സി ജെയുടെ എഴുത്തും ചിത്രങ്ങളും █ ഭാഗം 2

 

അന്യംനില്‍ക്കുന്ന നാട്ടു നന്മകളും കാഴ്ചകളും....മങ്ങാരവും മങ്ങാരത്തെ കടകളും..

കഴിഞ്ഞ കുറച്ചു കാലമായി നമ്മുടെ 

ഗ്രാമങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചതായി കാണാനാവും..

വിവരസാങ്കേതികവിദ്യയില്‍ ഉണ്ടായ കുതിച്ചുചാട്ടവും ലോകമാകെ എല്ലാ മേഖലകളിലുമുണ്ടായ വലിയ പുരോഗതിയും  ഗ്രാമങ്ങളെയും  ബാധിച്ചിരിക്കുന്നു എന്ന് പറയാം.

നമ്മുടെ നാടാകെ ഇന്ന് വല്ലാതെ മാറിയതായി നിങ്ങള്‍ക്കും തോന്നുന്നില്ലേ?

വികസനം, പുരോഗതി എന്നൊക്കെ ഈ മാറ്റങ്ങള്‍ക്ക്  നാം പറയുമ്പോഴും പുതു മാറ്റങ്ങള്‍ക്കൊപ്പം ചില പൈതൃക കാഴ്ച്ചകളും

നാട്ടു നന്മകളും നമുക്ക് നഷ്ടമാകുന്നു എന്നത് ഒരു യാഥര്‍ത്ഥ്യമാണ്.

ഗ്രാമീണ ശാലീനത മാഞ്ഞു  ഗ്രാമങ്ങള്‍ ചെറു പട്ടണങ്ങളായി പലയിടത്തും മാറിക്കഴിഞ്ഞൂ.

അതുകൊണ്ട് തന്നെ പഴമയുടെ അടയാളങ്ങളൊക്കെ  മാഞ്ഞു തുടങ്ങിയിരിക്കുന്നൂ.

കാലം ആവശ്യപ്പെടുന്നതാകാം ഈ മാറ്റങ്ങള്‍...

എങ്കിലും ചിലയിടങ്ങളില്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ചില ഗ്രാമ കാഴ്ചകള്‍ ഇന്നും അവശേഷിക്കുന്നുണ്ട്...



നാടന്‍ ചായക്കടകളും മുറുക്കാന്‍ കടകളും കളത്തട്ടുകളും ചുമട് താങ്ങികളുമൊക്കെ എവിടെയും പഴയകാല ഓര്‍മ്മകള്‍ ഉണര്‍ത്തുന്നവയാണ്... ജാതിയും മതവും നിറവുമൊന്നും ആ ഒത്തു ചേരലുകള്‍ക്ക് ഒരു തടസ്സവും സൃഷ്ടി ച്ചിരുന്നില്ല..

എന്റെ ഗ്രാമമായ ആലപ്പുഴ കറ്റാനം വില്ലേജില്‍ പെട്ട ഇലിപ്പക്കുളം ദേശത്തുമുണ്ട് ചില പൈതൃക കാഴ്ച കള്‍...

കറ്റാനം തഴവമുക്ക് ചൂനാട് റോഡില്‍ നാല് കിലോമീറ്റര്‍ തെക്കോട്ട് സഞ്ചരിച്ചാല്‍ ഇലിപ്പക്കുളം മങ്ങാരം ജങ്ഷനില്‍ എത്താം.. മങ്ങാരം ദേവീക്ഷേത്രവും , ബി,ഐ എല്‍.പി എസും ,ബി ഐ മദ്രസയും എല്ലാം തൊട്ടരികില്‍ തന്നെ...

ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് അനിവാര്യമായ കാലത്താണ് എന്റെ പിതാവ് ചെങ്ങാപ്പള്ളില്‍ കെ ജലാലുദീന്‍ കുഞ്ഞു ബി ഐ എല്‍ പി, യു. പി സ്‌കൂളുകള്‍ ഇലിപ്പക്കുളത്ത് സ്ഥാപിക്കുന്നത്.

.മങ്ങാരത്തായിരുന്നു എല്‍ പി സ്‌കൂള്‍.. യു പി സ്‌കൂള്‍ കുറച്ച് അകലെയും.. 

ഞാനടക്കം എത്രയോ പേര്‍ അവിടെ നിന്നും വിദ്യഭ്യാസമാര്‍ജ്ജിച്ചു..

 പുതു മാനേജ്‌മെന്റ് കാലാനുസൃതമായി സ്‌കൂള്‍ പഴയകെട്ടിടം പൊളിച്ച് പുതിയത് നിര്‍മ്മിച്ച് വരുന്നു..

ഞങ്ങള്‍ പഠിക്കുന്ന കാലത്ത് മങ്ങാരം ഭഗവതീ ക്ഷേത്രത്തിനു മതില്‍ക്കട്ടുകള്‍ ഉണ്ടായിരുന്നില്ല..

സ്‌കൂള്‍- അമ്പല വസ്തുക്കള്‍ ചേര്‍ന്ന് ഏറെ വിശാലമായിരുന്നൂ. കുട്ടികളൊക്കെ വിശ്രമവേളകള്‍ ചിലവിട്ടിരുന്നത് അമ്പല പരിസരത്തെ മരച്ചുവട്ടിലായിരുന്നൂ. ഏറെ പ്രശസ്തമായ കൈതവന തറവാട് കുടുംബം ഈ അമ്പലത്തിന് തൊട്ട് പടിഞ്ഞാറുവശത്ത് ആയിരുന്നു. 

വിശാലമായ സ്‌കൂള്‍  മൈതാനത്ത് അന്ന് നാടന്‍ പന്ത് കളി പതിവായിരുന്നു...

മജീദ് കാക്കായുടെ മാടക്കട 

കൊച്ചലി കാക്കയുടെ ചായക്കട, സമദ് കാക്കായുടെ കട, എന്നിവ അക്കാലത്തെ മങ്ങാരത്തിന്റെ മുഖമുദ്രകളായിരുന്നു...

പുലര്‍ച്ചെയുള്ള മാവേലിക്കര തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറിനു പോകാന്‍ യാത്രക്കാര്‍ മങ്ങാരത്തെത്തുമ്പോള്‍, കൊച്ചലി കാക്കയുടെ കടയില്‍ നല്ല ചൂട് വെള്ളയപ്പം തയ്യാറായിട്ടുണ്ടാവും.ഒപ്പം ചായക്കുള്ള വെള്ളവും  തിളയ്ക്കുന്നത് റോഡില്‍ എത്തുമ്പോള്‍ കേള്‍ക്കാം....അദ്ദേഹമിന്നു ജീവിച്ചിരുപ്പില്ല...കടയുമില്ല... പക്ഷേ മാവേലിക്കര തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ മുടങ്ങാതെതെയിന്നും ഓടുന്നു...

ഇലിപ്പക്കുളം ബി ഐ എല്‍ പി എസ് ല്‍ പഠിക്കുന്ന കാലം മുതല്‍ കാണുന്ന കുഴുവേലിത്തറയില്‍ മജീദ് കാക്കയുടെ കട അര നൂറ്റാണ്ടു പിന്നിടുമ്പോഴും അതേപടി കാണാനാവുന്നു എന്നത്  അപൂര്‍വ്വതയാണ്...

മജീദ് കാക്കായിക്ക് പ്രായം എണ്‍പതോടടുത്തുവെങ്കിലും എല്ലാം പഴയതുപോലെ...  25പൈസ മുതല്‍ ഒരു രൂപയ്ക്കു വരെ സൈക്കിള്‍ വാടകക്ക് കൊടുത്ത ഒരു കാലവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.

അത്യാവശ്യം നോട്ട് ബുക്കുകള്‍, സ്ലേറ്റുകള്‍, സ്ലേറ്റ് പെന്‍സില്‍, മദ്രസ പുസ്തകങ്ങള്‍ ഒക്കെ  പണ്ടുകാലം മുതല്‍ ഈ മാടക്കടയില്‍ ലഭ്യമാണ്..

കപ്പലണ്ടി മിഠായിയും നാരങ്ങ മിഠായിയും ശര്‍ക്കര മിഠായിയുമൊക്കെ ഭരണികളില്‍ ഇന്നും സുലഭം....!

നല്ലൊരു കര്‍ഷകന്‍ കൂടിയായ മജീദ് കാക്ക വീട്ടില്‍ കൃഷി ചെയ്തുണ്ടാക്കിയ

നാടന്‍ ഞാലി പൂവനും പാളയം കോടനുമോക്കെ മിക്കപ്പോഴും വില്‍പ്പനയ്ക്കായി കടയില്‍ കൊണ്ടുവരും...

കാല്‍ നൂറ്റാണ്ട് പിന്നിട്ട മണ്ണെണ്ണ സ്റ്റോവില്‍ തന്നെ ഇപ്പോഴുമിവിടെ ചായയും റെഡി...

നാടന്‍ മോരും വെള്ളത്തിനു പുറമെ  മണ്‍ കലത്തിലെ  വെള്ളത്തില്‍ നാരങ്ങാ വെള്ളവും ഇവിടെ കിട്ടും...

ഈ പ്രായത്തിലും അധ്വാനിച്ച് ജീവിക്കുന്ന മജീദ് കാക്കയിക്കുണ്ടായ ഒരു ദുരനുഭവം  അടുത്തകാലത്ത് എന്നോട് പറഞ്ഞിരുന്നു. ഒരത്യാവശ്യത്തിന് ആരുടെയോ കയ്യില്‍ നിന്ന് കടം വാങ്ങിയ കുറച്ച് അധികം തുക കടയില്‍ വന്ന ഏതോ സാമൂഹ്യദ്രോഹി കടയില്‍ നിന്നു തന്ത്രപൂര്‍വ്വം അടിച്ചുമാറ്റി .പുതുകാലത്ത് അങ്ങനെയുള്ള മനുഷ്യരുടെ എണ്ണം കൂടുകയല്ലേ?

ഒരുകാലത്തു മങ്ങാരത്ത് നാടന്‍ പന്ത് കളി സജീവമായിരുന്നപ്പോള്‍ മജീദ് കാക്കയുടെ കടയില്‍ പലവിധ ചര്‍ച്ചകള്‍ പൊടി പൊടിക്കുമായിരുന്നു.. അല്ലെങ്കിലും ഇത്തരം കടകളൊക്കെ നാട്ടുവാര്‍ത്ത കള്‍ പങ്ക് വയ്ക്കുന്ന കേന്ദ്രങ്ങള്‍ കൂടിയായിരുന്നു..

സന്ധ്യ ആയാല്‍ മണ്ണെണ്ണ വിളക്ക് തന്നെയാണ് കടയിലിന്നും വെളിച്ചം പകരുന്നതെന്നതും അപൂര്‍വ്വത തന്നെ..

കൈതവന വീട്ടുകാരുടെ സ്ഥലത്ത് മാടക്കടയില്‍ കച്ചവടം മരണംവരെ  തുടരാന്‍ സന്തോഷത്തോടെ അനുമതി നല്‍കിയെന്നതും അനുബന്ധ കഥ.

ഇലിപ്പക്കുളം പ്രദേശത്ത് ഇത്തരം കുറച്ച് കടകള്‍ ഇന്ന് അവശേഷിക്കുന്നുണ്ട്....

ഗ്രാമ നിഷ്‌കളങ്കതയുടെ പര്യായമായ  മജീദ് കാക്കയിക്ക്, ആശംസകള്‍ നേരുന്നു ഒപ്പം എല്ലാ വായനക്കാര്‍ക്കും

പുതുവത്സര ആശംസകള്‍ ..

അടുത്ത ലക്കത്തില്‍...

'ഇലിപ്പക്കുളം മങ്ങാരത്ത് നിന്ന് കാമറാമാന്‍ വിജീഷിനൊപ്പം ലോഗിന്‍ സൊല്യൂഷന്‍സില്‍ നിന്ന് സിജെ വാഹിദ്,....'

നാട്ടു സഞ്ചാരവും കാഴ്ചകളും തുടരും...

© സിജെ വാഹിദ്, ചെങ്ങാപ്പള്ളി.


Post a Comment

0 Comments