ലക്ഷ്മണ സാന്ത്വനം (ലക്ഷ്മണോപദേശം) 2 | ചന്ദ്രിക ബാലകൃഷ്ണന്‍


പിന്നീട് ഈ ശരീരം മണ്ണിനടിയില്‍പെട്ട്  കൃമിയാകുകയോ വെണ്ണീറാവുകയോ  ചെയ്യുകയും,  ഒരുപക്ഷേ മറ്റുതരത്തില്‍ കൃമികീടങ്ങള്‍ക്കും,   ജന്തുക്കള്‍ക്കും  ഭക്ഷണയോഗ്യമാകുകയും  അവ ഈ ശരീരത്തെ ഭക്ഷിച്ചു കാഷ്ഠിച്ചീഭൂമിയില്‍ തന്നെ ഇടുകയും ചെയ്യാം.  ശരീരം പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ്. ആകാശം,  ഭൂമി, വായു,  വെള്ളം,  അഗ്നി.  ആകാശം ആത്മാവായും, ഭൂമി  ശരീരമായും,  അഗ്നി വിശപ്പായും,  വായു പ്രാണവായുവായും,   വെള്ളം ശരീരത്തിലെ ശ്രവങ്ങളായും കണക്കാക്കപ്പെടുന്നു. കൂടാതെ ശരീരം ത്വക്ക്,  മാംസം, രക്തം,  അസ്ഥി,  മലം, മൂത്രം,  ശുക്ലം മുതലായവ കൊണ്ടുണ്ടാക്കിയതാണ്.  ഭംഗിയല്ല നമുക്ക് അകത്തുള്ളത്. അത് അമേദ്യവും മറ്റും പേറുന്നതിനെ തൊലി അതിന്റെ ധര്‍മ്മത്താല്‍ മൂടി സംരക്ഷിച്ചു പുറമേ സൗന്ദര്യമാക്കി വയ്ക്കുന്നു. അതുകൊണ്ട് അഹങ്കാരമില്ലാതെ  വേണം ജീവിക്കേണ്ടത് എന്ന് വരച്ചുകാട്ടുന്നു.

ഇനി അടുത്തതായി ഉപദേശിച്ചത് ഇങ്ങിനെയാകുന്നു.  നമ്മുടെ ശരീരത്തിന് അനവധി മാറ്റങ്ങള്‍  സംഭവിക്കുന്നുണ്ട്. മായയായ  ഈ ശരീരം പലവിധ വികാരങ്ങള്‍ക്കടിമപ്പെടുന്നു. കാമം ക്രോധം മുതലായ നവരസങ്ങളെല്ലാം നമ്മെ കീഴടക്കുന്നു. നിന്റെ  ദേഹം ഈ അഹങ്കാരത്തെ പേറുന്ന മൂലം, സകല വിദ്യയാലും പ്രഗത്ഭത നേടി,  അമ്പും വില്ലും കൈയ്യിലേന്തി ദേഹബലത്താല്‍ എന്തെങ്കിലും നേടിയെടുക്കാ മെന്ന ചിന്ത മൂഢത്വമാണ്.  മനുഷ്യന്റെ  ശത്രുവായ മോഹത്തിനും ഒരു മാതാവുണ്ട്. അതാണ് അവിദ്യ. വിദ്യയും അവിദ്യയുമുണ്ട്. വിദ്യ  അറിവാകുന്നു. അറിവ് ജ്ഞാനമാകുന്നില്ല.  അറിവ് സമ്പാദിക്കുകയും അവിദ്യ കടന്നുവരികയുമാകാം. പക്ഷേ വിദ്യ സമ്പാദിക്കുകയും ഈശ്വരജ്ഞാനമുള്‍ക്കൊള്ളുകയും ആ ചിന്ത ഉണ്ടെങ്കിലുമേ ജ്ഞാനിയാകു.

നാം ഇവിടെ വഴിയമ്പലത്തിലെ യാത്രക്കാരാണ്. ഒരുനാള്‍ ഇവിടംവിട്ട്  പോകേണ്ടതായി വരും. ഈ സുഖങ്ങളെല്ലാം തന്നെ നമുക്ക് നിമിഷങ്ങള്‍ മാത്രം ഉതകുന്നു. പെരുവഴിയമ്പലത്തില്‍  നാമെല്ലാവരും ഒന്നിച്ചുകൂടി പിരിയുന്ന പോലെ.  അവിടെയെത്തുന്നവര്‍ ഇരിക്കുന്നതിനായി ഇരിപ്പിടങ്ങള്‍ (അഥവാ പണ്ട് കലുങ്കുകള്‍ എന്ന് പറഞ്ഞിരുന്നത്)  തേടി എത്തുകയും ഒന്നിച്ചിരുന്ന് സുഖദുഃഖങ്ങള്‍ പങ്കിടുകയുമാണ് ചെയ്തിരുന്നത്.  അതുപോലെ

സമാന പ്രക്രിയയാണ് നാമേവരും കുടുംബ ബന്ധങ്ങളിലും ആവര്‍ത്തിക്കുന്നത് എന്ന് മനസ്സിലാക്കണം. അല്പനാള്‍  എല്ലാവരുമൊത്തു സുഖദുഃഖ സമ്മിശ്രമായ ജീവിതം ഒരുപോലെ പങ്കിടുകയും അതു കഴിഞ്ഞ് വിദൂരമായ ഒരു യാത്രയ്ക്കായി പുറപ്പെടുകയും യാത്ര തുടരുകയുമാണ് ചെയ്യുന്നത്. ഇതെല്ലാം ഒരു സ്വപ്നം കണക്കെ നടക്കുന്നു. നാമറിയാതെ നമ്മെ തേടി വരുന്നു.  മനുഷ്യായുസ്സില്‍ ബാല്യം,  കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നീത്യാദി നിലകളിലൂടെ വേണം കടന്നു പോകേണ്ടത്.  അതുകൊണ്ട് നാം  സ്വപ്നതുല്യേ കരുതി ജീവിക്കണം.

ഞാന്‍,   എന്റെദേഹം എന്ന ചിന്ത,  അഹങ്കാരം ഉടലെടുക്കുന്നത് അജ്ഞത മൂലമാണ്. വിദ്യ അറിവെന്നും പിന്നീട് ഈശ്വരചിന്തയെ മുന്‍  നിര്‍ത്തുമ്പോള്‍ അവിടെ ജ്ഞാനത്തെയാണ് എടുത്തു പറയുന്നത്.  ലോക സുഖമാണ് ജ്ഞാനികള്‍  കാംക്ഷിക്കുന്നത്. ഇവിടെ ശ്രീരാമന്‍ ജ്ഞാനിയാകുന്നത്,  ലോക സുഖത്തെയുള്‍ക്കൊണ്ട് ദശരഥ വാക്കുകളെ മുന്‍  നിര്‍ത്തുമ്പോള്‍ ആണ്.  മോഹത്തെ വെടിഞ്ഞ് വിദ്യ സമ്പാദിച്ചവരാണ്  ലോക സുഖത്തെ തേടുന്നത്. ഇവിടെ രാജാവ് വാക്കുപാലിച്ചില്ലെങ്കില്‍ അവിദ്യ സമ്പാദിച്ചവനാകുന്നു.  തന്റെ മക്കള്‍ ജ്ഞാനി കളല്ലെന്ന് പ്രജകള്‍ കരുതുകയും അച്ഛന്  അപമാനം ഉണ്ടാക്കുകയും ചെയ്യുമെന്നും  ലക്ഷ്മണനെ ഉപദേശിക്കുന്നു. ഒപ്പം മുതിര്‍ന്നവരുടെ വാക്കുകള്‍ അനുസരിക്കേണ്ടതാണെന്നും പറയുന്നു. വിദ്യകള്‍ പലത് കയ്യിലുണ്ടെങ്കിലും നാം എന്നും വിദ്യാഭ്യാസം നടത്തണം. അറിവുകള്‍,   ഈശ്വരഭക്തി,  വിദ്യ ഇവ  മൂന്നും ചേര്‍ന്നാല്‍ അഹന്ത നമ്മില്‍ ഉടലെടുക്കുകയില്ല.  അതുകൊണ്ട് മോഹത്തിനടിമയായ നീ അത് ത്യജിച്ച്  ജ്ഞാനമുള്‍ക്കൊള്ളുക.  എന്നെ രാജാ വാക്കുക എന്നെ രാജാവാക്കുക എന്ന മോഹവും ഉപേക്ഷിച്ച് സത്യത്തെ ഉള്‍ക്കൊള്ളണം.  നമുക്ക് മനുഷ്യജന്മത്തില്‍ നിന്നും മോചനം ലഭിക്കുമ്പോഴാണ് മുക്തി നേടി എന്നു പറയുന്നത്.  ഹിന്ദുപുരാണത്തില്‍ ഏഴു ജന്മങ്ങളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ഏഴുജന്മം കഴിഞ്ഞ് മനുഷ്യനായി പിറന്ന്  മുക്തിനേടി ഈശ്വര പാദത്തില്‍ ചെന്നു ചേരുമ്പോഴാണ് ജന്മം സഫലീകൃതമാകുന്നത്.

ദേഷ്യം വരുന്ന വ്യക്തി പരിസരബോധം നഷ്ടപ്പെട്ട് ഒരു കൊലപാതകിയാകാം. ജീവന്‍ കൊടുക്കാന്‍ കഴിയാത്തവന്  ജീവനെടുക്കാന്‍ എന്തവകാശമാണുള്ളത്?   ചിലപ്പോള്‍ ക്രോധം മറ്റുള്ളവരുടെ ജീവനെടുക്കുവാനും വിനയാകുന്നു.  അതുകൊണ്ടാണ് നമുക്ക് മറ്റൊരു ജീവനെ അപഹരിക്കാന്‍ അവകാശമില്ല എന്നും എഴുത്തച്ഛന്‍ പ്രത്യേകമായി എടുത്തുപറയുന്നത്.  ക്രോധം മൂലം പരസ്പരം ബന്ധിക്കപ്പെട്ട നിലയിലാണിവിടെ നാം ഉള്ളത്. മഹര്‍ഷികള്‍ ശപിക്കാറുണ്ട്. ആ ശാപം ചില മോക്ഷലബ്ധിക്കായുള്ളതാകുന്നു. അങ്ങിനെ ശാപമോക്ഷം കൊടുത്ത്  വീണ്ടും തന്റെ കര്‍ത്തവ്യത്തെ മുന്‍നിറുത്തി അവസാനം വരെ ജീവിക്കുന്നു. ബുദ്ധിയുള്‍ക്കൊണ്ടായിരിക്കണം ഈ ലോകത്ത് ജീവിക്കേണ്ടത്. ബുധജനം എന്ന് ഉദ്ദേശിക്കുന്നതും അതാകുന്നു. മാസ്മരിക പ്രപഞ്ചത്തിന്റെ  ഭോഗസുഖങ്ങളില്‍ അകപ്പെടാതെ ജ്ഞാനത്തെയുള്‍  ക്കൊണ്ടായിരിക്കണം ജീവിക്കേണ്ടതെന്നും  എഴുത്തച്ഛന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

(അവസാനിച്ചു)

Post a Comment

0 Comments