അതിഥി
വീട് പണിതതോടൊപ്പം മതിലും പൂര്‍ത്തിയായെങ്കിലും ഗെയിറ്റ് വയ്ക്കുവാന്‍ കഴിയാതെ പോയി. ബന്ധുമിത്രാദികളുടെ സഹായവും കുറച്ചു കടവും കഷ്ടിച്ച് വീടുപണിയ്ക്കേ തികഞ്ഞുള്ളു. ഗെയിറ്റ് ഇല്ലാത്തതു കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ആദ്യമൊന്നും അനുഭവപ്പെട്ടില്ല. എന്നാല്‍ വീട്ടില്‍ ആളില്ലാത്തപ്പോഴെല്ലാം പട്ടികളും പൂച്ചകളും പറമ്പിലും വരാന്തയിലും വിഹരിച്ചു തുടങ്ങിയതോടെ സ്ഥിതി മാറി. പല തവണ ബഷീറിന്റെ ഭൂമിയുടെ അവകാശികൾ പഠിപ്പിച്ചിട്ടുണ്ടെങ്കിലും മനസ്സിനെ സദാ അലട്ടുന്ന ഒരു പ്രശ്‌നമായി പട്ടികളുടെയും പൂച്ചകളുടെയും കടന്നു കയറ്റം വളര്‍ന്നു. വീട്ടുപകരണങ്ങള്‍ വാങ്ങാനുദ്ദേശിച്ചു ചേര്‍ന്നിരുന്ന ചിട്ടി കിട്ടിയപ്പോള്‍ ഗേറ്റും വരാന്തയ്ക്ക് ഗ്രില്ലും അടിയന്തരമായി വെയ്ക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. പണിക്കു മേല്‌നോട്ടത്തിനു വന്ന അപ്പച്ചന്റെ പ്രായോഗിക ബുദ്ധിയെ മാനിച്ച് ചെലവ് കൂടുമെങ്കിലും ഷീറ്റുറപ്പിച്ച ഗേറ്റും അഴികള്‍ അടുപ്പിച്ച ഗ്രില്ലുമാണ് ഏര്‍പ്പാട് ചെയ്തത്. പണി പൂര്‍ത്തിയായതോടെ പട്ടികള്‍ക്കും പൂച്ചകള്‍ക്കും എളുപ്പത്തില്‍ പറമ്പില്‍ കടക്കാന്‍ കഴിയാതെയായി. ശ്രമപ്പെട്ട് പറമ്പിനുള്ളില്‍ കടന്നാല്‍തന്നെ വീടിനുള്ളിലോ വരാന്തയിലോ കയറിപ്പറ്റാൻ പട്ടിയ്‌ക്കോ പൂച്ചയ്ക്കോ കഴിയുമായിരുന്നില്ല.
പല കൂട്ടുകാരും വീടിനോടൊപ്പം പട്ടിക്കൂടും പൂര്‍ത്തിയാക്കി നായ്ക്കളെ വളര്‍ത്തുന്നത് ശ്രദ്ധിച്ചിരുന്നെങ്കിലും എനിക്കൊരിക്കലും അങ്ങനെ ഒരു താല്പര്യം തോന്നിയില്ല. മകനും മകളും മാറി മാറി നായ്ക്കളെ വളർത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഞാനെപ്പോഴും ഒഴിഞ്ഞുമാറി. എല്ലാ കാര്യത്തിലും മക്കളുടെ ആഗ്രഹത്തിനൊത്തു നില്‍ക്കാറുള്ള ഭാര്യ ഇക്കാര്യത്തില്‍ അവരെ പിന്താങ്ങാതിരുന്നത് തീരുമാനം എളുപ്പമാക്കി. വീട്ടില്‍ സഹായത്തിനു ജോലിക്കാരില്ലെന്നതും എല്ലാ അവധി ദിവസങ്ങളിലും മാതാപിതാക്കളുടെ ക്ഷേമാന്വേഷണത്തിനു പോകണമെന്നുള്ളതും മക്കള്‍ക്കും മനസ്സിലാവുന്ന സാഹചര്യമായിരുന്നു.ഞാനും ഭാര്യയും മകനും മകളും ഞങ്ങളുടെ കൊച്ചു മാരുതി കാറുമായി അടങ്ങിയൊതുങ്ങി ജീവിച്ചു വരുമ്പോഴാണ് എല്ലാ മുന്‍കരുതലുകളും ഭേദിച്ചു കൊണ്ട് ഒരു പൂച്ചക്കുട്ടി ആദ്യം പറമ്പിലേക്കും പിന്നെ വീട്ടിലേക്കും ഒടുവില്‍ ഞങ്ങളുടെ ജീവിതത്തിലേക്കും ഓടിക്കയറിയത്.
(തുടരും)
0 Comments