എന്റെ കവിതയില്‍ നീ
വൃത്തം തേടുന്നു.
രൂപകങ്ങള്‍ തെളിയും നഭസ്സില്‍
ധ്വനികള്‍ നിലാവായ് പരന്നൊഴുകുമ്പോള്‍
നിന്റെനീണ്ട കരാംഗുലി ലതകളെ -
ന്നാമ്പല്‍മാനസത്തെ പുണരുന്നു.
വീണ്ടും
ഞാനൊരു പുഴയായ്,
തെളിനീരായ് നിന്നിലേക്കൊഴുകുകയാണ്.....
നീ തിമിര്‍ത്തൊഴുകുന്ന കാലം
കവിത പൂത്ത് വസന്തം വിരിയിക്കുമിരുകരകളിലും....
അവിടെ നാമലങ്കാരങ്ങളില്ലാത്ത
രണ്ടിണക്കുരുവികളായ്
പരാഗണം നടത്തും.
വൃത്തങ്ങള്‍ മറന്ന്
ഞാന്‍ നിന്നോടൊപ്പം എഴുതുമ്പോള്‍
സര്‍ഗ്ഗാത്മകതയുടെ പുത്തനേടുകള്‍ തീര്‍ക്കുന്നു,
പ്രേമാക്ഷരങ്ങളായ്...
..
അവിടെ
ഒരു ദീര്‍ഘചതുരം മാത്രം.
ഞാനും നീയും സംവദിക്കുന്ന
മതിലുകളില്ലാത്ത ഹൃത്തടത്തില്‍ തെളിയും
പച്ചപ്പിന്റെ
അടയാളമാണാചതുരം.
അനുമാനങ്ങളുടെ ദന്തഗോപുരങ്ങളും കടന്ന്
അനുഭൂതിയുടെ അകത്തളത്തിലിരുന്ന്
നാം ഹൃദയ ഗീതകങ്ങള്‍ പാടുമ്പോള്‍
കാവ്യസുന്ദരി ശ്രുതിലയ താളത്തില്‍ നടനമാടും.
അവിടെ ത്രിപുടയും പഞ്ചാരിയുമായി.. ഞാനും നീയും.
○
0 Comments