10. ഹനനവ്യാപാരികള്‍
അടുക്കള വാതിലിനടുത്തും കര്‍പോര്‍ച്ചിലുമെല്ലാം വന്നുകിടക്കാറുള്ള സുന്ദരിയെ രണ്ടു ദിവസം തുടര്‍ച്ചയായി കാണാതായി. അവളുടെ പ്രസവമാണ് കാരണം എന്ന് ഞങ്ങള്‍ ഊഹിച്ചു. എത്ര കുഞ്ഞുങ്ങള്‍ ഉണ്ടെന്നോ അവരവിടെ എന്നോ മാത്രം ആര്‍ക്കും ധാരണ ലഭിച്ചില്ല. ആകാംഷ അടക്കാനകാതെ ഞാന്‍ പൂച്ചക്കൊട്ടാരത്തില്‍ പരിശോധന നടത്തിയെങ്കിലും മുരണ്ട് നടക്കുന്ന മണിയനെ അല്ലാതെ മറ്റാരെയും കാണാന്‍ കഴിഞ്ഞില്ല.
കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തി പ്രസാവിക്കുന്നതും ഇടയ്ക്കിടെ കുഞ്ഞുങ്ങളുടെ സ്ഥാനം മാറ്റി സംരക്ഷിക്കുന്നതും പൂച്ചയുടെ സ്വഭാവമാണ് എന്ന് മനസ്സിലാക്കിയിട്ടുള്ളത് കൊണ്ട് ഇക്കാര്യത്തില്‍ എനിക്ക് ഉത്കണ്ഠയൊന്നും തോന്നിയിട്ടേയില്ല. ദിവ്യയെ വീട്ടില്‍ എത്തിച്ച പോലെ ഒരു ദിവസം കുഞ്ഞുങ്ങളുമായി സുന്ദരി വീട്ടിലെത്തും എന്ന് ഞങ്ങളെല്ലാം പ്രതീക്ഷിച്ചു.
സുന്ദരിയുടെ കരച്ചില്‍ കേട്ടാണ് ഒരു ദിവസം ഉച്ചയുറക്കത്തില്‍ നിന്നും ഞാനുണര്‍ന്നത്.വേഗം വീടിന് വെളിയിലേക്ക് ഓടിയിറങ്ങിയ ഞാന്‍ കണ്ടത് ഒരു കൂട്ടം പട്ടികളെയാണ്. അതിലൊരു പട്ടിയുടെ വായില്‍ സുന്ദരിയുണ്ട്. മുറുക്കെ കടിച്ചു പിടിച്ചിരിക്കുകയാണ്. സുന്ദരി വല്ലാതെ പിടയുന്നുണ്ട്. ചീറിയെത്തിയ മണിയനെ മൂന്നു പട്ടികള്‍ വളഞ്ഞാക്രമിക്കുന്നൂ.
ഒരു മുന്‍കരുതല്‍ എന്നോണം എപ്പോഴും ചുമരില്‍ ചാരി വെച്ചിരുന്ന വടിയെടുത്ത് ഞാന്‍ പട്ടിക്കൂട്ടത്തെ നേരിട്ടു. സുന്ദരിയെയും കടിച്ചു പിടിച്ചു മതില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അവളൊന്നു കുതറിയപ്പോള്‍ പട്ടിക്കു കടി വിടേണ്ടതായി വന്നു. മതിലിനരികിലെ പാഴ് കുഴിയില്‍ സുന്ദരിയെ ഉപേക്ഷിച്ച് പട്ടി മതില്‍ ചാടി ഓടി.
മണിയനെ കുടഞ്ഞെറിഞ്ഞ് മറ്റ് പട്ടികളും ഓടിപ്പോയി. ഞാന്‍ സുന്ദരിയുടെ അടുത്തേക്ക് ഓടിച്ചെന്നു. അവള്‍ വല്ലാതെ കരയുന്നുണ്ടായിരുന്നു. വയര്‍ മുറിഞ്ഞു കുടല്‍ പുറത്തേക്ക് ചാടിയ അവസ്ഥയില്‍ സുന്ദരി വായ തുറന്ന് ദീര്‍ഘശ്വാസമുത്തിര്‍ത്തു. ആസന്ന മരണയാണവള്‍ എന്നെനിക്കു ബോധ്യമായി. പൈപ്പില്‍ നിന്നും വെള്ളമെടുത്ത് ഞാനവളുടെ തുറന്ന വായിലേക്കൊഴിച്ചു. കുറച്ചുനേരം പിടഞ്ഞിട്ട് അവള്‍ നിശ്ചലയായി. പിടയുന്ന നേരമെല്ലാം അവളുടെ കണ്ണുകളില്‍ ഒരു യാചന നിഴലിച്ചിരുന്നു. കുഞ്ഞുങ്ങളെ കുറിച്ചുള്ള വിചാരവും ദുഃഖവുമാണ് അവളെ സങ്കടപ്പെടുത്തുന്നത് എന്നകാര്യം വ്യക്തം.
ഞാന്‍ ചെന്നു നോക്കുമ്പോള്‍ മണിയന് ജീവനുണ്ടായിരുന്നില്ല. പട്ടികളുടെ മാംസം കുരുങ്ങിയിരുന്നതുകൊണ്ട് വായ തുറക്കുവാന്‍ പോലും കഴിയാത്ത അവസ്ഥ യിലായിരുന്നൂ അവന്‍. അപ്രതീക്ഷിത അതിഥികളായി എത്തി മനസ്സിലാകെ ഇടം പിടിച്ച മണിയന്റെയും സുന്ദരിയുടെയും ജീവിതം ഒരു നിമിഷം കൊണ്ട് ഇല്ലാതായതിന്റെ മരവിപ്പ് പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. അവരുടെ മരണം പോലെ തന്നെ ജന്മം ലഭിച്ച കുഞ്ഞുങ്ങളുടെ ജീവിതവും ഉത്തരമില്ലാത്ത ചോദ്യമായി മനസ്സില്‍ ഇടം പിടിച്ചു.
അടുത്ത ഭാഗത്തോടുകൂടി ശ്രീ.വി.ഐ.ജോണ്‍സണ്‍ രചിച്ച നോവലെറ്റ് പൂര്‍ണ്ണമാവുകയാണ്. ഈ നോവല്‍ ആസ്വദിക്കുന്ന ഏവര്‍ക്കും നന്ദി. വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുവാന്‍ മറക്കരുത്.
(അടുത്ത ഭാഗം 15.08.2020 ശനിയാഴ്ച രാവിലെ 7.30 മുതല്‍)
0 Comments