8.വീട്ടുവിളക്ക്
വായനയുടെ പ്രയോജനത്തെക്കുറിച്ച് പ്രിയ ഗുപ്തന്‍നായര്‍ സാര്‍ ഒരു സിദ്ധാന്തം അവതരിപ്പിച്ചിട്ടുണ്ട്. ഉകാരത്രയം എന്നാണ് ആദരണീയഗരുനാഥന്‍ ആ സിദ്ധാന്തത്തിന് പേര് നല്‍കിയിട്ടുള്ളത്. ഉപകാരം, ഉല്ലാസം, ഉത്കര്‍ഷം എന്നീ കാര്യങ്ങളാണ് വായനയിലൂടെ സാദ്ധ്യമാകുന്നത് എന്നദ്ദേഹം വിശദീകരിക്കുന്നു. ഉപകാരം വിജ്ഞാന ലബ്ദിയാണ്. വായന വിവിധ അറിവുകള്‍ നമുക്ക് നല്‍കുന്നു. ഉല്ലാസം വായനയുടെ വിനോദമൂല്യമാണ്. ഒരു സാഹിത്യ അദ്ധ്യാപകനാണെങ്കില്‍പ്പോലും വിജ്ഞാനത്തെക്കാള്‍ കൂടുതല്‍ ആഹ്ളാദമാണ് വായനയില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുന്നത്. മിക്ക വായനക്കാരും എന്റെ ചിന്ത പങ്കുവയ്ക്കുന്നവരാകാനാണ് സാദ്ധ്യത. അധികമാരും ഓര്‍മ്മിപ്പിക്കാത്ത വായനാഗുണമാണ് ഉത്കര്‍ഷം. ജീവിതത്തെ വിലയിരുത്തുവാനും തിരുത്തുവാനും പുതുക്കുവാനും വായന സദാ പ്രേരണയേകുന്നു. വായനയിലൂടെ പുതിയ ചിന്തയും പുതിയ ജീവിതവും പുതിയ മനുഷ്യനും രൂപപ്പെടുന്നു.
കാടുകയറിയ ഈ ആലോചനയ്ക്കടിസ്ഥാനം. ജീവിതത്തില്‍ ഹോബിയ്ക്ക് വല്ല സ്ഥാനവുമുണ്ടോ എന്ന അന്വേഷണമാണ്. ഹോബിയ്ക്ക് തുല്യമായ വിനോദമെന്ന പദം അര്‍ത്ഥസാന്ദ്രമാണോ എന്നെനിക്കു സംശയമുണ്ട്. പ്രത്യേക അഭിരുചിയോ തല്‍പര്യമോ ഉള്ള പ്രവൃത്തി എന്ന് അര്‍ത്ഥം വിശദീകരിക്കുവാന്‍ കഴിയുന്ന ഹോബിയെ കേവലം വിനോദാര്‍ത്ഥമുള്ള ഒരു കാര്യത്തിനുവേണ്ടി സമയം മുഴുവന്‍ പാഴാക്കുന്ന ശീലമായും നിഘണ്ടുകാരന്മാര്‍ വിവരിച്ചിട്ടുണ്ട്.
എന്നാല്‍ വായനപോലെ തന്നെ വ്യക്തിയെ ഉല്‍ക്കര്‍ഷത്തിലേക്ക് നയിക്കുന്ന ഒന്നായി മാറുവാന്‍ ഹോബികള്‍ക്കെല്ലാം കഴിയും എന്നതില്‍ സംശയം വേണ്ട. ദിവ്യയാണ് ഇങ്ങനെ ഉറപ്പോടെ പറയുവാന്‍ എനിക്കു ധൈര്യം നല്‍കുന്നത്. എന്റെയും കുടുംബത്തിന്റെയും ജീവിത സങ്കല്‍പ്പങ്ങളെ ദിവ്യ തിരുത്തിക്കുറിച്ചു. വിധി കരുണകാട്ടാത്തവരോട് സ്നേഹവും കാരുണ്യവും കാണിക്കണമെന്ന ഉത്തരവാദിത്വത്തിലേക്ക് ദിവ്യ ഞങ്ങളെ ആനയിച്ചു. പൂര്‍ണ്ണതയെന്ന മരീചകയ്ക്കു പുറതെ അലഞ്ഞ് മനോരോഗത്തിന്റെ അതിരോളമെത്തിയ എന്നെ ലഘുത്വത്തിന്റെയും നിസ്സാരതയുടെയും മഹിതമൂല്യം പഠിപ്പിച്ച് മടക്കിക്കൊണ്ടുവരാന്‍ ദിവ്യയ്ക്കു കഴിഞ്ഞു. പരിമിതികളും പരാജയങ്ങളും പരിശ്രമത്തിലൂടെ അതിജീവിക്കുന്ന ദിവ്യ മകള്‍ക്കും മകനും പുതിയ ജീവിത ധാരണകള്‍ പകര്‍ന്നു നല്‍കി. തളര്‍ന്ന പിന്‍കാലുകള്‍ വലിച്ചിഴച്ച് എവിടെയും കയറിപ്പറ്റുവാനുള്ള ദിവ്യയുടെ ശ്രമം ആവേശദായകമായിരുന്നു. അകസ്മികമായുണ്ടായ അപകടത്തില്‍ മുന്‍കാലുകള്‍ക്ക് പരുക്കുപറ്റിയപ്പോള്‍ ദിവ്യ പ്രകടിപ്പിച്ച അതിജീവനവ്യഗ്രത അസാമാന്യം തന്നെയായിരുന്നുവെന്നും പറയാതെ വയ്യ. ശാരീരിക ശേഷി ഇല്ലാത്തപ്പോഴും ഉയരവും വേഗവും ലക്ഷ്യങ്ങളായി നിലനിര്‍ത്തിയ ദിവ്യ പ്രചോദനത്തിന്റെ പ്രകാശത്താല്‍ ഞങ്ങളെയെല്ലാം ഉത്സാഹിപ്പിച്ചു. പുസ്തകങ്ങള്‍ക്കിടയിലെ ജീവിതം പോലെ തന്നെ പ്രയോജനമുള്ളതായാണ് പൂച്ചകള്‍ക്കൊപ്പമുള്ള ജീവിതം എനിക്കിപ്പോള്‍ അനുഭവപ്പെടുന്നത്. കുറവുള്ളതിനും വിലയുണ്ട് എന്ന തിരിച്ചറിവിലാണ് ഈയൊരു 'വികൃതി' ഉണ്ടാകുന്നതെന്നും പറഞ്ഞുകൊള്ളട്ടെ.
9. സംസാരസാഗരം
എനിക്കു സങ്കല്‍പ്പിക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ രൂപകമാണ് സംസാരസാഗരമെന്നത്. കവിവചനം ഉദ്ധരിച്ച് ഓട്ടോഗ്രാഫില്‍ പത്താംക്ലാസ്സിലെ സുഹൃത്ത് എഴുതിത്തന്ന 'സംസാരമാം സാഗരത്തിലംസാന്തം മുങ്ങൊലാ സഖേ' എന്ന ഓര്‍മ്മപ്പെടുത്തല്‍ തീവ്രമായി ആഗ്രഹിച്ചിട്ടു പാലിക്കുവാന്‍ കഴിയാത്ത ഒന്നായി ഇപ്പോഴും ശേഷിക്കുന്നതാവാം ഇതിനു കാരണം. പൂച്ചകളുടെ ജീവിതകഥ പറയുന്ന ഒരദ്ധ്യായത്തിന് സംസാരസാഗരം എന്നൊക്കെ തലക്കെട്ട് കുറിക്കുന്നത് ധിക്കാരമല്ലേ എന്നു ചോദിക്കുന്ന സുഹൃത്തുക്കള്‍ക്കു മുമ്പില്‍ വിനയപൂര്‍വ്വം തലകുനിക്കുന്നു. മനുഷ്യരുടെ ജീവിത കഥ പറയണമെന്ന ആഗ്രഹത്തിലേക്ക് നടക്കുവാന്‍ ധൈര്യം തോന്നാത്തതും മനുഷ്യര്‍ക്കു മാത്രം അവകാശപ്പെട്ടതല്ല. ജീവിതം എന്ന നിഷേധം മനസ്സില്‍ ഉദിക്കുന്നതുമാണ് എന്റെയീ ഉദാരതയ്ക്ക് കാരണം.
ദിവ്യയെ ഞങ്ങള്‍ക്ക് വിട്ടുനല്‍കി സുന്ദരിയും മണിയനും പൂച്ച കൊട്ടാരത്തില്‍ ജീവിതം തുടര്‍ന്നു. ആദ്യമൊക്കെ വീട്ടിലെത്തി ദിവ്യയക് പാലൂട്ടുമായിരുന്ന സുന്ദരി പിന്നെ വരാതെയായി. മണിയനെയും സുന്ദരിയെയും കാണണമെന്ന താല്‍പര്യം ക്രമേണ ദിവ്യക്കും ഇല്ലാതെയായി. ജീവിത സാഗരം തിരകളും ചുഴികളും പ്രേശാന്തത യും എല്ലാമായി അലയടിച്ചാര്‍ത്തു. ഉത്സാഹവും ആലസ്യവും പ്രീണനവും മാറിമാറി പ്രകാശിപ്പിച്ച സുന്ദരിയുടെ വയര്‍ വീണ്ടും നിറഞ്ഞു. ഉത്കണ്ഠയോ ഭാരമോ അല്ല പ്രതീക്ഷയും ചാരിതാര്‍ത്ഥ്യവുമാണ് ഞങ്ങളിലെല്ലാം ഇക്കുറി സുന്ദരി ഉണര്‍ത്തിയത്. ബുദ്ധിമുട്ടുകളെ നേരിടന്‍ േവണ്ടിയാണങ്കിലും ജീവിക്കുവാന്‍ കഴിയുന്നതിന്റെ ഹര്‍ഷം ഞങ്ങള്‍ക്കെല്ലാം ജീവിത താളമാണിപ്പോള്‍.
(തുടരും)
0 Comments