ഓണസദ്യ ► അനീഷ് പെരിങ്ങാല



അവള്‍ തിരക്കിട്ട ജോലിയിലാണ്. ഓണത്തിന് ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും എത്തിച്ചേരും. ആകപ്പാടെ ഒരു ഉത്സവപ്രതീതിയാണ് അപ്പോള്‍ വീട്ടില്‍. എല്ലാ ജോലികളും ചെയ്യാന്‍ അവള്‍ മാത്രം. ഭര്‍ത്താവിന്റെയും കുട്ടികളുടെയും അടക്കം ആ വീട്ടിലെ മുഴുവന്‍ കാര്യങ്ങളും നോക്കണം. അതിനൊന്നും അവള്‍ക്ക് യാതൊരു പരിഭവവുമില്ല. ഇത്തവണയെങ്കിലും ഓണത്തിന് വീട്ടില്‍ പോയി അച്ഛനെയും അമ്മയെയും കാണണം. അവര്‍ക്ക് ഒരുപിടി ചോറ്   തന്റെ കൈകൊണ്ട് വെച്ചുകൊടുക്കണം. ജോലി ചെയ്യുന്നതിനിടയില്‍ അവള്‍ ആലോചിച്ചു.

 എല്ലാ ഓണത്തിനും താനും ഹരിയേട്ടനും കുട്ടികളും അച്ഛനും അമ്മയ്ക്കും ഉള്ള ഓണക്കോടികളുമായി തിരുവോണത്തിന് വീട്ടില്‍ പോകുമായിരുന്നു. ഏക മകളായ തന്നെയും, ഭര്‍ത്താവിനെയും പേരക്കുട്ടികളെയും നോക്കി അച്ഛനും അമ്മയും ഓണസദ്യ ഒരുക്കി കാത്തിരിക്കുമായിരുന്നു.

 കഴിഞ്ഞ രണ്ടു വര്‍ഷമായി ഓണത്തിന് വീട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ തിരുവോണദിവസം വന്നെത്തി. വെളുപ്പിനെ നാലുമണിക്ക് എഴുന്നേറ്റ് ജോലി ചെയ്യാന്‍ ആരംഭിച്ചു. സദ്യ വട്ടങ്ങളെല്ലാം ഒരുക്കി. ഉച്ചയ്ക്ക് എല്ലാവര്‍ക്കും സദ്യ കൊടുത്തിട്ട് വേണം അച്ഛനെ അമ്മയും കാണാന്‍ പോകാന്‍.

 ഉച്ചയൂണിന് ശേഷം അവള്‍ വീട്ടിലേക്ക് പോയി. എല്ലാ ഓണത്തിനും വീട്ടിലേക്ക് ചെല്ലുമ്പോള്‍ തങ്ങളെയും കാത്ത് അച്ഛനും അമ്മയും സിറ്റൗട്ടില്‍ ഉണ്ടാകുമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഓണത്തിന് താന്‍ ചെല്ലാത്തതിന്റെ പിണക്കത്തിലാ യിരിക്കാം.

 രണ്ടുപേരെയും വെളിയില്‍ കണ്ടില്ല.

പരിഭവങ്ങളെല്ലാം പറഞ്ഞു തീര്‍ത്തിന് ശേഷം നല്ലൊരു ഓണസദ്യ ഉണ്ടാക്കി. ഉണ്ണാനുള്ള ഇല തൊടിയില്‍ നിന്നും മുറിച്ചെടുത്തു. തറയില്‍ പാവിരിച്ചു ഇലയിട്ടു. പിന്നീട് ഭിത്തിയില്‍ തറച്ചു മാല ഇട്ടിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്ക് നോക്കി അവള്‍ ഓണസദ്യ വിളമ്പി.


E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post