പ്രളയം ► അജേഷ് പി



ആ തണലില്‍
അന്നൊരു നാളില്‍
നമ്മള്‍ കൊഴിച്ചിട്ട അക്ഷരങ്ങള്‍
പെരുമഴയായി
പ്രളയമായി മാറുന്നു..

പുഴകള്‍ കരകവിയുന്നു,
കാറ്റ് നമ്മെ ഉമ്മവെയ്ക്കുന്നു.
ഇനിയും തോരാത്ത
മരങ്ങള്‍ക്കുള്ളില്‍
നനഞ്ഞ ചിറകുമായി പക്ഷികള്‍..
ഉപേക്ഷിച്ചു പോയ
ആ തകര്‍ന്ന കെട്ടിടത്തിന്‍
ജാലകത്തില്‍
ഓര്‍മ്മകളെന്നപോല്‍
പറ്റിപ്പിടിച്ച ഈറന്‍,
നോക്കുകളുടെ മുനയൊടിച്ച
മാറാലക്കൂട്ടങ്ങളില്‍
ഊത്താലുകെട്ടി മഴയുടെ ശേഷിപ്പ്....
അതാ,
മഴയോടിപ്പോകുന്ന
വഴികളില്‍
ചിതലുകളുടെ മണ്‍വീട്
നനഞ്ഞു വിറക്കുന്നു,
സ്വപ്നങ്ങളെന്ന പോലെ
പ്രളയത്തിലവ അലിഞ്ഞുപോകുന്നു....

നേരത്തിനോട് കലഹിച്ച്
മഴയാര്‍ത്തു പെയ്യുന്നു...
ആരോ പങ്കു വെച്ചു പോയ
നിന്റെ ഉള്ളം കൈയ്യിലെ
ഭൂപടത്തിനു നടുവില്‍ കുടുങ്ങി
കരകയറാനാവതെ ഞാന്‍
ഈ പ്രളയം തീരുന്നതും
കാത്തിരിപ്പാണിപ്പോള്‍....!


E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

1 Comments

Previous Post Next Post