ഓപ്പറേഷന്‍ തൊരപ്പന്‍ >>> സതീഷ് വീജി

ക്ക പൊളിച്ച്  അരിഞ്ഞു വേവിക്കാനുള്ള തത്രപ്പാടിലാണ് അമ്മ. ഹെല്‍പ്പര്‍ എന്ന ഗെറ്റപ്പില്‍  ഇരിക്കുന്ന ചേച്ചി, അമ്മ  പൊളിക്കുന്ന ചുളകള്‍ പകുതിയിലേറെ വായിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന്റെ കലിപ്പ് അമ്മയുടെ മുഖത്തുണ്ട്. മിക്കവാറും ഒരു സംഘട്ടനം നടക്കാനുള്ള കാറും കോളുമുണ്ട്.

 ഈര്‍ക്കിലില്‍ ചക്കപ്പശ  ചുരുട്ടി എടുത്ത് ചക്കക്കൂഞ്ഞില്‍ കുത്തിവെച്ച് അതില്‍ വന്നു പറ്റിപ്പിടിക്കുന്ന ഈച്ചകളുടെ മരണവെപ്രാളം ആസ്വദിച്ചുകൊണ്ട് സൂപ്പര്‍വൈസര്‍ ആയി ഞാനും.  തൊട്ടടുത്തായി വീട്ടിലെ പ്രധാന കട്ടയായ  ഭൈരവന്‍  എന്റെ കാലില്‍ തലയും ഉരച്ചുകൊണ്ട് ടവര്‍ പോലെ വാലും ഉയര്‍ത്തിപ്പിടിച്ച് നില്‍പ്പുണ്ട്.

'എടിയേ കപ്പയെല്ലാം വാടി നില്‍ക്കുന്നല്ലോ ഇനി എലിയെങ്ങാനും കേറി നിരങ്ങിയോ ' പറമ്പിലേക്ക് ഇറങ്ങി നിന്നുകൊണ്ട് അച്ഛന്‍ പറഞ്ഞു
ഇലകള്‍ക്ക് നിറം മാറ്റമുണ്ടായ രണ്ടു മൂട് കപ്പകള്‍ അച്ഛന്‍ പിഴുതെടുത്തു ' നാശം പിടിച്ച തുരപ്പന്‍ എലികള്‍ ആണെന്ന് തോന്നുന്നു മൊത്തം കിഴങ്ങുകളും തുരന്നു തിന്നു ' അച്ഛന്‍ ദേഷ്യത്തോടെ പറഞ്ഞു 

ഈച്ചകളുടെ മരണവെപ്രാളം പെന്‍ഡിങ്ങില്‍ വച്ചിട്ട് ഞാന്‍ പറമ്പിലേക്ക് ചെന്നു. കൂടെ ബോഡി ഗാര്‍ഡായി ഭൈരവനും ഉണ്ട്. ' തിന്നു കൊഴുത്തു മദയാന പോലായി. നിനക്കും ആകും ഈ എലികളെ ഒന്ന് പിടിക്കാന്‍ ' അച്ഛന്‍ അപ്രതീക്ഷിതമായി ഭൈരവന് നേരെ ഒരു ചാട്ടം

ഭയന്നുപോയ ഭൈരവന്‍ ഒറ്റ ചാട്ടത്തിന് കച്ചിത്തുറുവിന്റെ കീഴില്‍ ഒളിച്ചു. എന്നിട്ട് തല പുറത്തേക്കിട്ട് അച്ഛനെ നോക്കി ' ദൈവഭയം പോലുമില്ലാത്ത തുരപ്പന്‍ എലികളാ മൊത്തം. അതുങ്ങളുടെ മുന്നില്‍ ചെന്നു ചാടിയിട്ടു വേണം എന്നെ തെക്കോട്ട് എടുക്കാന്‍. നാലു മത്തിത്തല തരുമെന്ന് കരുതി ജീവന്‍ വച്ച് പന്താടാനൊന്നും ഞാനില്ല ' എന്ന് ഭൈരവന്‍ പറയുന്നതായി എനിക്ക് തോന്നി

'ഭാ @%#%%%#&&&# എഴുനേറ്റ് പൊയ്‌ക്കോണം കുറേനേരമായി സഹിക്കുന്നു ' പടക്കം പൊട്ടിയപോലെ ഒരു ശബ്ദം. ഞാന്‍ ഞെട്ടിത്തരിച്ചു നോക്കി. അതെ സംഘട്ടനം നടന്നിരിക്കുന്നു. അമ്മ ചേച്ചിക്കിട്ട് ഒന്നു പൊട്ടിച്ചു.
ഇരുന്ന കൊരണ്ടിയും അടത്തിപ്പറിച്ചോണ്ട് ചേച്ചി ദാ കിടക്കുന്നു താഴെ. വീണതോ എന്റെ ഈച്ച ട്രാപ്പിന്റെ മുകളിലേക്ക്.  ചമ്മിയ മുഖത്തോടെ  ചേച്ചി  തലയില്‍ പറ്റിയ ചക്കമടലും ഈച്ച ട്രാപ്പുമായി എഴുന്നേറ്റു. എനിക്ക് ചിരി പൊട്ടി.

വലിയ വായില്‍ നിലവിളിച്ചു കൊണ്ട് ചേച്ചി അകത്തേക്ക് പോയി.

വൈകുന്നേരം കിണറ്റുംകര  ജോര്‍ജ് അച്ഛന്‍ വീട്ടില്‍ വന്നു. കഴിഞ്ഞ ദിവസം കാരക്കാട് ഒരു കെട്ടുമുറുക്കിന് പോയെന്നും, പാതിരാത്രി  തിരിച്ചു വരുന്ന വഴി, പറങ്കിമാവില്‍ നിന്ന്  തലയും കുത്തി ചേറില്‍ വീണു ശ്വാസം മുട്ടി മരിച്ച സുധാകരന്റെ പ്രേതത്തെ  വാഴിപ്പിള്ളിമൂട്ട യില്‍ വച്ച്  കണ്ടുമുട്ടിയെന്നും  , തന്റെ നേരെ വന്ന സുധാകര പ്രേതത്തെ കൊച്ചുപിച്ചാത്തി കാട്ടി പേടിപ്പിച്ചു കണ്ടം വഴി ഓടിച്ചു എന്നുമുള്ള പുതിയ കഥയുടെ ഒന്നാമത്തെ അധ്യായം പറഞ്ഞു ഒന്നു ശ്വാസം വിട്ട ഗ്യാപ്പിലാണ് അച്ഛന്‍ എലികളുടെ കുരുത്തക്കേടിനെ പ്പറ്റി പറയുന്നത്.

'അതിന് കുരുടാന്‍ വച്ചാല്‍ പോരെ. ഉണക്കമീനില്‍ കുരുടാന്‍ വെച്ചാല്‍ എലി വന്നു തിന്നോളും ' 
'ഉണക്കമീന്‍ എലി തിന്നുമോ' അച്ഛനൊരു ഡൌട്ട്

'പിന്നേ തിന്നുമോന്ന്. ഉണക്കമീന്‍ കിട്ടിയാല്‍ പിന്നെ ഒറ്റ ഇരുപ്പിന്  ഇരുനാഴി അരിയുടെ ചോറു തട്ടിയിട്ട് പോകുന്ന എലികള്‍ വരെയുണ്ട് ' ജോര്‍ജ് അച്ഛന്‍ എലികളെപ്പറ്റി ഒരു സ്റ്റഡി ക്ലാസ്സ് തന്നെ എടുത്തുകളഞ്ഞു.

അന്നു രാത്രിയില്‍ ജോര്‍ജ് അച്ഛന്റെ ശക്തമായ നേതൃത്വത്തില്‍ ഫ്യുരിഡാന്‍ എന്ന കുരുടാന്‍ ഉണക്കമീനില്‍ വച്ച് കപ്പതോട്ടത്തിന്റെ  പലയിടങ്ങളിലായി വെച്ചു.  അയല്‍പക്കത്തുള്ള കേശവന്‍ ചേട്ടന്റെ വീട്ടില്‍ 'അതിരാവിലെ കോഴിയെ അഴിച്ചു വിടരുത് 'എന്നൊരു മുന്നറിയിപ്പും കൊടുത്തു. കൂടാതെ രാത്രി സഞ്ചാരത്തിന് അഴിച്ചു വിടാറുള്ള ടിപ്പുവിന് അന്നത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. ജനാലകള്‍ അടച്ചിട്ട് ഭൈരവനെയും മുറിക്കുള്ളില്‍  തന്നെ  ആക്കി.

പിറ്റേദിവസം അതിരാവിലെ എഴുനേറ്റ് അച്ഛനൊപ്പം പറമ്പിലേക്ക് ഇറങ്ങി. ഒരു ചുണ്ടെലി പോലും ചത്തില്ല എന്നുമാത്രമല്ല, താഴെപ്പുറത്തെ ഭാസ്‌കരന്‍ ചേട്ടന്റെ ചാരപ്പുള്ളി ഡിസൈന്‍ ഉള്ള താമരാക്ഷന്‍ പൂച്ച ഉണക്കമീന്‍ തിന്ന് ഉടലോടെ സ്വര്‍ഗത്തില്‍ എത്തി ചത്തു മലച്ചു കിടക്കുന്നു..

ഒരു കുടുംബ വഴക്ക് ഒഴിവാക്കാനായി അച്ഛന്‍ താമരാക്ഷനെ ആരുമറിയാതെ ഒന്നാംതരം ഒരു കുഴിയില്‍ ഇട്ട് അന്ത്യ കൂദാശ ചെയ്തു കളഞ്ഞു.

താമരാക്ഷന്‍ വീടുവിട്ടിറങ്ങി കാട്ടു പൂച്ചകളുടെ ഗുണ്ടാ സംഘത്തില്‍ ചേര്‍ന്നു എന്നാണ് താമരാക്ഷന്റെ തിരോധാനത്തെപ്പറ്റി ഭാസ്‌കരന്‍ ചേട്ടന്‍ പറഞ്ഞത്.

പിന്നീട് എലിപത്തായം, അടിവില്ല് തുടങ്ങി പല അതിനൂതന  പരീക്ഷണങ്ങള്‍ നടത്തിയിട്ടും തുരപ്പന്‍ രാജാവായി തന്നെ വാണു.
എലിയെ പിടിക്കാത്തതിന്  ഭൈരവന്  മാത്രമല്ല ടിപ്പുവിനും കിട്ടിത്തുടങ്ങി തെറിവിളി. 

ഒരു ദിവസം കേശവന്‍ ചേട്ടന്‍ വീട്ടില്‍ എത്തിയപ്പോഴാണ് തുരപ്പന്‍ എലികളെ പൊത്തില്‍ നിന്ന് പുകച്ചു പുറത്തു ചാടിച്ച് ഓടിച്ചിട്ട് അടിച്ചു കൊല്ലാം  എന്നുള്ള ഐഡിയ മുന്നോട്ട് വെച്ചത്. പണ്ടൊരു നാള്‍ കേശവന്‍ ചേട്ടന്റെ കപ്പതോട്ടത്തില്‍ ഇതുപോലെ എലിയെ പിടിക്കാന്‍ പോയി അവസാനം തേങ്ങാ വെട്ടുകാരന്‍ രാജപ്പന്‍ ചേട്ടന്‍ ഉള്‍പ്പടെ മൂന്നുപേരാണ് കപ്പയും അടത്തിപ്പറിച്ചോണ്ട് ചേനക്കുഴിയില്‍ ചാടിയത്.

'കേശവന്‍ ചേട്ടാ പണ്ടത്തെപ്പോലെ ഇതും അവസാനം ചേനക്കുഴിയില്‍ ആയിരിക്കുമോ' ഞാന്‍ ചോദിച്ചു.

'എടാ കൊച്ചേ അത് നമുക്കന്നു കൂടുതല്‍ ആള്‍ക്കാര്‍ ഇല്ലാഞ്ഞത് കാരണമല്ലേ അങ്ങനെ പറ്റിപ്പോയത്. ഇപ്രാവശ്യം നമുക്ക് അവനെ പൂട്ടണം' കേശവന്‍ ചേട്ടന്‍ ആവേശത്തോടെ പറഞ്ഞു.

അങ്ങനെ ഒരു വൈകുന്നേരം അച്ഛന്‍,  പൊത്തില്‍ മുളകും ചൂട്ടും കൊതുമ്പും ഒക്കെ ഇട്ട് തീ പിടിപ്പിച്ചു. പുറത്തു ചാടിയാല്‍ വളഞ്ഞിട്ട് അടിക്കാനായി മുളവടിയുമായി കേശവന്‍ ചേട്ടനും  ജോര്‍ജ് അച്ഛനും ഞാനും. കൂടാതെ ഭൈരവനും ടിപ്പുവും ഏത് ആക്രമണവും നേരിടാന്‍ തയ്യാറായി കൂടെയുണ്ട്.

പുക കണ്ണിലും മൂക്കിലും കയറി ഓരോരുത്തരും പതുക്കെ പതുക്കെ ചുമക്കാന്‍ തുടങ്ങി. 
'ദാ പിടിച്ചോ എലിയൊരെണ്ണം പുറത്തു ചാടി '
അച്ഛന്‍ അലറി. സ്വിച്ചിട്ടപോലെ എല്ലാവരും ഒന്നു തരിച്ചു. പുകയടിച്ചു കണ്ണുകാണാതെ ഒരു തുരപ്പന്‍  കേശവന്‍ ചേട്ടന്റെ കാലിനു കീഴിലൂടെ ഒറ്റ പാച്ചില്‍. മുന്നും പിന്നും നോക്കാതെ കേശവന്‍ ചേട്ടനും ജോര്‍ജ് അച്ഛനും തലങ്ങും വിലങ്ങും അടി തുടങ്ങി. നാലു മൂട് ബ്ലോക്ക് കപ്പകള്‍ ആ അടിയില്‍ നിലം പരിശായി.

നേരെ പാഞ്ഞ തുരപ്പന്‍ ഭൈരവന് നേരെയാണ് ചെന്നത്. രണ്ടും കല്പ്പിച്ചു ഭൈരവന്‍ ഹ്രീം ഹ്രോം  എന്നൊരു പ്രത്യേക മ്യൂസിക് ഇട്ടുകൊണ്ട് നഖങ്ങള്‍ വിടര്‍ത്തി തുരപ്പന്റെ ചെകിട്ടത്ത് ഒന്നു പൊട്ടിക്കുവാനും  ചാടിയൊന്നു പിടിക്കാനും  നോക്കി. എവിടെ...  കത്തിച്ചു വിട്ട വാണം പോലെ വന്ന തുരപ്പന്‍ ഭൈരവനെ മറിച്ചിട്ടുകൊണ്ട് വാഴകള്‍ ക്കിടയില്‍ ചാടി.

എലി പിടുത്തം എന്റെ ഡ്യൂട്ടിയില്‍ പെട്ടതല്ല എന്ന ആലോചനയില്‍ നിന്ന ടിപ്പുവിന്റെ രക്തം തിളച്ചു..

'എന്റെ ഭൈരവനെ മറിച്ചിടാറായോടാ കുരുത്തം കെട്ടവനെ' എന്നലറി കൊണ്ട് ടിപ്പു വാഴത്തോട്ടത്തില്‍ ചാടി കൂടെ ഭൈരവനും. പിന്നീടൊരു വെടിയും പുകയും മാത്രം ഓര്‍മ്മയുണ്ട്. ഭൈരവനും ടിപ്പുവും ഇടുന്ന പ്രത്യേക തരത്തിലുള്ള  മ്യൂസിക് മാത്രം ഇടക്ക്  കേള്‍ക്കാം.

ഞങ്ങള്‍ ഓടി ചെല്ലുമ്പോള്‍ ടിപ്പുവിന്റെ കടിയേറ്റ് ഇഹലോകവാസം വെടിഞ്ഞ തുരപ്പന്‍ എലി ചോരയും ഒലിപ്പിച്ച് പാളയന്‍തോടന്‍ വാഴക്ക് കീഴില്‍  കിടക്കുന്നു. 'ഇതൊക്കെ ചീളു കേസുകള്‍ അല്ലേ ' എന്നൊരു ഭാവം മുഖത്തു ഫിറ്റ് ചെയ്തു കൊണ്ട് വാഴത്തോട്ടത്തില്‍ നിന്നും ടിപ്പു വീരനെപ്പോലെ  കയറി വരുന്നു.

കപ്പ മൂടോടെ അടിച്ചിട്ടത്തിന്റെ ക്ഷീണത്തിലും വായുവിലുള്ള വീശി അടിയിലും തകര്‍ന്നുപോയ  ജോര്‍ജ് അച്ഛനും കേശവന്‍ ചേട്ടനും പടവെട്ടി തളര്‍ന്ന പടയാളികളെപ്പോലെ നിന്നു.

'ഇനി തീയിടേണ്ട ഒരു പൊത്തില്‍ ഒരു തുരപ്പനെ കാണൂ ' ജോര്‍ജ് അച്ഛന്‍ പറഞ്ഞു.

ബഹളം കേട്ടുകൊണ്ട് താഴെപ്പുറത്തുനിന്ന് ഭാസ്‌കരന്‍ ചേട്ടന്‍ കയറി വന്നു .'ഇനി ചിലപ്പോള്‍ തുരപ്പന്‍ എലി എല്ലാം കൂടെ കേറി ആക്രമിച്ചു  കൊന്നതായിരിക്കുമോ  എന്റെ താമരാക്ഷനെ '
 ചത്തു മലച്ചു കിടക്കുന്ന തുരപ്പന്‍ എലിയെ നോക്കിക്കൊണ്ട് ഭാസ്‌കരന്‍ ചേട്ടന്‍  കുണ്ഠിതത്തോടെ  പറഞ്ഞു.

അതു കേട്ട് ഞാനും അച്ഛനും കണ്ണില്‍ കണ്ണില്‍ നോക്കി....

(ശുഭം)

Post a Comment

0 Comments