രാജൻ പി.ദേവ് : ഓർമ്മകളുടെ പതിനൊന്ന് വർഷം | റജി.വി.ഗ്രീൻലാർഡ്

റജി.വി.ഗ്രീൻലാൻഡ്

കേരളത്തിന്റെ ഉത്സവങ്ങളെയും, പെരുനാളുകളെയും, ഫൈനാൻസ് സൊസൈറ്റികളെയും ഒക്കെ ഒരു കാലത്ത് ഉല്ലാസഭരിതം ആക്കിയിരുന്നത് നാടകങ്ങൾ ആയിരുന്നു. അതുകൊണ്ട് തന്നെ സാധാരണപെട്ടവരുടെ നാടകപ്രേമികളുടെ ഇടയിൽ നാടക ട്രൂപ്പിനും നാടകകലാകാരന്മാർക്കും ഏറെ ആരാധകരും ഉണ്ടായിരുന്നു.

അക്കാലത്തെ പ്രധാനപെട്ട ഒരു നാടകട്രൂപ്പ് ആയിരുന്നു ജൂബിലി തീയറ്റേഴ്സ്. അതിന്റെ ഉടമസ്ഥൻ ആയിരുന്നു നാടക നടനും സംവിധായകനും ആയിരുന്ന പിൽകാലത്ത് സിനിമ നടൻ ആയ രാജൻ പി ദേവ്. തന്റെ സ്വന്തം നാടക ട്രൂപ്പ് കൂടി ആയ  ജൂബിലി തീയേറ്റേഴ്സിന്റെ പ്രശസ്തമായ നാടകം 'അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍' അതേ പേരില്‍ തന്നെ രാജന്‍ പി.ദേവ്‌ പിന്നീട്  സിനിമയാക്കി.

കേരളത്തിലെ ജനമനസ്സുകളിൽ പതിഞ്ഞ കാട്ടുകുതിര എന്ന നാടകം ആയിരുന്നു രാജൻ പി ദേവ് നെ കൂടുതൽ പ്രശസ്തനാക്കിയത്. എസ്.എൽ.പുരം സദാനന്ദൻ രചിച്ച നാടകമാണ് കാട്ടുകുതിര. 1980 കളിൽ അവതരിപ്പിയ്ക്കപ്പെട്ട പ്രശസ്തമായ നാടകങ്ങളിൽ ഒന്നായിരുന്നു ഇത്.

പ്രധാനകഥാപാത്രമായ കൊച്ചുവാവയുടെ പ്രതികാര ദാഹവും,ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പാരുഷ്യം നിറഞ്ഞ നിർവ്വചനങ്ങളും, മകന്റെ പ്രണയബന്ധവുംഒക്കെ പ്രമേയമായ നാടകത്തിൽ കൊച്ചുവാവ എന്ന കഥാപാത്രത്തെ രാജൻ പി ദേവ് അവസമരണീയമാക്കി.എസ് എൽ പു രത്തിന്റെ സൂര്യ സോമ ആയിരുന്നു ഈ നാടകം അവതരിപ്പിച്ചത്. കാട്ടുകുതിര സിനിമയായപ്പോള്‍ കൊച്ചു വാവയായത് തിലകനായിരുന്നു.

ഇതിലുള്ള വിഷമം തുറന്നു പറഞ്ഞതിനൊപ്പം കൊച്ചുവാവയെ തന്നേക്കാള്‍ ഗംഭീരമാക്കാന്‍ തിലകനായെന്ന് അഭിനന്ദിക്കാനുള്ള മനസ്സും രാജന്‍ പിക്കുണ്ടായിരുന്നു.

രാജന്‍ പിയുടെ പരിഭവം ഒരു മാസികയില്‍ അച്ചടിച്ച് വന്നതു കണ്ടാണ് സംവിധായകനായ തമ്പി കണ്ണന്താനം അദ്ദേഹത്തെ ഇന്ദ്രജാലത്തിലെ കാര്‍ളോസ് ആവാന്‍ ക്ഷണിച്ചത്. മലയാളം അന്നോളം കണ്ടിട്ടുള്ള വില്ലന്‍‌മാരില്‍ നിന്ന് അല്‍പ്പം വ്യത്യസ്തനായിരുന്നു കാര്‍ളോസ്. സമൂഹത്തില്‍ അയാള്‍ കള്ളക്കടത്തുകാരനും കൊടും വില്ലനുമാണെങ്കിലും കുടുംബത്തില്‍ സ്നേഹനിധിയായ അച്ഛനും ഭര്‍ത്താവുമെല്ലാമായ കാര്‍ളോസിന്‍റെ ഇരട്ട മുഖം ഒരു ഇന്ദ്രജാലവുമില്ലാതെ തന്നെ രാജന്‍ പി വെള്ളിത്തിരയില്‍ സ്വാഭാവികതയോടെ അഭിനയിച്ച് ഫലിപ്പിച്ചു.

കാർലോസിൽ നിന്നും പിന്നെ രാജൻ പി ദേവ് എന്ന നടൻ ചലച്ചിത്ര ലോകത്ത് നിറയുക ആയിരുന്നു. ഞാൻ നേരിട്ട് അവസാനമായി കാണുന്നത് കൊച്ചിൻ സംഘമിത്ര നാടക ട്രൂപ്പിന്റെ ഉടമ സതീഷ് സംഘമിത്രയുടെ മകളുടെ വിവാഹത്തിന് എറണാകുളത്ത് വച്ചായിരുന്നു. . ജീവിതത്തിന്റെ അവസാനനാള്‍വരെ ഭാഷാഭേദങ്ങളില്ലാതെ വിവിധ കഥാപാത്രങ്ങളായി മാറിയ ഈ നടൻ അവസാനകാലം വരെയും നാടകത്തെയും നാടക കലാകാരൻമാരെയും സ്നേഹിച്ചിരുന്നു. നാടകക്കാരുടെയും  സിനിമക്കാരുടെയും  സ്വന്തം രാജേട്ടന്‍ വിടവാങ്ങുമ്പോള്‍ സമാനതകളില്ലാത്ത ഒരഭിനയപ്രതിഭയുടെ നഷ്ടം കൂടി ആയിരുന്നു മലയാള നാടകവേദിക്കും ചലച്ചിത്ര ലോകത്തിനും...... സ്മരണാഞ്ജലി.


Post a Comment

0 Comments