ബീഡി | ഡാര്‍വിന്‍ മാത്യു ആലപ്പുഴ


ചുവന്ന ചുണ്ടില്‍
ഒരു ബീഡി 
കത്തിത്തുടങ്ങുന്നു.

ആദ്യത്തെ പുക
ആസ്വാദ്യമാകുമ്പോള്‍ 
അതില്‍നിന്നും
അടുത്ത പുകയുടെ പാതി
ഇടത് വശത്തേയ്ക്ക്
ഊതിവെയ്ക്കും.

നിലാവിനെ വരയ്ക്കുന്ന
ആ പുക
മനോഹരമായ ആകാശം
സൃഷ്ടിക്കും,
അതില്‍
നക്ഷത്രങ്ങള്‍ പിറവികൊള്ളും.

വീണ്ടുമൊരു പുകയില്‍
ഉള്‍വലിഞ്ഞ കണ്ണില്‍ നിന്നും
നക്ഷത്രകുഞ്ഞുങ്ങള്‍ക്ക്
വെളിച്ചം  പകരും.

പകര്‍ന്നുവെച്ച വെളിച്ചം 
അണയാതിരിക്കാന്‍
പുക ഊതിയൂതി
എരിയുന്ന ബീഡിയില്‍ നിന്ന്
ജ്വലിക്കുന്ന കനലുകള്‍,
അപഹരിക്കപ്പെടും.

അപ്പോഴും,
പാതികത്തിയ ബീഡി
കെട്ടുപോകാതിരിക്കാന്‍
ആയാസപ്പെട്ട്
കറുത്തുപോയ ചുണ്ടുകള്‍
ആഞ്ഞു വലിച്ചുകൊണ്ടേയിരിക്കും.

വീണ്ടുമൊരു പുകയില്‍ 
വെന്തുനീറിയ കവിളുകളിലെ
നുണക്കുഴികള്‍
ഗര്‍ത്തങ്ങളായി പരിണമിച്ച്
ചിരികള്‍ വേരറ്റു നില്‍ക്കും.
എങ്കിലും..
മുക്കാലും കത്തിയ ബീഡിപ്പുകയില്‍
നക്ഷത്രക്കാലുകള്‍ വളര്‍ന്നിറങ്ങും.

പിന്നെ,
പുകയൂതാന്‍ കഴിയാതെ
ഉമിനീര് വറ്റിയ
വരണ്ടചുണ്ടില്‍
മുറിബീഡി
തെല്ലൊന്ന് കെട്ടുനില്‍ക്കും.

തത്ക്ഷണം,
ചിറക് മോഹിച്ച നക്ഷത്രങ്ങള്‍,
ചുണ്ടോടുചേര്‍ന്ന ബീഡി
പിന്നെയും പിന്നെയും തീ കൊടുക്കും.

ഒടുവില്‍..
ബീഡിക്കനല്‍ ചുണ്ടിനെ ചുംബിക്കുമ്പോള്‍
കറുത്തചുണ്ടുകള്‍ മലര്‍ക്കെത്തുറന്ന്
ബീഡിത്തുണ്ട് തെറിച്ചു വീഴും.
ആ നേരം,
മഞ്ഞയും ചുവപ്പും
ഇടകലര്‍ന്ന പൂക്കള്‍ 
കുലകുലയായി അടര്‍ന്നുവീണ്
മുന്നില്‍ പൂക്കളം തീര്‍ക്കും.

അപ്പോള്‍
അവസാന പുകയില്‍ നിന്നും
പകര്‍ന്നെടുത്ത വര്‍ണ്ണങ്ങള്‍ കൊണ്ട്
മഴവില്‍ചിറകുകള്‍ തീര്‍ത്ത്,
നക്ഷത്രങ്ങള്‍
അകലെ എവിടെയോ 
കറുത്ത ചുണ്ടിലെ
ദുഷിച്ച ബീഡിയുടെ
രൂക്ഷഗന്ധത്തെപ്പറ്റി
പരാതി പറയുകയാവും.

Post a Comment

1 Comments