ...' എന്ന് കറണ്ട് ബില്ല് നാളെ അടയ്ക്കാം എന്ന്  പറയുമ്പോള്‍ അച്ഛനമ്മമാരില്‍ നിന്നുള്ള ചോദ്യങ്ങളും, 'ഇങ്ങനെ പിള്ളേരെ പഠിപ്പിച്ച് നടന്നാല്‍ മതിയോ... കല്യാണമൊന്നും വേണ്ടായോ... വേറെന്തെങ്കിലും തൊഴിലിനു പൊയ്ക്കൂടേ... ഇത്ര വരെ പഠിച്ചിട്ട്...' അധ്യാപനത്തോടുള്ള ഇഷ്ടം കൊണ്ട് മാത്രം താടിരോമങ്ങള്‍ നരച്ചിട്ടും മറ്റൊരു ജോലിതേടിയും പോവാത്തവരുണ്ട്... വെയിറ്റിംഗ് ലിസ്റ്റിലുള്ള സര്‍ക്കാര്‍ ജോലിയുടെ അഡൈ്വസ് വീട്ടിലെത്തുന്നതും കാത്ത് കുട്ടികള്‍ക്ക് വിദ്യപകരുവാന്‍ സാമ്പത്തിക ലാഭം നോക്കാതെ പണിയെടുക്കുന്നവരുമുണ്ട്... സര്‍ക്കാര്‍ ജോലി കിട്ടിയാലും, സ്വകാര്യ ജോലി കിട്ടിയാലും ആദ്യമായി അന്നംതന്ന തൊഴിലിനെ മറക്കാത്തവരുമുണ്ട്... ഇതായിരുന്നു നമ്മുടെ സമാന്തര സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഇന്നലെ വരെ...
കോവിഡ് എന്ന കണ്ണില്‍ കാണാത്ത വില്ലന്‍ വൈറസ് താളം തെറ്റിച്ചത് ഇവരുടെ ജീവിതം കൂടിയാണ്...

'സാറേ...' പ്രധാനാധ്യാപകനെ ഇനിയും തരാത്ത കുടിശ്ശിക ഫീസിനായി വിളിക്കുമ്പോള്‍... ' പൊന്ന് സാറേ... ഇനി കുടിശ്ശിക ഫീസൊന്നും കിട്ടുമെന്ന് തോന്നുന്നില്ല... നമ്മുടെ യുപി സെക്ഷന്റെ ഷെഡ് പൊളിച്ച് പണിയാന്‍ പോലും പറ്റുമോന്ന് അറിയില്ല സാറേ... ' അതേ... പ്രധാനാധ്യാപകനായ ട്യൂട്ടോറിയല്‍ ഉടമയും അതിലേറെ ദുരിതത്തിലാണ്. മാര്‍ച്ച് അവസാനം കിട്ടാനുള്ള ഫീസെല്ലാം കിട്ടിയിട്ട് തന്നോടൊപ്പം ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരുടെ ശമ്പള കുടിശ്ശികയും സ്ഥാപനത്തിന്റെ അറ്റകുറ്റപ്പണികളും തീര്‍ക്കാന്‍ സ്വപ്നം കണ്ടിരുന്നതാണ്... സ്വപ്നമല്ല, കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അങ്ങനെ തന്നെയായിരുന്നു... എന്നാല്‍... കോവിഡാണ്...

ഈ ദുരിതങ്ങള്‍ കാണാതെ പോയതാണോ... അതോ കണ്ടിട്ടും ഗൗനിക്കാതെ പോയതാണോ നമ്മുടെ സമൂഹം... ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളില്‍ പഠിക്കാത്തവര്‍ ചെറിയൊരു ശതമാനമേ കാണൂ കേരളത്തില്‍... ഒന്ന് തിരിഞ്ഞ് ചിന്തിച്ചാല്‍ നമുക്കറിയാം നമ്മള്‍ പഠിക്കുമ്പോള്‍ തന്നെ എത്ര ദുരിതത്തിലായിരുന്നു ആ അധ്യാപകരില്‍ പലരും. നമ്മള്‍ കളര്‍ ഡ്രസ് ഇടാന്‍ കഴിയുന്ന ദിനങ്ങളില്‍ വെറൈറ്റി ഡ്രൈസൊക്കെ ഇട്ട് ചെല്ലുമ്പോഴും ഒരു വര്‍ഷം മുഴുവനും പഴയ മുണ്ടും ഷര്‍ട്ടും, അല്ലെങ്കില്‍ പാന്റും ഷര്‍ട്ടും മാത്രമണിഞ്ഞ് അവര്‍ കൃത്യമായി എത്തുമായിരുന്നു. അവര്‍ക്കൊപ്പം നിന്ന് പ്രതികരിക്കേണ്ടത് നമ്മളാണ്. നമ്മുടെ ഗുരുക്കന്മാര്‍ക്കുള്ളൊരു ദക്ഷിണയായി ഇത് മാറട്ടെ... കോവിഡ് കാല ദുരിതാശ്വാസം സമാന്തര സ്ഥാപനങ്ങള്‍ക്കും ലഭിക്കട്ടെ.

ഈ ദുരിതക്കയത്തില്‍ നിന്നും സമാന്തര സ്ഥാപനങ്ങളെയും ജീവനക്കാരെയും രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍തലത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടായേ തീരു. പ്രത്യേകിച്ച് സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം കൂടുമ്പോള്‍, നാളെ എന്ത് എന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സമൂഹം. അതിനാല്‍ അടിയന്തിരമായൊരു ഇടപെടല്‍ ഉണ്ടായേ മതിയാവൂ... കാരണം, കാരണമുണ്ട്. വരും ദിനങ്ങളില്‍ ആ കാരണങ്ങളിലേക്കാണ് ഈ പരമ്പര കടക്കുന്നത്...
(തുടരും)

Post a Comment

0 Comments