പകര്‍ന്ന് തന്ന
ഈ വീഞ്ഞിനിത്ര മധുരമെന്തേ
അറിയാതെ എന്തോ ഓര്‍ത്ത് നാണിച്ച് ചിരിച്ച് പോകുന്നു ഞാന്‍.
പൂച്ചക്കണ്ണനായ
കാമുകാ, നീയെന്റെ ഹൃദയ ചഷകത്തില്‍
പകര്‍ന്ന
പ്രണയ വീഞ്ഞിന്റെ
മാധുര്യമാണ് ഇപ്പോഴും എന്റെ നാവിലെ രസമുകുളങ്ങളില്‍.
ബില്ല ,വെളുത്ത്
മെലിഞ്ഞവള്‍
നിന്നെ പ്രണയിച്ചവള്‍
നീപകര്‍ന്ന വീഞ്ഞ്
വെറുതേ
നോക്കിയിരിപ്പാണ്
അവളുടെ കണ്ണുകള്‍
ഇടക്കിടെ നിറഞ്ഞ്
തുളുമ്പുന്നുമുണ്ട്.
വീഞ്ഞ് പകര്‍ന്ന് പകര്‍ന്ന്
നീയൊരു വീഞ്ഞായ്.
അല്പ്പാല്പ്പമായ് ഞങ്ങളിലേക്ക് ഇറങ്ങുകയാണല്ലോ
ഇന്നൊരു ഓര്‍മ്മദിനമല്ലേ
ജോഷ്വാ, നീ ഞങ്ങള്‍ക്കും
ഞങ്ങള്‍ നിനക്കും വേണ്ടി ഒപ്പീസ് ചൊല്ലി മെഴുകുതിരികള്‍ കത്തിച്ച് ആ പ്രകാശത്തില്‍
നാം പരസ്പരം നോക്കി യിരിക്കുകയാണോ?
നമ്മള് മൂന്നുപേരും ചിരിച്ചും കരഞ്ഞും നിശബ്ദമായും
ഇവിടെ പൊട്ടിപൊളിഞ്ഞ
ഈ കെട്ടിടത്തിനുള്ളില്‍
പതഞ്ഞ് പൊങ്ങുന്ന ഏതോ ഉന്മാദ ലഹരിയില്‍
വീണ്ടും ഒന്നിക്കുകയാണോ?
പായല്‍ പുരണ്ട
ഈ പഴയകെട്ടിടത്തിന്റെ ചുമരുകള്‍ക്ക് ചിത്രങ്ങളാല്‍
നീ വീണ്ടും ജീവനേകുകയാണോ ?
ഒരിക്കല്‍ ബില്ലയുടെ കണ്ണുകളില്‍ പകര്‍ന്ന ചൂടാണോ
ഇപ്പോള്‍ നീ വരച്ചുകൊണ്ടിരിക്കുന്നത്
അതാണോ അവള്
വിതുമ്പുന്നത്.
അതോ ആദ്യമായ് എന്റെ ചുണ്ടിലേക്ക് ചൊരിഞ്ഞ
നനഞ്ഞ് തണുത്ത കുളിരുള്ള ചിരിയോ?
അതുമല്ലെങ്കില്‍ നിന്റെ ലോകത്ത് നീ ബാക്കിവച്ചിരിക്കുന്ന
നിന്റെ നിശബ്ദതയുടെ ചിത്രങ്ങളോ?
ജോഷ്വാ, നിന്റെ വരകളിലിപ്പോഴും നമ്മള് മൂന്നുപേരും നിറഞ്ഞ് നില്ക്കുന്നുവോ !
പിന്നെ ആകാശത്തിലും
ഭൂമിയിലുമല്ലാതെ
പ്രണയദ്വീപ് പോലെ നമുക്കായ്
പ്രണയലഹരികളില്
മുഴുകുവാന്‍
നിനക്ക് വരയ്ക്കുവാന്‍
ഞങ്ങള്‍ക്ക് നിന്റെ
ചിത്രങ്ങളാകുവാന്
മേല്‍ക്കൂരയില്ലാത്ത
പൊട്ടിപൊളിഞ്ഞ ഈ
മനോഹരമായ കെട്ടിടം
ഇവിടെയിങ്ങനെ അനശ്വരമായ് നില്ക്കുകയാണോ ?
---------------------
© rajila sherin
1 Comments
കൊള്ളാം , നന്നായിട്ടുണ്ട്. ഏതായാലും ഈ മധുരമുള്ള വീഞ്ഞു എല്ലാവരും കഴിച്ചു നോക്കുക .. ആശംസകൾ
ReplyDelete