നിന്റെ പ്രതികാരം ഇനിയും അടങ്ങാറായില്ലേ? നിന്നെക്കാളും അരണ്ട ചിന്താഗതിക്കാർ പോലും മനസിലാക്കുന്നു നിന്റെ അപാര ശക്തിയെ. മനുഷ്യകുലം ഇനി എന്താണ് പഠിക്കാനുള്ളത്? എല്ലാമായല്ലോ? ആർഭാടങ്ങളെ ലളിതമാക്കി കാട്ടിത്തന്നു. അത്യാവശ്യങ്ങൾ എന്തെന്നും ആവശ്യങ്ങളും അനാവശ്യങ്ങളും എന്തെന്നും നമ്മളറിഞ്ഞു. പാവപ്പെട്ടവന്റേയും പാമരന്റേയും വേദനകൾ ഒന്നായി. പ്രാർത്ഥനയും ദേവാലയങ്ങളും സ്വന്തം ഗൃഹത്തിലും ആകാമെന്ന് ദൈവം തന്നെ കാട്ടിത്തന്നു. ജാതി മത വ്യത്യാസമില്ലാതെ അവനവനെന്താണെന്നറിഞ്ഞു. എല്ലാവരേയും ഒന്നായ് കാണാൻ നീ പഠിപ്പിച്ചു. പ്രക്രതിയുടെ വേദന നീ കാണിച്ചു തന്നു കാലത്തെ ദേശത്തെ കണ്ടറിഞ്ഞു. പക്ഷി മൃഗാതികളെ മനുഷ്യൻ തിരിച്ചറിഞ്ഞതിലൂടെ നിന്നെക്കാളും വലിയ ഭീകരൻ ചില മനുഷ്യനെന്ന തിരിച്ചറിവും കണ്ടു. ഒരു പാട് കുഞ്ഞോമനകൾക്കു മാതാപിതാക്കളേയും അച്ഛനമ്മമാർക്ക് മക്കളേയും താലോലിക്കാൻ അവസരം നൽകിയതാണ് ഏറ്റവും വലിയ പാഠമായത്. ഉള്ളതുകൊണ്ടോണം പോലെ കഴിഞ്ഞു നമ്മൾ. മുറ്റത്തെ മുല്ലകൾക്കെല്ലാം സുഗന്ധം കൂടി. തനതു വിഭവങ്ങൾക്കു രുചി ഏറി. പോഷകാഹാരങ്ങൾ തിരിച്ചു വന്നു. പാശ്ചാത്യർ വട്ടപ്പൂജ്യമാണെന്നറിയിച്ചു. നമ്മുടെ സംസ്‌കൃതി ആണ് ശ്രേഷ്ഠമെന്നറിഞ്ഞു. ഭക്ഷണ ശാലകളും വസ്ത്ര- ആഭരണ- മൈബൈൽ കടകളിലെ തിങ്ങികൂടുന്ന ജനങ്ങളുടെ ആവശ്യം അത്യാവശ്യം പോലുമല്ലാതായി ? ചീറിപ്പായുന്ന വാഹനങ്ങളില്ല അപകടങ്ങളില്ല ശസ്‌ത്ര ക്രിയകൾ ഭൂരിഭാഗവും ആശുപത്രിക്കാർക്കു വേണ്ടി മാത്രമായിരുന്നെന്നറിഞ്ഞു. എന്തിനു പലരും പരിഹസിച്ചു തള്ളിയ ഇഞ്ചിയും കുരുമുളകും മഞ്ഞളും ആണ് രക്ഷപ്പെടുന്നവരുടെ വാക്കുകളിൽ മുഴച്ചു കണ്ടത്. മരുന്നില്ലാതെ ചിട്ടയോടെ മനുഷ്യർക്ക് ജീവിക്കാമെന്നും പഠിപ്പിച്ചു. ആരോഗ്യപ്രവർത്തകരാണ് ദൈവങ്ങളും സെലിബ്രിറ്റികളും. അവർക്കാണ് അവാർഡുകളും സഹായങ്ങളും ആദരവും വേണ്ടതെന്നു ലോകം ഒന്നടങ്കം പറഞ്ഞു. തിരിച്ചറിവിന്റെ ദിനങ്ങളൾ, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള കാലമായി. വിദ്വേഷത്തേയും കളങ്കത്തേയും മാറ്റി നിർത്താനുള്ള തിരിച്ചറിവ് തന്നു. പരസ്പരം അറിയാനും വേദനിക്കാതിരിക്കാനും നമ്മെ പഠിപ്പിച്ച കാലം. ക്ഷമയുടെ മഹത്വം ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന കാലം..
ഇനിയുമെന്ത്?
പ്രിയമുള്ള കൊറോണ നിന്റെ സ്നേഹം ശക്തി ആത്മാർത്ഥത ഒക്കെയും നമ്മളറിയുന്നു. ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ ഈ പ്രതികാരം ? ഇനി എന്താ നിന്റെ ഭാവം? ഉന്മൂല നാശമാണോ? പോകപോകെ നിന്റെ വീര്യം മാറുന്നു. ലക്ഷണം രൂപം ലക്ഷ്യം നിറം പ്രതികാരം ഒക്കെ മാറിമറിയുന്നല്ലോ. ഇനിയും എന്താണ് വേണ്ടത്? തെറ്റുകൾ തിരുത്താൻ മനുഷ്യർ ഒരുക്കമാണ് അത് നീ അറിയുക. മതിയാകൂ.. അല്ലാതെ മരുന്ന് കമ്പനികളെ കൂടി കൊഴുപ്പിക്കാൻ ഇടയാക്കല്ലേ. അവർ തളിർക്കുമ്പോഴേക്കും നിന്റെ അടുത്ത സന്തതി വരുമെന്നവർ ഓർക്കട്ടെ. അതിനിപ്പോ നീ ചവിട്ടി നിർത്തിയേ മതിയാകൂ. ഒന്നറിയുക
കൊറോണാനന്തര ലോകം നീ സ്വപ്നം കാണുന്നതിലും അപ്പുറമാകും. സഹജീവികളെ പ്രകൃതിയെ സമൂഹത്തെ പാവപ്പെട്ടവനെ ഒക്കെ അറിയുന്ന പ്രബുദ്ധരാകും മനുഷ്യർ.
ദയവായി നിർത്തൂ നിന്റെ താണ്ഡവം. എങ്കിൽ നിന്നോട് നമ്മൾ നന്ദിയുള്ളവരാകും എന്ന് തീർച്ച.
നന്മയോടെ മനുഷ്യർ


0 Comments