വിശപ്പ് | പ്രസാദ് ശ്രീധര്‍


'സ്‌കൂള്‍ യുവജനോത്സവത്തില്‍ നീ മധുസൂദനന്‍ നായരുടെ

'അഗസ്ത്യഹൃദയം ' ചൊല്ലുന്നത്  ഇന്നുമെന്റെ  കാതുകളില്‍ മുഴങ്ങുന്നുണ്ട് സുരേഷേ.. '

 ഓര്‍മ്മയില്‍, കവിത അവസാനിച്ചപ്പോഴുള്ള കുട്ടികളെക്കൊണ്ട് നിറഞ്ഞ ആ വലിയ ഹാളിലെ, കരഘോഷവും അഭിനന്ദനത്തിന്റെ ആര്‍പ്പുവിളികളും .

അവനില്‍ നിന്ന് നിര്‍വികാരമായ നോട്ടം മാത്രം.

'നീ ഇപ്പോള്‍ കവിതയൊന്നും ചൊല്ലാറില്ലേ?' എനിയ്‌ക്കെന്തോ ഒരു പൂതി .

അതൊന്നു ചൊല്ലാമോ?

'സുഹൃത്തെ..കവിത പോയിട്ട്  ഒരു മൂളിപ്പാട്ട് പോലും ഞാനിപ്പോള്‍ പാടാറില്ല '

ദൈന്യത കലര്‍ന്ന ചിരി.

'പ്രാരാബ്ദങ്ങള്‍

അത്രയ്ക്കുണ്ടായിരുന്നുവെന്ന് കൂട്ടിക്കോ..

അതൊക്കെ ഞാന്‍ മറന്നു .. '

പാടാന്‍ അറിയില്ലായിരുന്നെങ്കിലും കവിതകള്‍ കേള്‍ക്കാന്‍ എനിയ്ക്ക് വലിയ ഇഷ്ടമായിരുന്നു പ്രത്യേകിച്ചും സുരേഷ് ചൊല്ലുന്ന നാറാണത്തുഭ്രാന്തനും അഗസ്ത്യഹൃദയവുമൊക്കെ...

ഇവനെ, ഞാനും മറ്റു കുട്ടികളുമൊക്കെ  അന്ന് അസൂയയോടാണ് നോക്കിയിരുന്നത് 'ഭാവിയിലെ വലിയ കലാകാരന്‍ ' .

എല്ലാ കലാപരമായ  കഴിവുകളും അവനിലുണ്ടായിരുന്നു.

'ഇല്ല ...നീ ഇപ്പോള്‍ എനിക്ക് വേണ്ടി ആ വരികള്‍ ഒന്നുകൂടെ ചൊല്ലണം'

'എടോ താനെന്നെ ഇങ്ങനെ ബുദ്ധിമുട്ടിച്ചാല്‍ പണി നടക്കില്ല.. '

'വേണ്ട.... നീ അതുകഴിഞ്ഞ് പണിയെടുത്താല്‍ മതി.

ഞാനാ നിനക്ക് ശമ്പളം തരുന്നത് ...മറ്റാരുമല്ലല്ലോ?.... ഞാനാ നഷ്ടമങ്ങ് സഹിച്ചു... '

അവന്റെ കയ്യിലിരുന്ന കൂന്താലി ഞാന്‍ ബലമായി പിടിച്ചു  വാങ്ങി.

മറ്റു നിവൃത്തിയില്ലാത്തതിനാല്‍, അവന്‍ പറമ്പിലെ ഈടിയില്‍ എനിക്ക് അല്പമകലെയായിരുന്നു വിദൂരതയിലെവിടെയോ ദൃഷ്ടികള്‍ പതിപ്പിച്ച് കവിത ചൊല്ലി തുടങ്ങിയപ്പോള്‍ ഞാനും കാതുകുര്‍പ്പിച്ച് അനന്തതയിലേക്ക് നോക്കിയിരുന്നു ..

'രാമ, രഘുരാമ നാമിനിയും നടക്കാം...

രാവിന്നു മുന്‍പേ കനല്‍ക്കാട് താണ്ടാം...

നോവിന്റെ ശൂലമുനകളില്‍ ക്കരേറാം..

നാരായ ബിന്ദുവിലഗസ്ത്യനെ കാണാം...''

എത്ര ഭാവാത്മകമായ്,

ഗംഭീരമായാണ് 

അവനില്‍ നിന്ന്

ആ വരികള്‍ ഉതിരുന്നത്.

അവന്‍ ചൊല്ലിക്കയറി കൊണ്ടേയിരുന്നു ..

ഇടയ്ക്കിടയ്ക്ക് തലയില്‍ കെട്ടിയിരുന്ന മുഷിഞ്ഞ തോര്‍ത്തെടുത്ത് മുഖത്തെ വിയര്‍പ്പ് തുടയ്ക്കുന്നുണ്ട്.

ആ ഉള്ളില്‍ കനല്‍  എരിയുന്നുണ്ടോ?

ശൂലമുനകള്‍ കോറിയ നോവാല്‍ ആ ഉള്ളം പിടയുന്നുണ്ടോ?

ലോക്ഡൗണിന് മുമ്പ് സൗദിയില്‍ നിന്ന് രണ്ടു മാസത്തെ അവധിയ്ക്ക് വന്നതാണ് ഞാന്‍, അവിടെ ഒരു കമ്പിനിയില്‍ വര്‍ക്കറായി ജോലി ചെയ്യുന്നു.

തിരികെപ്പോ കാറായപ്പോഴാണ് കോവിഡ്19 -  ലോകത്തെ ഗ്രസിച്ചത്.

ലോകമാകെ ഭീതി പടര്‍ത്തി കോറോണ സംഹാര താണ്ഡവമാടാന്‍ തുടങ്ങി.

ജാഗ്രത .

ലോക്ഡൗണ്‍

 സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചും വരാന്‍ പോകുന്ന ക്ഷാമ കാലം മുന്നേ കണ്ടും ബോധോദയം വന്ന നാട്ടുകാര്‍, സ്വയം പര്യാപ്തരാകാനായി  കൃഷിയിലേക്ക് ഇറങ്ങാന്‍ തുടങ്ങി.

പിന്മടക്കത്തിന്റെ തുടക്കം.

തരിശുകിടന്ന ഭൂമിയിലെല്ലാം പച്ചനാമ്പുകള്‍ മുളയ്ക്കാന്‍ തുടങ്ങി ...

ഇനിയും കമ്പിനി തന്നെ തിരികെ വിളിക്കുമോയെന്ന് ആര്‍ക്കറിയാം. മടുത്തു .. തന്റെ ലേബര്‍ക്യാമ്പിലെ എത്ര കുട്ടുകാരെയാണ്

കൊറോണ കൊണ്ടു പോയത്...  

നല്ല സമയമെല്ലാം മരുഭൂമിയില്‍ എരിഞ്ഞടങ്ങി. പ്രതീക്ഷകള്‍ ഏറിയ പങ്കും അങ്ങനെ തന്നെ  അവശേഷിക്കുന്നൂ.. ആരോഗ്യം ക്ഷയിച്ചത് മിച്ചം. നാട്ടില്‍ കിടന്നു മരിക്കാം..

ശരിക്കും ഞാനുമൊരു കഴുതയായിരുന്നു,  കുങ്കമം ചുമക്കുന്ന കഴുത .

തന്റെ അരഏക്കറോളം ഭൂമി ഇവിടെ ആരും നോക്കാനും കാണാനും ഇല്ലാതെ കാടുപിടിച്ച് കിടക്കുന്നു,  ' ഇനിയെങ്കിലും ഒരു കൈ നോക്കിക്കളയാമെന്ന് തോന്നലുണ്ടാവാന്‍ കൊറോണ വരേണ്ടി വന്നു..

തുടര്‍ന്നും

ജീവിക്കണ്ടേ...

കൃഷിയിലേക്ക് ഇറങ്ങുക തന്നെ,

വീട്ടില്‍ അല്ലറചില്ലറ സഹായത്തിന് വരുന്ന കൊച്ചുരാമനോട് ഒരാളെക്കൂടെ കൂട്ടിക്കൊണ്ട്  വരാന്‍ പറഞ്ഞിരുന്നു.. അയാള്‍  കൊണ്ടുവന്നതാണ് ഇവനെ .. ഈ സുരേഷിനെ

എന്റെ ഈ സഹപാഠിയെ ...

കലാപരമായി ധാരാളം കഴിവുണ്ടായിരുന്ന ഇവന്‍ ആ മേഖലയില്‍  എന്തെങ്കിലുമൊക്കെ ആയിക്കാണുമെന്നായിരുന്നു അവനെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ കരുതിയിരുന്നത്.

കവിതയുടെ കുറെ ഭാഗം ചൊല്ലി എണീറ്റ അവനെ പിടിച്ചു അടുത്തിരുത്തി...

'ഒരിക്കലും നീ ഇപ്പോഴുമിങ്ങനെ  കഴിയേണ്ടവനല്ല. നിന്റെ  കഴിവുകള്‍ പരിപോക്ഷിപ്പിക്കാന്‍, നീയൊന്നും ചെയ്തിട്ടില്ല 

,പ്രകടിപ്പിക്കാനൊട്ടു ശ്രമിച്ചിട്ടില്ല,

ആരും പ്രോത്സാഹിപ്പിച്ചതുമില്ല... കഷ്ടം.. '

'സുഹൃത്തെ  എനിയ്ക്കന്ന് പണമായിരുന്നു ആവിശ്യം

അതും പെട്ടെന്നു വേണമായിരുന്നു '

ഗതകാലങ്ങള്‍ ആ കണ്ണു നിറയിച്ചോ?

ഒരു ദീര്‍ഘനിശ്വാസത്തോടെ  അവന്‍ തുടര്‍ന്നു.

'എന്റെ മുമ്പിലെ ഏകവഴി പെട്ടെന്ന് കിട്ടുന്ന പണികള്‍ക്ക് പോകുക മാത്രമായിരുന്നു''

'കൂട്ടുകാരാ നിനക്ക് നല്ലതുപോലെ പാട്ടുപാടാന്‍ അറിയാമായിരുന്നു. നീ നല്ലത് പോലെ കവിതകള്‍ ചൊല്ലുമായിരുന്നു,   കഥകളും കവിതകളും എഴുതുമായിരുന്നു.. നിനക്ക് അഭിനയിക്കാന്‍ അറിയാമായിരുന്നു..

ചിത്രങ്ങള്‍ വരയ്ക്കാനറിയാമായിരുന്നു ..

ഇടയ്‌ക്കെപ്പൊഴെങ്കിലുമൊക്കെ അവ പരിപോഷിപ്പിക്കാന്‍ ശ്രമിക്കണമായിരുന്നു ... '

'പ്രിയ സുഹൃത്തെ അന്നെനിക്ക് അവയെക്കാളൊക്കെ കൂടുതലറിയാമായിരുന്നത് വര്‍ഷങ്ങളായി കട്ടിലില്‍ തളര്‍ന്നുകിടക്കുന്ന എന്റെ അമ്മയുടെ വിശപ്പായിരുന്നു...

ജന്മനാ ഭിന്നശേഷിക്കാരനായിപ്പോയ എന്റെ കൊച്ചനിയന്റെ ഒഴിഞ്ഞവയറായിരുന്നു .. 

തളര്‍ന്നു കരയുന്ന അച്ഛനില്ലാത്ത എന്റെ കുഞ്ഞനിയത്തിയുടെ വിശപ്പായിരുന്നു.

അതൊന്നും പക്ഷെ മറ്റാര്‍ക്കുമറിയില്ലായിരുന്നു ..

ഞാനാരോടുമൊട്ടു പറഞ്ഞതുമില്ല.

അന്ന് ഞാന്‍ കയ്യിലെടുത്തതാണ്, ദാ.. ആ പണി ആയുധം..'

കൈ ചൂണ്ടി കാട്ടിയതിന് ശേഷം അവന്‍ തുടര്‍ന്നു.

'അമ്മ, എന്നെ അധികം ബുദ്ധിമുട്ടിക്കേണ്ടാന്ന് കരുതി ഇടയ്‌ക്കെപ്പോഴോ വിശപ്പറിയാത്ത ലോകത്തേക്ക് പോയി.. പകരം മൂന്നു പേര്‍ വന്നു..

ഞാന്‍ പട്ടിണി കിടത്തത്തില്ലെന്നറിയാവുന്ന ഒരു അത്താഴപട്ടിണിക്കാരിയുംഞങ്ങളുടെ മക്കളും.... ഇതിനിടയില്‍ ഞാന്‍ പാടാനും വരയ്ക്കാനുമൊക്കെ മറന്നു പോയെന്റെ സുഹൃത്തെ... പറ്റിയില്ല.'

അഭ്യുദയകാംഷിയുടെ വേഷധാരിയായ ഞാന്‍ ആക്ഷേപ്യനായതുപോലെ...

എന്റെ വാ മുട്ടി.

എന്നിലെ സഹതാപത്തിന്റെ നോട്ടം കാക്കാതെ  മുഖത്തെ വിയര്‍പ്പുകണങ്ങള്‍ തുടച്ച് എണ്ണീറ്റ് കുന്താലിയുമെടുത്തു വീണ്ടും പറമ്പിലേക്ക് ഇറങ്ങി...

\മുഖം തരാതെ, പൊള്ളുന്ന വെയിലത്ത് നിന്ന്

ഭൂമിയെ ആഞ്ഞു വെട്ടി മറിയ്ക്കുമ്പോള്‍

വീണ്ടും ആ വരികള്‍  അവനില്‍ നിന്നുതിര്‍ന്നുവോ..?

'രാമ, രഘുരാമ നാമിനിയും നടക്കാം... രാവിനു മുന്‍പേ കനല്‍ക്കാട് താണ്ടാം...

നോവിന്റെ ശൂലമുനമുകളില്‍ കരേറാം...

നാരായ ബിന്ദുവിലഗസ്ത്യനെക്കാണാം...

കണ്ണ് പൊഴിച്ചതാണോ, വിയര്‍പ്പാണോ? ആ കവിളിലൂടെ  താഴേക്ക് ഒഴുകുന്നത്,  തുടയ്ക്കാന്‍ അവന്‍ നന്നേ  പാടുപെടുന്നുണ്ടായിരുന്നു ...

Post a Comment

0 Comments