പ്രവാസി | വിദ്യ അനൂപ്


ബി ടെക് കഴിഞ്ഞപ്പോള്‍ ജോലി എന്നത് എനിക്ക് വലിയ കാര്യമായൊന്നും തോന്നിയില്ല കാരണം വീട്ടില്‍ പറയത്തക്ക ബുദ്ധിമുട്ടുകള്‍ ഒന്നും  തന്നെ ഇല്ലായിരുന്നു അച്ഛന്‍ ഓര്‍മ വെച്ച കാലം മുതല്‍ തന്നെ ദുബായില്‍  ആയിരുന്നു... ചെറുപ്പം മുതല്‍ തന്നെ എനിക്കും പെങ്ങള്‍ക്കും  എന്ത് വേണമെന്ന് പറഞ്ഞാലും അച്ഛന്‍ പൈസ അയച്ചു  അമ്മയെക്കൊണ്ട് വാങ്ങിപ്പിച്ചു തരും .

ഞങ്ങള്‍ക്കൊപ്പം അവധിക്കു വരുന്ന കുറച്ചു നാള്‍ മാത്രമേ അച്ഛന്‍ ഞങ്ങള്‍ക്കൊപ്പം നിന്നിട്ടുള്ളു അതാവാം ഞങ്ങളുടെ ആഗ്രഹങ്ങള്‍ ഒക്കെയും ഒരു തടസവും പറയാതെ സാധിച്ചു തരുന്നത്.. അങ്ങനെ എന്റ്‌റെ സമയങ്ങളൊക്കെയും കൂട്ടുകാര്‍ക്കൊപ്പം ചിലവഴിച്ചു പോന്നു ... അമ്മ പറഞ്ഞു കൊണ്ടേ ഇരുന്നു നീ ഒരു ജോലി നോക്ക് കുഞ്ഞേ നിന്റെ അച്ഛന്‍ എത്ര നാളായി നിങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്നു ഇനിയെങ്കിലും അദ്ദേഹമൊന്നു  വിശ്രമിക്കട്ടെ അത് മാത്രമല്ല നിനക്ക് താഴെ ഒരു പെണ്ണുണ്ടെന്നു നീ ഓര്‍ക്കണം, ഒരു ജോലി കിട്ടാഞ്ഞിട്ടല്ല നീ ശ്രമിക്കാഞ്ഞിട്ടാണ് അങ്ങനെ എന്നും അമ്മയുടെ ശകാരം. എന്നാല്‍ ഇതൊന്നും തന്നെ എന്റ്‌റെ തലയില്‍ കേറിയിരുന്നില്ല. 

അങ്ങനെ ഒരു നാള്‍ അച്ഛന്‍ അവധിക്കു നാട്ടിലേക്കു വന്നു ഞങ്ങള്‍ സന്തോഷത്തോടെ അച്ചനൊപ്പമുള്ള സമയങ്ങള്‍ ആഘോഷിച്ചു. ഒരു ദിവസം രാത്രി അമ്മ എന്റെ കതകില്‍ വന്നു കൊട്ടി വിളിച്ചു മോനെ കതകു തുറക്ക് അച്ഛനെന്തോ ഒരു നെഞ്ച് വേദന പോലെ ഞാന്‍ ഉടന്‍ തന്നെ കുട്ടുകാരന്റെ വണ്ടി വിളിച്ചു അച്ഛനെ ആശുപത്രിയില്‍ എത്തിച്ചു. കുറെ നേരം കഴിഞ്ഞു അകത്തു നിന്ന് ഡോക്ടര്‍ ഇറങ്ങി വന്നു മനസ്സില്‍ ഇടി വെട്ടി മഴ പെയ്യുന്ന പോലെ തോന്നി. 

എന്റെ തോളില്‍ തട്ടി അദ്ദേഹം പറഞ്ഞു വൈകിപ്പോയി കുഞ്ഞേ...  എന്റ്‌റെ മനസ്സിനെ നിയന്ത്രിക്കാന്‍ പറ്റാത്ത പോലെയായി പല ചിന്തകളും മനസ്സില്‍ മാറി മാറി വന്നു... അമ്മയെ എങ്ങനെ സമാധാനിപ്പിക്കും. ഞങ്ങള്‍ മക്കള്‍ക്കു വേണ്ടി രാപ്പകല്‍ കഷ്ടപ്പെട്ട മനുഷ്യന്‍ , തിരിച്ചൊന്നും തന്നെ ചെയ്യാന്‍ എനിക്കായിട്ടില്ല ശ്രമിച്ചിട്ടില്ല അതാണ് സത്യം. ഇപ്പോള്‍ ഒരു കുടുംബത്തിന്റെ  ഭാരം എന്നെ ഏല്‍പ്പിച്ചു യാത്രയായിരിക്കുന്നു...

അച്ഛന്റെ മരണാനന്തര കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞു ബന്ധുക്കളെല്ലാം മടങ്ങി ... ഞങ്ങള്‍ മാത്രമായി വീട്ടില്‍ (നേരത്തെയും അങ്ങനെതന്നെ ആയിരുന്നു എന്നാലും ഇത്രയും ഏകാന്തത ഞങ്ങള്‍ അനുഭവിച്ചിട്ടില്ല  കാരണം ദൂരെയാണെങ്കിലും അച്ഛന്‍ കുടെയുണ്ടല്ലോ ... ഇന്നിപ്പോള്‍ ഞങ്ങളുടെ നാഥന്‍ ഞങ്ങളെ ഒറ്റക്കാക്കി പോയിരിക്കുന്നു ) കുറെ നാളുകള്‍ ബുദ്ധിമുട്ടൊന്നും ഇല്ലാതെ കടന്നു പോയി അപ്പോഴേക്കും ഒരു ജോലിയുടെ ആവശ്യം എന്താണെന്നു എനിക്ക് മനസിലായി കഴിഞ്ഞിരുന്നു അത് കൊണ്ട് തന്നെ ജോലി അന്വേഷിച്ചു ഒരുപാടലഞ്ഞു ഓരോ  ഇന്റര്‍വ്യൂ  വിടാതെ അറ്റന്‍ഡ് ചെയ്തു . 

വീട്ടില്‍ പ്രാരാബ്ധം തുടങ്ങിയിരുന്നു. ഒന്ന് സഹായം ചോദിയ്ക്കാന്‍ ആരുമില്ല ... അനിയത്തി  പ്ലസ്ടു കഴിഞ്ഞിരിക്കുന്നു , അവളെയും നല്ല രീതിയില്‍ പഠിപ്പിക്കണം നല്ല നിലയില്‍ കെട്ടിച്ചു വിടണം എന്നൊക്കെ അച്ഛന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ഇപ്പോഴുള്ള  ഞങ്ങളുടെ അവസ്ഥയില്‍ അതൊക്കെ സാധിക്കാന്‍ ബുദ്ധിമുട്ടാണ്. എങ്ങനെയും ഒരു ജോലി കിട്ടിയേ തീരൂ ...

ഒരു ദിവസം ദുബായിയില്‍ ഉള്ള ഒരു കെട്ടിട നിര്‍മ്മാണ  കമ്പനിയില്‍ നിന്നും വിളിച്ചു .... അങ്ങനെ ഞാന്‍ അവിടേക്കു യാത്രയായി ... അവിടെയെത്തി ജോലിക്കു കയറി സാലറി ഒക്കെ കിട്ടി തുടങ്ങി.. വീട്ടില്‍ അമ്മയ്ക്കും പെങ്ങള്‍ക്കും കൂട്ടിനായി അമ്മാമ്മയുണ്ട് വളരെ പ്രായമുണ്ട് അമ്മാമ്മക്ക് എന്നാലും ഒരു ആശ്വാസം അവരവിടെ ഒറ്റക്കല്ലല്ലോ .. ഞങ്ങളുടെ അവസ്ഥയൊക്കെ പഴയ പോലെ ആയി തുടങ്ങിയിരിക്കുന്നു. അച്ഛന്‍ നിര്‍ത്തിയിടത് നിന്നും തുടങ്ങിയത് പോലെ തോന്നി എനിക്ക് .... അച്ഛനോളം ആവാന്‍ പറ്റില്ലല്ലോ എനിക്ക് ... എന്നാലും അനിയത്തിയെ പഠിപ്പിച്ചു , പ്ലസ് ടു കഴിഞ്ഞു അവള്‍ക്കു നഴ്‌സിങ്ങിന് പോയാല്‍ മതിയെന്ന് പറഞ്ഞു ആയിക്കോട്ടെ ചേട്ടന്‍ നോക്കിക്കോളാം എന്ന് പറഞ്ഞു ഞാന്‍ ... ഇനിയും അവളെ നല്ലൊരു കൈകളില്‍ പിടിച്ച ഏല്‍പ്പിയ്ക്കണം ... എന്നിട്ടു വേണം അമ്മക്ക് കൂട്ടായി ഒരു പെണ്ണിനെ കൊണ്ട് വരാന്‍ ...

ഇടക്കൊക്കെ അവധിക്കു നാട്ടില്‍ പോയി വന്നിരുന്നു കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ അവള്‍ക്കൊരു നല്ല ആലോചന വന്നു അതങ്ങു ഉറപ്പിച്ചു നല്ല പയ്യന്‍, അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ കല്യാണം നടത്തണം അപ്പോഴേക്കും അവളുടെ പഠിപ്പൊക്കെ കഴിയും ... ഞാന്‍ തിരിച്ചു് പൊന്നു അപ്പോഴാണ് ഒരു മഹാമാരി പടര്‍ന്നു പിടിച്ചത് ... എങ്ങനെയെങ്കിലും നാട്ടിലെത്തണം അതായി ചിന്ത അങ്ങനെ ആ ദിവസം വന്നു മനസ് നിറയെ സന്തോഷം നാട്ടിലേക്കു പോകുകയാണ് ഇന്ന് ... എയര്‍പോര്‍ട്ടില്‍ എത്തി ഒരു സെല്‍ഫി ഒക്കെ എടുത്ത് ... പോസ്റ്റ് ചെയ്തു നാട്ടില്‍ ജീവനോടെ തിരിച്ചെന്നുന്നതിന്റെ സന്തോഷം ... അങ്ങനെ ഫ്‌ലൈറ്റില്‍ കയറി അറിയാതെ ഉറങ്ങിപ്പോയ്.... 

അടുത്തിരുന്ന ആള്‍ തട്ടി വിളിച്ചപ്പോഴാണ് ഉണര്‍ന്നത് എന്തോ പ്രശ്‌നമുണ്ട് എല്ലാവരും ജാഗ്രതയായിരിക്കാന്‍ അനൗണ്‍സ് ചെയ്ത പോലും .... എന്താണെന്നു ചിന്തിച്ചു തീര്‍ന്നില്ല അതിനു മുമ്പ് ഒരു വലിയ ശബ്ദത്തോട് കുടി ഫ്‌ലൈറ്റ് നിലം പതിച്ചു എല്ല് നുറുങ്ങും പോലെ തോന്നി എന്റ്‌റെ ബോധം പോയി ... കണ്ണ് തുറന്നപ്പോള്‍ ഞന്‍ ഇതേ വരെ കണ്ടിട്ടില്ലാത്ത മറ്റൊരു ലോകത്താണെന്നു മനസിലായ്യി  ... അവിടെ ഞാന്‍ എന്റ്‌റെ അച്ഛനെ കണ്ടു...

ഇങ്ങനെ ഓരോ കഥകള്‍ പറയാനുണ്ടാവും ഓരോ വിമാന അപകടത്തില്‍ മരിച്ച ഓരോ വ്യക്തിക്കും ..... അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി ഈ കഥ ഞാന്‍ സമര്‍പ്പിക്കുന്നു.
# 0803  കഥ

Post a Comment

3 Comments