എഡിറ്റോറിയല്‍ |അഞ്ജന വിനായക് (എഡിറ്റര്‍)


മഹാമാരിയും പ്രളയവും ....

കേരളം ദുരന്ത ഭൂമി ആകുമ്പോള്‍ .... ദുരന്തങ്ങള്‍ ഒന്നൊഴിയാതെ കേരളത്തെ കവരുമ്പോള്‍ മാനവികതയും മനുഷത്വവും ഫലം കാണാതെ പോകുന്നു. പ്രളയത്തെ അതിജീവിച്ച നമ്മള്‍ ഇത്തവണ പ്രളയത്തേയും മഹാമാരിയേയും ഒന്നിച്ച് നേരിടേണ്ടി വരുന്നു. ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങളെ പിന്നോട്ട് വലിക്കും വിധം രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നു. എങ്കിലും കൂട്ടായ പ്രവര്‍ത്തനം ഒന്നു തന്നെയാണ് ഇപ്പൊഴും നമ്മെ അതിജീവനത്തിന്റെ പാതയിലേക്ക് നയിക്കുന്നത്.\\

നമ്മുടെ വീടിന്റെ പരിസരങ്ങളില്‍,  എന്തുകൊണ്ടാണ് ഒരു മഴയ്ക്ക് വെള്ളം പൊങ്ങുന്നത്? രണ്ടുമൂന്ന് വര്‍ഷമായി വന്ന മഴയുടെ മാറ്റം. മണിക്കൂറുകള്‍ക്കുള്ളില്‍ ക്രമാതീതമായ മഴ. പത്തു ദിവസം കിട്ടേണ്ട മഴ ഒറ്റ ദിവസം പെയ്യുക. ജലത്തിന്റെ അളവിലെ വ്യത്യാസം താങ്ങാന്‍ പറ്റാതെ വെള്ളപ്പൊക്കം ഉണ്ടാകാം. ഒരു പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്  മഴ പെയ്താല്‍ വെള്ളം ഭൂമിയില്‍ ഇറങ്ങാനുണ്ടായിരുന്ന സ്ഥലത്തിന്റെ എത്ര ശതമാനം ഭൂമി ഇപ്പോള്‍ നമുക്ക് ചുറ്റും ഉണ്ട്? എത്ര ചതുരശ്രകിലോമീറ്റര്‍ സ്ഥലമാണ് കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് വീടുകളും കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞത്.? വീട് വെയ്ക്കാനോ, റോഡ് പണിയാനോ അങ്ങനെ ഏത് ആവശ്യത്തിനായോ നാം മണ്ണിനെ   മാറ്റുമ്പോള്‍, തലേ വര്‍ഷം മഴയ്ക്ക് അവിടെ മണ്ണിലിറങ്ങിയ ജലം കൂടി ഒലിച്ചു റോഡിലോ തോട്ടിലോ വരുന്നു.  

നാം കെട്ടി പൊക്കുന്ന  ഓരോ ചതുരശ്രഅടി ഭൂമിയിലും കിനിഞ്ഞിറങ്ങേണ്ട മഴവെള്ളം, ദിവസങ്ങള്‍ കൊണ്ട് പയ്യപ്പയ്യെ ഒഴുകി പുഴയില്‍ എത്തേണ്ട മഴവെള്ളം, ഒറ്റയടിക്ക് എത്തുന്നു. മണ്ണിന്റെ ജൈവാംശം കുറഞ്ഞപ്പോള്‍ ജലാഗിരണ കഴിവ് കുറഞ്ഞു. തല്‍ഫലമായും വെള്ളപ്പൊക്കം ഉണ്ടാകുന്നു.

എപ്പോഴും പ്രളയം വന്നതിനു ശേഷം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നല്ല ഇത്.   തലേവര്‍ഷം മണ്ണിലിറങ്ങിയ വെള്ളം മണ്ണില്‍ ഇറക്കാനോ,  ശേഖരിക്കാനോ, ഒഴുകിയിറങ്ങി വെള്ളപ്പൊക്കം ഉണ്ടാക്കാതിരിക്കാനോ ഉള്ള സംവിധാനം ഉറപ്പു വരുത്തകയാണ്  പരിസ്ഥിതി  ആഘാതപഠനം, പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍ എന്നിവയിലൂടെയൊക്കെ  ഉദ്ദേശിക്കുന്നത്. മഴയുടെ തീവ്രതയെ നമുക്ക് തടഞ്ഞു നിര്‍ത്താന്‍ പറ്റാത്തതിനാല്‍ കാലാവസ്ഥ വ്യതിയാനത്തെ അറിഞ്ഞു ജീവിക്കുക എന്നത് മാത്രമാണ് ചെയ്യാന്‍ സാധിക്കുന്നത്. ഭൂമിയുടെ ഉപയോഗത്തിലുളള അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ്  പ്രളയത്തില്‍ നിന്നും ഉരുള്‍ പൊട്ടലില്‍ നിന്നുമുള്ള  പരിഹാരം.

മഹാമാരിയുടെ കാലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും ഏറെ പരിമിതികള്‍ ഉണ്ടാകും, അതുകൊണ്ട് തന്നെ ഇതിന് മുന്‍പ് പ്രളയമോ, വെള്ളക്കെട്ടോ, മണ്ണിടിച്ചിലോ, ഉരുള്‍ പൊട്ടലോ ഉണ്ടായിട്ടുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, അണക്കെട്ട് തുറന്നാല്‍ വെള്ളം പൊങ്ങുന്ന പ്രദേശത്തുളളവര്‍ മുന്‍കരുതലുകളെടുക്കുക, സുരക്ഷിതരായി ഇരിക്കുക.

Post a Comment

0 Comments