എഡിറ്റോറിയല്‍ | അജുസ് കല്ലുമല (ചീഫ് എഡിറ്റര്‍)


സൗഹൃദം നഷ്ടമാകുന്ന സോഷ്യല്‍ മീഡിയ

കോവിഡ്ക്കാലമാണ്. നാളെ എന്താവും അവസ്ഥയെന്ന് അറിയാത്ത നിമിഷങ്ങളിലാണ് നമ്മള്‍ ജീവിക്കുന്നത്. 

പണ്ട് ഓര്‍ക്കുട്ട് ഉണ്ടായിരുന്ന കാലം... ചിത്രങ്ങളും സന്ദേശങ്ങളും ഷെയര്‍ ചെയ്യപ്പെട്ട ആ വിസ്മയ നാളുകള്‍ ഗൃഹാതുരത്വമുള്ള ഓര്‍മ്മകളാണ്. ഡെസ്‌ക്ക്‌ടോപ്പില്‍ മാത്രം ഇന്റര്‍നെറ്റുള്ള കാലം, ലാപ്‌ടോപ്പ് പോലും വിരളമായിരുന്നു. ഇന്റര്‍നെറ്റ് കഫേകളെ ഓര്‍ക്കുട്ട് ചാറ്റിംഗിന് ആശ്രയിക്കേണ്ടി വന്ന ആ പരിമിത വിസ്മയ കാലം ഏറെ പേര്‍ക്ക് ഓര്‍മ്മയുണ്ടാവുമല്ലോ.

3G യുടെ വരവോടെ ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണുകളില്‍ സജീവമായെങ്കിലും ഓര്‍ക്കുട്ട് ഫെയ്‌സ് ബുക്കിന്റെ ജന സ്വീകാര്യതയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ സൗഹൃദങ്ങള്‍ ബാക്കിയാക്കി പടിയിറങ്ങി.

നിരോധിച്ചതും നിരോധിക്കാത്തതുമായ ഒരു പാട് ആപ്പുകള്‍ ഇന്ന് നമ്മുടെയെല്ലാം ഡിജിറ്റല്‍ സൗഹൃദത്തിന് സഹായിച്ചിട്ടുണ്ടെങ്കിലും, ഓര്‍ക്കുട്ടുമായി തട്ടിച്ചു നോക്കുമ്പോള്‍ സൗഹൃദത്തിന്റെ ആഴങ്ങള്‍ നേര്‍ത്ത് ഇല്ലാതാവുന്ന വെറും ഇടപെടലുകള്‍ മാത്രമാണ് ഇന്ന് സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളില്‍ കാണുന്നതെന്ന് വ്യക്തമാണ്.

ആഴം നഷ്ടപ്പെട്ട സൗഹൃദങ്ങളുടെ പ്രേതാലയങ്ങള്‍ ആയിരിക്കുകയാണ് ഇന്ന് സോഷ്യല്‍ മീഡിയ.  മറ്റ് ചിലര്‍ക്കു വേണ്ടി അരുതാത്ത ചിലത് പ്രചരിപ്പിക്കുന്ന ഏജന്റുകള്‍ മാത്രമായി  ഓരോരുത്തരും മാറി.

കോവിഡ്കാലമാണ്, അത് മറക്കരുതെന്ന് രാഷ്ട്രീയ ആരോപണ പോസ്റ്റിന് അഭിപ്രായം ഇടുന്നവരെ എതിര്‍ പാര്‍ട്ടിക്കാര്‍ക്കിട്ടിരിക്കുന്ന വട്ട പേര് ചാര്‍ത്തി സംബോധന ചെയ്യുന്ന സുഹൃത്തുക്കള്‍, സൗഹൃദത്തിന്റെ ഇഴയടുപ്പം കൊണ്ട് പോസ്റ്റുകളില്‍ ഇടപെടുന്നവരെ രാഷ്ട്രീയ കണ്ണോടെ മാത്രം കാണുന്നവര്‍....

കലയും സാഹിത്യവും പോലും ആരോപിത രാഷ്ട്രീയ നിറം അലങ്കരിക്കാന്‍ വിധിക്കപ്പെട്ട വിധി വൈപരീത്യം ... 

തിരിച്ചു പിടിക്കണം നമുക്കാ ഓര്‍ക്കുട്ട് സൗഹൃദത്തിന്റെ നന്‍മയുള്ള സോഷ്യല്‍ മീഡിയാക്കാലം... അതിനീ കോവിഡ് കാലം സഹായിച്ചാല്‍ നന്ന്!.

Post a Comment

0 Comments