കാലം മറന്ന ഓണം



കര്‍ക്കടകം മെല്ലെ വിടപറയുമ്പോള്‍,
ചിങ്ങപ്പുലരി വാതില്‍ക്കല്‍ ചിരിതൂകി വന്നിടുന്നു...

അത്തംപത്തിനായി സ്വപ്നം കാണുന്ന
നിറമുള്ളൊരോണത്തിനായ്,

മഴപെയ്തരാവ് തൊട്ടുണര്‍ത്തുന്നു തുമ്പയെയും,
 തെച്ചിയെയും മുറ്റത്ത് പൂക്കളം തീര്‍ക്കുവാന്‍,

പൂനിലാവുമ്മവെച്ച
പൊന്‍നെല്‍ക്കതിരുകളെ
തഴുകുന്ന ഇളംവെയിലില്‍,
ആമോദമായി പാറിപറക്കുന്ന തുമ്പികളും,
ഓണപ്പുലരിയ്ക്ക് ചന്തമേകിടുമ്പോള്‍,

ആടിത്തിമിര്‍ത്ത്   മതിമറന്ന കാലത്തില്‍
ഊഞ്ഞാലു തൊട്ടൊരാകാശവും,
കുപ്പിവളകള്‍ പോലെ ചിരിക്കുന്ന ചങ്ങാതിമാരോട്,
മഞ്ഞക്കോടിയുടെ ചന്തം പറയുന്ന കാലവും,
 കൈനീട്ടം കുറഞ്ഞെന്ന്
മിഴി നിറഞ്ഞൊരാ പരിഭവത്തില്‍,
തൂവാല തുന്നി മുഖം മറച്ചൊരു ഇല്ലായ്മയില്‍
നിറഞ്ഞോരു ഓണം,

ബാല്യത്തിനിടവഴിയില്‍
കളഞ്ഞുപോയ ഓണം,
ഇനിയില്ല, ഇനി വരില്ല,
കാലചക്രത്തിനുള്ളില്‍ ഞെരിഞ്ഞമര്‍ന്നു 
പോയ് മറഞ്ഞ ഓണം .


Post a Comment

0 Comments