അചുംബിതമായതിന്റെ
സൗന്ദര്യം ചുണ്ടിന്
പകല്‍പോലെ വ്യക്തമല്ലോ...!
സജലമിഴികളിലൊഴുകാന്‍
വിങ്ങല്‍ തുടുത്തു മടിച്ചു നിന്നു...
അന്തരാത്മാവില്‍
നെയ്‌തെടുത്തൊരായിരം
സ്വപ്നങ്ങള്‍ക്കിന്നവള്‍
മനമുരുകി മനസ്സിടറി
നോവിന്റെ തിരശീലയിട്ടു...
ആ തിരശീലക്ക് പിന്നില്‍
മറക്കാനായി മാത്രം പിറന്ന
മനസ്സിന്റെ മോഹങ്ങള്‍
നിമിഷനേരം കൊണ്ട്
വെറും നുണകളായവള്‍
മനതാരില്‍ തുന്നിചേര്‍ത്തു...
മറക്കാന്‍ കൊതിക്കുന്നവയൊക്കെ
ഓര്‍മ്മയില്‍ തികട്ടിവരുമെന്നുള്ള
എഴുതപ്പെടാത്ത പരമസത്യമവളെ
ജീവിതപന്ഥാവിലെ
'സമരസപ്പെടല്‍' എന്ന
ജീവിത 'സൂത്രവാക്യ'ത്തില്‍
മനസ്സിനെക്കൊണ്ട് കൊരുത്തിട്ടു..
തടങ്കലിലായ മനസ്സിനെ
തുറക്കാന്‍ ശ്രമിക്കാതവള്‍
മെല്ലെമെല്ലെ ഉള്ളം
തണുപ്പിക്കാനായി ശ്രമിച്ചു..
ആര്‍ത്തുപെയ്യുന്ന മഴയിലേക്കവള്‍
ജ്വലിക്കുന്ന മനസ്സുമായി
മഴത്തുള്ളിയുടെ നൈര്‍മല്യത്തോടെ
മെല്ലെ പടികടന്നിറങ്ങി..
മഴയില്‍ കുതിരുമ്പോള്‍
ആര്‍ത്തുല്ലസ്സിക്കാന്‍
മേനി വെമ്പുന്നുണ്ടായിരുന്നു..
മനസ്സിന്റെയുള്ളിലെക്കനല്‍
അവളെ വിലങ്ങിട്ട് നിര്‍ത്തി...
ആ മഴയില്‍ക്കുതിര്‍ന്നൊരു
മോഹമായവള്‍ മിഴിപൂട്ടിനിന്നു..
ആ ഇടവപ്പാതിയില്‍
തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളായി
ഇറ്റിറ്റുവീഴുന്ന കണ്ണീര്‍ത്തുള്ളികള്‍
ഒരു കണ്ണീര്‍ച്ചാലായ്
പരണമിച്ചെങ്കിലും
ആരാരുമറിയാതവള്‍
മഴയിലതൊളിപ്പിച്ചുവെച്ചു...
ആ ത്രിസന്ധ്യ നേരം
മനമവളോട് ചോദിച്ചു
മനസ്സ് കൊതിച്ചത്
ദൈവം വിധിക്കുമോ...?
ഇന്നലെകളെയെല്ലാം
മഴത്തുള്ളിക്കൊപ്പമൊഴുക്കുക...
പഴയ വീഞ്ഞിനേയും
ഒഴുക്കികളയുക..
പുതുവീഞ്ഞു നിറക്കാന്‍
സ്വയം പ്രാപ്തയാവുക...
പതിവിനുവിപരീതമായി
ഇന്നത്തെയവളുടെ
മഴ നനയലിന്റെ
ലക്ഷ്യമതായിരുന്നു...
എല്ലാമിവിടെയവസാനിക്കട്ടെ...
ഇനിയെന്നെന്നേക്കുമായി...
ഉടല്‍ നനയുമ്പോള്‍
ഉള്ളം നനയാതവള്‍
നീറും മനസ്സില്‍
മന്ത്രിച്ചു കൊണ്ടിരുന്നു
മനസ്സേ ശാന്തമാവൂ
മനസ്സേ ശാന്തമാവൂ...
•


0 Comments