കൊറോണ തന്ന വിസ്മയം | ചെറുകഥ | പ്രേംരാജ്. കെ. കെ

malayalam-story-covide-19-corona-thanna-vismayam


വീട്ടില്‍ എത്തിയിട്ട് രണ്ടു ദിവസമേ ആയുള്ളു. ഞാന്‍ ഇവിടുന്ന് ദൂരെയുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് അടുത്താണ് താമസം. വീട്ടില്‍നിന്നും ദിവസവും പോയി വരാന്‍ ബുദ്ധിമുട്ടാണ്. ദൂരം കൂടുതല്‍, പിന്നെ ഒരുപാടു സമയമെടുക്കും. ഇവിടുന്നും രാവിലത്തെ ബസ് ആറുമണിക്കെയുള്ളൂ,  അതിനു പോയാല്‍ത്തന്നെ  പതിനൊന്നു മണി കഴിയും അവിടെയെത്താന്‍, വൈകിയാല്‍ സൂപ്പര്‍വൈസര്‍ മുട്ടന്‍ തെറി പറയും. ഞാന്‍ അതുകൊണ്ടു ഇന്‍ഡസ്ട്രിയ്ക്കു അടുത്ത് തന്നെ  , കൂടെ ജോലി ചെയ്യുന്ന ഒരു ഫിറ്റര്‍ ഉണ്ട്, കേശവ്, അവന്റെ കൂടെയാണ് താമസം. രണ്ടാഴ്ച്ച കൂടുമ്പോള്‍ വീട്ടിലേക്ക് വരും. ഓ, ഞാനും കേശവനും ഒരേ കമ്പനിയില്‍ ആണ് ജോലി ചെയ്യുന്നത്. ഞാന്‍ ലേത്തു മെക്കാനിക്കാണ് . ആ കമ്പനി പീനിയ എന്ന സ്ഥലത്തായിരുന്നു, ഈയിടെയാണ് നെലമംഗലയിലോട്ടു മാറ്റിയത്. സര്‍ക്കാരിന്റെ നോട്ടീസ് ഉണ്ടായിരുന്നു പീനിയ യില്‍ നിന്നും വേറെ ഇങ്ങേട്ടെങ്കിലും മാറ്റി സ്ഥാപിക്കാന്‍. എന്നാലും ഇപ്പോഴും ചില കമ്പനികള്‍ അവിടെ തന്നെ തുടരുന്നുണ്ട്. 

മാര്‍ച്ച് പതിനാറിന് രാവിലെ  നമ്മുടെ ഫോര്‍മാന്‍ പറഞ്ഞു , കമ്പനി കുറച്ചു ദിവസത്തേക്ക് അടച്ചിടാന്‍ പോകുന്നു എന്ന്. ഞങ്ങള്‍ എല്ലാവരും അറിഞ്ഞിരുന്നു കൊറോണ എന്ന അസുഖം പടരുന്നു എന്ന്. എന്നാലും ഇത്ര പെട്ടന്ന് അടയ്ക്കും എന്ന് കരുതിയില്ല. ഏതായാലും ഇരുപത്തിയൊന്നാം തീയതി വീട്ടിലേക്കു പോകണം എന്ന് വിചാരിച്ചതാണ്. അനിയത്തിക്കുള്ള കുറച്ചു മരുന്നുകള്‍ കൈയില്‍ ഉണ്ടായിരുന്നു. 

മാര്‍ച്ച് പതിനാറിന് , തിങ്കളാഴ്ച നെഞ്ചിടിപ്പ് കൂടി, ഇവര്‍ പൈസ തരാതെ പറഞ്ഞു വിടുമോ, അല്ല എപ്പോള്‍ തിരിച്ചുവരണം എന്നൊക്കെ ആലോചിച്ചു.

എന്തോ, ഉച്ചക്ക് തന്നെ ഫോര്‍മാന്‍ വന്നു നോട്ടീസ് വായിച്ചു. ഇന്ന് പണി കഴിഞ്ഞു എല്ലാവര്‍ക്കും പോകാം, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ കമ്പനി അടച്ചിടുന്നു. എല്ലാവര്‍ക്കും മുഴുവന്‍ ശമ്പളം ബാങ്കിലേക്ക് വരും. അത് കേട്ടപ്പോള്‍ ആശ്വാസമായി. 

വൈകുന്നേരം കമ്പനിയില്‍നിന്നും വെളിയിലേക്കു ഇറങ്ങിയപ്പോള്‍ വണ്ടികളൊന്നും ഇല്ല. ബസ് ഇല്ല. ട്രെയിന്‍ ഇല്ല .. എങ്ങനെ വീട്ടിലേക്കു പോകും. അല്ല ഇന്ന് റൂമില്‍ താമസിച്ചു നാളെ പോയാലോ..? 

കേശവനെ വിളിച്ചു ചോദിച്ചു, എന്ത് ചെയ്യാനാണ് പരിപാടി എന്ന്. അവന്‍ പറഞ്ഞു അവന്‍ നാട്ടിലേക്കു പോകാന്‍ തീരുമാനിച്ചു എന്ന്. 

എന്നാല്‍  ശരി, ഞാനും അങ്ങനെ തന്നെ ചെയ്യാം. 

പെട്ടന്ന് തന്നെ റൂമില്‍ പോയി മരുന്നും, പഴയ തുണികളും ഒരു കുഞ്ഞു ബാഗില്‍ തിരുകി പുറപ്പെട്ടു. 

ഏതെങ്കിലും വാഹനം കിട്ടുമെന്ന് കരുതി ബസ് സ്റ്റോപ്പിലേക്ക് ചെന്ന്. തികച്ചും വിജനം . നേരം ഇരുട്ടിത്തുടങ്ങിയിരുന്നു

കയ്യില്‍ ഒരു തുള്ളി വെള്ളം പോലും ഇല്ല. 

മാസ്‌കും ഇല്ല. ഒരു മഫ്‌ലര്‍ ഉണ്ട്, പിന്നെ ഒരു തൊപ്പിയും . 

ബസ് സ്റ്റോപ്പില്‍ നിന്നിട്ടു കാര്യമില്ല എന്ന് കരുതി മെല്ലെ നടന്നു, കുറച്ചു ദൂരെ ഒരു ബസ് ഡിപ്പോ ഉണ്ട്, അവിടുന്ന് മജെസ്ടിക്കിലേക്ക് ബസ് കിട്ടും എന്ന് കരുതി നടന്നു. 

മെയിന്‍ റോഡില്‍ ഒരു കടകള്‍ പോലും ഇല്ല, എല്ലാം അടഞ്ഞു കിടക്കുന്നു. കുറച്ചു ഉള്‍ഭാഗത്തേക്കു പോയാല്‍ വല്ല കടകള്‍ കാണും എന്ന് കരുതി . കുറച്ചു വല്ലതും കഴിക്കണം, ഒരു കുപ്പി വെള്ളവും.

പിന്നെ മെയിന്‍ റോഡ് വിട്ടു സമാന്തര പാതയിലൂടെയായി  നടത്തം. 

അപ്പോള്‍ ഞാന്‍ സുഖമില്ലാത്ത അനിയത്തിയെ കുറിച്ചല്ല ആലോചിച്ചത്, കൊറോണയെ കുറിച്ചാണ്. 

ഇവന്‍ ഇത്രനാള്‍ ഇവിടം ഉണ്ടാകും, എന്തായാലും ബാംഗളൂരില്‍ വരാന്‍ സാധ്യതയില്ല. വല്ല പാരസെറ്റമോളും, ക്രോസിനും കഴിച്ചാല്‍ മാറില്ലേ.. നല്ല ചുക്ക് കാപ്പി കുടിച്ചാല്‍ മാറാത്ത പനിയുണ്ടോ 

എന്നൊക്കെ ആലോചിച്ചു നടന്നു.. ഞാന്‍ എന്നോടുതന്നെ ചോദിച്ചു..'എന്താ ഇങ്ങനെ നടന്നാല്‍ മതിയോ? ഇപ്പോള്‍ തന്നെ അഞ്ചാറു കിലോമീറ്റര്‍ നടന്നു. ' 

എനിക്കറിയാമായിരുന്നു ഇപ്പോള്‍ പുറത്തിറങ്ങി നടക്കരുത് എന്ന്. കമ്പനിയില്‍ നിന്നും ഫോര്‍മാന്‍ മെമ്മോ വായിക്കുമ്പോള്‍ അതും കൂട്ടിചേര്‍ത്തിരുന്നു.  സാമൂഹിക അകലം പാലിക്കണം, പൊതുസ്ഥലത്തു തുപ്പരുത്, കൈ കൊടുക്കരുത് എന്നൊക്കെ. 

അപ്പോഴേക്കും ബസ് ടെര്‍മിനല്‍ എത്തി. ഒരാളനക്കം പോലും ഇല്ലായിരുന്നു അവിടെ. കുറച്ചു നേരം ചുറ്റിപറ്റി നിന്നു .. 

ഒരു പോലീസ് ജീപ്പ് വന്നു നിര്‍ത്തി, 'മനെഗേ ഹൊഗെക്കെ ടൈം ആഗില്‍വാ ?' 

ഒരു പോലീസുകാരന്‍ ചോദിച്ചതാ  വീട്ടില്‍ പോകാറായില്ലേ എന്ന്. 

ഉടന്‍ ഞാന്‍ പറഞ്ഞു 'ഹോഗ്ത്തായിദ്ദിനി സര്‍ ' 

വേഗംതന്നെ ബസ് സ്റ്റാന്‍ഡില്‍ നിന്നും  നടന്നകന്നു.

അങ്ങനെ നടക്കുമ്പോള്‍ കുറെ ഫോണ്‍ കാളുകള്‍ വന്നു. ഈ മൊബൈല്‍ കൊണ്ട് ഫോണ്‍ ചെയ്യാം, മെസ്സേജ് അയക്കാം, പിന്നെ നായയെ എറിയാം .. അത്ര മാത്രം 

അനിയത്തിയും വിളിച്ചു.. 'അണ്ണാ , വെളിയില്‍ പോകേണ്ട, ആരോടും കൂട്ട് കൂടേണ്ട' എന്നൊക്കെ പറഞ്ഞു. ഞാന്‍ വീട്ടിലേക്കു വരുന്ന കാര്യം  പറഞ്ഞില്ല.

എന്തെങ്കിലും കഴിക്കണം.. ഒരു കടയും കണ്ടില്ല. 

ടോള്‍ പ്ലാസയില്‍ വല്ലതും കിട്ടും എന്ന് കരുതി വീണ്ടും നടത്തം തുടര്‍ന്നു ..

അതിനിടയില്‍ പല വാഹനങ്ങള്‍ക്കും കൈ കാണിച്ചു... ആരും നിര്‍ത്തിയില്ല. 

എന്ത് ചെയ്യണം എന്നറിയാതെ കാലുകള്‍ മുന്നോട്ടു തന്നെ നീങ്ങി. എന്തോ ഒരു ശക്തി കാലുകളെ പിടിച്ചു മുന്നോട്ടേക്കു വലിച്ചു കൊണ്ടിരുന്നു. എനിക്ക് തീരെ ഭയം തോന്നിയിരുന്നില്ല.  

അതിനിടയില്‍ കേശവ് വിളിച്ചു ചോദിച്ചിരുന്നു എവിടെ എത്തി , കഴിച്ചോ എന്നൊക്കെ.. പാവം, അവന്‍ അപ്പോഴും ബസ് സ്റ്റാന്‍ഡില്‍ തന്നെ ആയിരുന്നു. 

ടോള്‍  പ്ലാസക്ക് അടുത്ത് ഒരു കട പോലും ഇല്ല. 

അങ്ങനെ ഒരു വല്യ റിസോര്‍ട്ടിനടുത്തു എത്തിയപ്പോള്‍ സെക്യൂരിറ്റി ക്യാബിനില്‍ ഒരു സെക്യൂരിറ്റിയെ കണ്ടു, അയാളോട് രണ്ടു കുശലം പറഞ്ഞു. അയാളുടെ വകയായി രണ്ടു കുപ്പി വെള്ളവും കിട്ടി. സന്തോഷം.  വളരെ നന്ദി നേര്‍ന്നുകൊണ്ട് വീണ്ടും നടത്തം തുടര്‍ന്നു . 

വിശപ്പ് കൂടി , വെള്ളം കുടിച്ചു വിശപ്പടക്കി. 

കുറച്ചു ദൂരം നടന്നപ്പോള്‍ വഴിവിളക്കുകള്‍ ഇല്ലാതായി. വല്ലപ്പോഴും ഓടുന്ന വാഹനങ്ങളുടെ വെളിച്ചം. 

കുറെയധികം നായകള്‍ വഴിയില്‍. കുറച്ചെണ്ണം എന്നെ  കുറെ നേരം ഓടിച്ചു. 

രാത്രി ഏറെയായപ്പോള്‍ ഭയം കൂടിവന്നു. എവിടെയെങ്കിലും കുറച്ചുനേരം ഇരുന്നാലോ എന്നാലോചിച്ചു . ഏതെങ്കിലും കടത്തിണ്ണയില്‍ ഇരിക്കാമെന്നു കരുതി ഒരു ഇടവഴിയിലോട്ടു കയറി. 

കുറച്ചു നടന്നപ്പോള്‍ കണ്ട  ഒറ്റപ്പെട്ട ഒരു കടയുടെ ചവിട്ടുപടിയില്‍ ഇരുന്നു. 

ഒന്നുറങ്ങിയപോയി, ഞെട്ടിയുണര്‍ന്നപ്പോള്‍ ഒരു നായ മുന്നില്‍ നില്‍ക്കുന്നു, അവന്റെ  ഇടം ഞാന്‍ തട്ടിയെടുത്തതുകൊണ്ടാവാം അവനൊരു മുറുമുറുപ്പ്. അവനൊന്നു കുരച്ചു, ഞാന്‍ എഴുന്നേറ്റു ഓടി. ഭാഗ്യം, അവന്‍ പിന്നാലെ വന്നില്ല. 

അപ്പോഴും ഞാന്‍ മെയിന്‍ റോഡിനു സമാന്തരമായുള്ള റോഡില്‍ തന്നെ ആയിരുന്നു. 

നേരം വെളുക്കാന്‍ ഇനിയും സമയമുണ്ട്, അടുത്ത് ഒരു സര്‍ക്കാര്‍ വക പാര്‍ക്ക് ഉണ്ട്. അവിടെയിരുന്നു നേരം വെളുപ്പിക്കാം എന്നോര്‍ത്ത് നടത്തം തുടര്‍ന്നു . 

ആഹാ, ഈ പാര്‍ക്കാണ് നല്ലയിടം, ഒന്നുകൂടി ഉറങ്ങാം. ഒരു മരത്തിന്റെ  നിഴലില്‍ ഇരിക്കാം എന്നുകരുതി. 

അപ്പോഴാണ് അവിടെ നിന്നും ഒരു സ്‌കേറ്റിംഗ് ബോര്‍ഡ് കണ്ടുകിട്ടി .. വെളിച്ചത്തിലേയ്ക്കു മാറിനിന്നും അതിനെ പരിശോധിച്ചു , കൊള്ളാം കുഴപ്പമൊന്നുമില്ല. എന്നാലിനി സമയം കളയണ്ട എന്നുകരുതി റോഡിലേക്കിറങ്ങി. 

സാധനം ഉരുളുന്നുണ്ട്, ധൈര്യത്തില്‍ അതിന്മേലെ കയറാന്‍ പരിശ്രമം നടത്തി.. ഒരു  കാല്‍ അതില്‍ വെച്ച്, മറ്റേകാല്‍ കൊണ്ട് തള്ളി, കുറച്ചു നേരം ശ്രമപ്പെട്ടു മുന്നോട്ടു നീങ്ങി. 

വലിയ വീട്ടിലെ കുട്ടികള്‍ പുതിയൊരെണ്ണം കിട്ടിയപ്പോള്‍ വലിച്ചെറിഞ്ഞതാവാം. അല്ലെങ്കില്‍ ഏതെകിലും കുട്ടി മറന്നു പോയതാണോ? ഹേയ് , അതാവില്ല, ഇത് റോഡില്‍ നിന്നും കിട്ടിയതാണല്ലോ. ഏതായാലും ഞാന്‍ അതെടുത്തു.

കമ്പനിയില്‍ വെച്ച് വൈദുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്‌കേറ്റിംഗ് ഉപയോഗിച്ചിട്ടുണ്ട്. കമ്പനിയില്‍ ചിലപ്പോള്‍ ഒരു മൂലയില്‍ നിന്നും മറു വശത്തേക്ക് പെട്ടന്ന് ചെല്ലാന്‍ ഇത് ഉപയോഗപ്പെടുത്തുന്നു, അതവിടെ വന്നിട്ട് അധികകാലം ആയില്ല, ആറോ എഴോമാസം .. 

സ്‌കേറ്റിംഗ് ബോര്‍ഡ് ഉപയോഗിച്ച് കുറെ ദൂരം പിന്നിട്ടു. ഇരുട്ടിന്റെ മറവില്‍ വലിയൊരു കുഴി. കൈ ഇടിച്ചു വീണു.  വളരെ ബുദ്ധിമുട്ടി എഴുന്നേറ്റു. കൈകള്‍ അനക്കാന്‍ വയ്യ. സ്‌കേറ്റിംഗ് ബോര്‍ഡ് എങ്ങോട്ടോ തെറിച്ചു പോയി. കൈ മുട്ടില്‍നിന്നും ചോരപൊടിയുന്നു. തലയില്‍ ചുറ്റിയിരുന്ന മഫ്‌ലര്‍ കൊണ്ട് പൊടിയും ചോരയും തുടച്ചു, മെല്ലെ നടക്കാന്‍ ശ്രമം നടത്തി. 

കുറച്ചു നേരം അവിടെ തന്നെ ഇരുന്നു. ആ ഇരുട്ടില്‍ സ്‌കേറ്റിംഗ് ബോര്‍ഡ് എവിടെ തപ്പിയെടുക്കാനാ 

പുറത്തു തൂക്കിയിട്ടിരുന്ന ബാഗില്‍ നിന്നും വെള്ളമെടുത്തു കൈകള്‍ തുടച്ചു. 

ഓ, റോഡില്‍ നിന്നും തെന്നി കുറച്ചു താഴേക്കാണ് വീണിരുന്നത് , റോഡില്‍നിന്നും നാലഞ്ചടി താഴ്ചയുണ്ട്. ആരെ വിളിക്കാന്‍  ഈ സമയത്ത്  ആര് വരാന്‍. തികച്ചും വഴുക്കുന്ന റോഡരിക്. 

കുറെ ശ്രമപ്പെട്ടു വലിഞ്ഞു റോഡിലേക്ക് കയറി, റോഡരികില്‍ ഇരുന്നു. 

ഇനി നേരം പുലര്‍ന്നിട്ടാകാം യാത്ര, ചിലപ്പോള്‍ എന്തെങ്കിലും വാഹനങ്ങള്‍ കിട്ടും.  

ഒരു പഴയ കെട്ടിടത്തിന്റെ അരികു ചേര്‍ന്നു ഇരുന്നു. 

ഒരു സൈക്കിളിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. നേരം വെളുത്തിരുന്നു. പത്രങ്ങള്‍ ഇടുന്ന വാഹനങ്ങള്‍ ഉണ്ടാകും എന്ന് കരുതി റോഡിലേക്കിറങ്ങി.

കൈയിലിരുന്ന അവസാന വെള്ളത്തുള്ളികള്‍കൊണ്ട് മുഖം കഴുകി കുറച്ചു തലയിലും തേച്ചു. 

പല വാഹനങ്ങള്‍ക്കുനേരെ കൈ കാണിച്ചു. ഒടുവില്‍ ഒരു വാന്‍ നിര്‍ത്തി, എനിക്ക് പോകേണ്ടുന്ന ഇടം പറഞ്ഞാല്‍ കേറ്റില്ല , അതുകൊണ്ടു കുറച്ചു എച് എസ്സാര്‍ ലേഔട്ട് എന്ന് പറഞ്ഞു. അങ്ങനെ അതില്‍ കയറി. 

അതില്‍ രണ്ടുപേര് ഉണ്ടായിരുന്നു, അതോടിക്കുന്ന ആളും പിന്നെ ഒരു പയ്യനും. അവരോടു കുശലം പറഞ്ഞുകൊണ്ടിരുന്നു, ഇല്ലെങ്കില്‍ ഞാന്‍ ഉറങ്ങിപോകും എന്നെനിക്കറിയാമായിരുന്നു. 

ഓ, അങ്ങനെ അവിടെ എത്തിയപ്പോള്‍ ഞാനിറങ്ങി.

അപ്പോള്‍ അവിടെ പോലീസുകാര്‍ ചോദ്യവുമായി , എവിടേക്കു, എവിടുന്നു എന്നൊക്കെ.?  

ഞാന്‍ പറഞ്ഞു എനിക്ക് ബാംഗ്‌ളൂര്‍  എന്ന ഇടത്തേക്കാണ് എന്ന്. അപ്പോള്‍ അവര്‍ ആശ്ചര്യപ്പെട്ടു , എങ്ങനെപോകും എന്നായി പിന്നത്തെ ചോദ്യം. 

എന്തെകിലും വാഹനം കിട്ടും എന്ന് പറഞ്ഞു ഞാന്‍ തടി തപ്പാന്‍ നോക്കി. 

ശരി എന്ന് പറഞ്ഞു അവരും. 

ഇനിയുമുണ്ട് പത്തുമുപ്പതു കിലോമീറ്റര്‍.  ഞാന്‍ അവിടെത്തന്നെ കിടന്നുപോകും എന്ന് തോന്നി. 

വലതു കൈയുടെ വേദന കൂടിവന്നു. ജീപ്പിലൊന്നും തൂങ്ങി പോകാന്‍ പറ്റില്ല എന്ന് ഉറപ്പായി. 

ഇനി ഒരു തിരിച്ചുപോക്ക് പറ്റില്ല. ഏതായാലും മുന്നോട്ടു തന്നെ. വീട്ടില്‍ പോയാലും ഇനി എത്ര നാള്‍ വീട്ടിലിരിക്കണം എന്ന കാര്യത്തില്‍ ഒരു ഊഹവും ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും വീട്ടിലെത്തണം എന്നതായിരുന്നു എന്റെ ചിന്ത . 

ഗ്രാമീണ പാതയിലൂടെ റോഡിലൂടെ പോയാല്‍ വല്ല ഇരുചക്ര വാഹനമോ ട്രാക്ടറോ കിട്ടാന്‍ സാധ്യതയുണ്ട് എന്ന് കരുതി പ്രധാന പാത വിട്ടു സമാന്തര പാതയില്‍ കയറി നടത്തം തുടര്‍ന്നു .

വെയില്‍ ഉദിച്ചപ്പോള്‍ കുറച്ചു സമാധാനമായി.

അപ്പോഴാണ് വയര്‍ ആളി കത്താന്‍ തുടങ്ങിയത്. വരുന്നത് വരട്ടെ എന്ന് കരുതി ഒരു വീട്ടില്‍ കയറി കുറച്ചു കുടിക്കാന്‍ വെള്ളം ചോദിച്ചു. ഒരു പ്രായമായ സ്ത്രീ വെളിയില്‍ വന്നു ചോദിച്ചു 'ഏന് ബേക്കൂ?'

 'സ്വല്‍പ നീര് ബേക്കൂ , കുടിയക്കെ'  ഞാന്‍ മടിച്ചു മടിച്ചു പറഞ്ഞു.

അവര്‍ എന്നെ അവിടെ നില്‍ക്കാന്‍ പറഞ്ഞിട്ട് വീടിനുള്ളിലേക്ക് പോയി. 

വേറെ ആരെയും അവിടെ കണ്ടില്ല. കുറെ കോഴികള്‍ വീടിനു മുന്നില്‍ ഉണ്ടായിരുന്നു. വെളിയില്‍ ഏതാനും കുപ്പായങ്ങള്‍ തൂക്കിയിട്ടുണ്ടായിരുന്നു. വേറെ ആളുകള്‍ അവിടെ താമസമുണ്ടെന്നു മനസിലായി. 

എവിടെയോ കണ്ടു മറന്നത് പോലെ ഇവരുടെ മുഖം. ഒരു വല്ലാത്ത തിളക്കം ഞാന്‍ അവരുടെ മുഖത്ത് കണ്ടു. ഒരു പക്ഷെ എന്റെ നാട്ടിലൊക്കെ വന്നിട്ടുണ്ടാകും.

ആ സ്ത്രീ ഒരു പാത്രത്തില്‍ കുറച്ചു ചോറും അതില്‍ കുറെ തൈരും അച്ചാറും കൊണ്ടുതന്നു. എന്റെ കണ്ണ് നിറഞ്ഞു. അവര്‍ അവിടെ ഇരുന്നു കഴിക്കാന്‍ പറഞ്ഞു. 

പിന്നീട് ഒരു പാട്ട നിറയെ വെള്ളവും. 

അവര്‍ അവിടം അടിച്ചു വാരാന്‍ തുടങ്ങി. അപ്പോള്‍ അവര്‍ ആരെയെക്കുറിച്ചു പറയുന്നുണ്ടായിരുന്നു.

ഏതാനും മിനുട്ട് കഴിഞ്ഞപ്പോള്‍ മനസിലായി അവരുടെ ഭര്‍ത്താവിനെ കുറിച്ചാണ് പറയുന്നതെന്നു. 

രാവിലെ പച്ചക്കറി കണ്ടത്തിലേക്കു പോയതാ, വരാന്‍ കുറച്ചു കൂടി സമയമെടുക്കും, ഈ ചോറ് അയാള്‍ക്ക് വേണ്ടി വെച്ചതാണ്. എന്നെ കണ്ടപ്പോള്‍ വിഷമം തോന്നി തന്നതാണ്. അവരുടെ മകന്‍ ധാര്‍വാഡ്ഡ് എന്ന ഇടത്താണ് ഉള്ളത്. ഈ അവസ്ഥയില്‍ മകന് വരാന്‍ പറ്റുമോ എന്ന വിഷമത്തിലാണ് അവര്‍. 

അതുപോലൊരു ചോറും തൈരും ഞാന്‍ കഴിച്ചിട്ടേയില്ല എന്ന് തോന്നി. 

അതിനിടയില്‍ അവര്‍ എന്റെ അടുത്തുവന്നിരുന്നു, എന്നെക്കുറിച്ചു ചോദിച്ചു. എനിക്ക് ബാംഗ്ലൂര്‍ എന്ന ഇടത്തേക്കാണ് പോകേണ്ടതെന്നും അവിടെ അനിയത്തിയും അമ്മയും മാത്രമേ ഉള്ളൂ എന്നും പറഞ്ഞു. 

അനിയത്തിക്ക് സുഖമില്ല , അവള്‍ക്കു വേണ്ടി കുറച്ചു മരുന്നുകള്‍ ഈ ബാഗില്‍ ഉണ്ടെന്നും ഞാന്‍ ധരിപ്പിച്ചു. 

ബാംഗ്ലൂര്‍ എന്ന് കേട്ടപ്പോള്‍ അവര്‍ക്കു അതിശയമായി. അവര്‍ക്കു അറിയാമത്രേ ബാംഗ്ലൂര്‍ , അവരുടെ നാട് അവിടെയാണത്രെ.

പറഞ്ഞു വന്നപ്പോള്‍ മനസിലായി അവരുടെ നാട് എന്റെ വീടിനു അടുത്താണ്. 

അവര്‍ക്കു എന്തോ കൂടുതല്‍ സന്തോഷം വന്നതുപോലെ എനിക്ക് തോന്നി. 

എന്റെ കൈ കണ്ടപ്പോള്‍ അവര്‍ അതിനെ കുറിച്ചായി. 

അവര്‍ പെട്ടന്ന് പറമ്പിലേക്ക് ഇറങ്ങി എന്തോ ഇല പറിച്ചു , ഇടിച്ചു ഒരു തുണികൊണ്ടു എന്റെ കൈയില്‍ കെട്ടിത്തന്നു.  

എനിക്ക് എന്റെ അമ്മയുടെ കൂടെ ഉള്ളതുപോലെ തോന്നി. അവര്‍ കാണാതെ ഞാന്‍ കണ്ണീരൊപ്പി. 

അവര്‍ എന്റെ അമ്മയുടെ പേര് ചോദിച്ചു, യശോദാ എന്ന് ഞാനും. 

അച്ഛന്‍ രംഗസ്വാമി , അതും കേട്ടപ്പോള്‍ അവര്‍ക്കു വീണ്ടും അതിശയം. 

അവര്‍ക്കറിയാം എന്ന രീതിയില്‍ അവര്‍ തലകുലുക്കി ചിരിച്ചു. 

വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞു സോംപുരയിലുള്ള കാവേരിയമ്മയെ അറിയോ എന്ന്. ഞാന്‍ തലകുലുക്കി. 

അവര്‍ എന്നെ അവിടെത്തന്നെ ഇരിക്കാന്‍ പറഞ്ഞിട്ട് മുറ്റത്തേക്കിറങ്ങി അല്പം കഴിഞ്ഞു തിരിച്ചു വന്നു , പിന്നാലെ ഒരു ബൈക്കുമായി ചെറുപ്പക്കാരന്‍. 

എനിക്കൊന്നും മനസിലായില്ല. അവര്‍ ആ ചെറുപ്പക്കാരനോട് പറഞ്ഞു, എന്നെ കുറച്ചു ദൂരം കൊണ്ടുവിടാന്‍.

എനിക്കപ്പോള്‍ കരച്ചില്‍ അടക്കാനായില്ല. 

എനിക്കാ അമ്മയെ ഒന്ന് കെട്ടിപ്പിടിക്കാന്‍ തോന്നി. അവര്‍ എന്റെ കവിളില്‍തൊട്ടു , പോയിവാ എന്ന് പറയുംപോലെ തലകുലുക്കി അകത്തേക്ക് കയറിപ്പോയി. 

ഞാന്‍ അയാളുടെ പുറകെകൂടി, ബൈക്കില്‍ കയറി യാത്ര തുടര്‍ന്നു . 

യാത്രയില്‍ അയാള്‍ ഒന്നും മിണ്ടിയില്ല, എനിക്കാണെങ്കില്‍ മിണ്ടാനും തോന്നിയില്ല. 

കൈ വേദന ഗണ്യമായി കുറഞ്ഞു, ഇപ്പോള്‍ കൈ  നല്ലപോലെ  ചലിപ്പിക്കാം. മുറിവില്‍ കെട്ടിയതുണി നല്ലപോലെ കറുത്തു പോയി. 

ബൈക്കില്‍ ഇരുന്നു എനിക്ക് ഉറക്കം വന്നു. ഇന്നലെ ഉറങ്ങാത്തതുകൊണ്ടു മാത്രമല്ല, ഇപ്പോള്‍ നല്ലപോലെ ഭക്ഷണം കഴിച്ചതുകൊണ്ടും ആയിരിക്കും. 

ഇനി ഒന്നുകൂടി വീഴാന്‍ പാടില്ല എന്നുറച്ചു  ഞാനിരുന്നു. 

മുക്കാല്‍മണിക്കൂറോളം ബൈക്ക് ഓടി , അയാള്‍ ഒരു പ്രധാന പാതക്കരികില്‍ നിറുത്തി പറഞ്ഞു, ഇവിടം വരയെ അയാള്‍ ഒള്ളു എന്നും, അവിടുന്ന് ഇടത്തോട്ടാണ് അയാള്‍ക്ക് പോകേണ്ടത് എന്നും പറഞ്ഞു.ഞങ്ങള്‍ അന്യോന്യം ഫോണ്‍ നമ്പറുകള്‍ കൈമാറി. അപ്പോഴാണ് ഞാനയാളുടെ പേര് ചോദിച്ചത്, രമേശ് എന്നാണ് പേര് പറഞ്ഞത്. 

ശോഷിച്ചുപോയ ഊര്‍ജം തിരിച്ചുവന്നതുപോലെ തോന്നി. 

വെയിലിന് ചൂട് കൂടിത്തുടങ്ങി. 

അമ്മയോട് സംസാരിക്കാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ അനിയത്തിയാണ് ഫോണ്‍ എടുത്തത്. 

അവള്‍ അപ്പോള്‍ ആശുപത്രിയിലോട്ടു പോകാന്‍ ഒരുങ്ങുകയായിരുന്നു. ഒരുക്കം എന്ന് പറഞ്ഞാണ് കൊണ്ടുപോകേണ്ടുന്ന കടലാസുകള്‍ എടുത്തു വെക്കണം, അത്യാവശ്യം വേണ്ടുന്ന മരുന്നുകള്‍, വെള്ളം, കുറച്ചു കഴിക്കാനും. ഡയാലിസിസ് തുടങ്ങിയാല്‍ കുറച്ചു മണിക്കൂറുകള്‍ ഹോസ്പിറ്റലില്‍ തന്നെ വേണമല്ലോ. 

'അമ്മയോട് ഞാന്‍ വരുന്ന കാര്യം പറഞ്ഞു, ഇന്നലത്തെ കാര്യമൊന്നും പറഞ്ഞില്ല. പക്ഷെ കാവേരിയമ്മയെ കണ്ടകാര്യം പറഞ്ഞു, 'അമ്മ അതെല്ലാം കേട്ടു , ഒന്നും പറഞ്ഞില്ല.

ഒരു ഊഹത്തില്‍ ഉച്ചയോടെ എത്തുമെന്ന് പറഞ്ഞു, നേരത്തെ എത്തുവാണെങ്കില്‍ ഹോസ്പിറ്റലിലോട്ടു വരാമെന്നും പറഞ്ഞു. 

അങ്ങനെ നടക്കുമ്പോള്‍ കരിമ്പിന്‍ തണ്ടുകള്‍ കൊണ്ടുപോകുന്ന ട്രാക്ടര്‍ കിട്ടി. 

അവിടെ  സ്വകാര്യ വാഹനങ്ങള്‍ നിരത്തിലുണ്ടായിരുന്നു. ഒറ്റപ്പെട്ട കടകളെല്ലാം തുറന്നിട്ടുമുണ്ടായിരുന്നു. 

ബാഗളൂര്‍  എത്തിയപ്പോഴേക്കും ഉച്ചയായി. അമ്മയെ വീണ്ടും ഫോണില്‍ വിളിച്ചപ്പോള്‍ മനസിലായി അവര്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങിയിട്ടില്ല എന്നകാര്യം. അങ്ങനെ ആശുപത്രിയിലോട്ടു പോകവേ പോലീസ് പിടിച്ചു. 

ആശുപത്രി പോന്നകാര്യം പറഞ്ഞപ്പോള്‍ അവര്‍ വിശ്വസിച്ചില്ല, കാരണം എന്റെ കൈയില്‍ ആശുപത്രി ശീട്ട് ഇല്ലാലോ. എന്തോ എന്റെ ദൈന്യാവസ്ഥ കണ്ടതുകൊണ്ടാവാം എന്നെ അവര്‍ ലാത്തി കൊണ്ട് അടിച്ചില്ല. 

ഞാന്‍ അമ്മയെ ഫോണില്‍ വിളിച്ചു ഇന്‍സ്‌പെക്ടര്‍ക്കു ഫോണ്‍ കൊടുത്തു, അമ്മ അവരെ പറഞ്ഞു മനസിലാക്കി. 

ഇന്‍സ്‌പെക്ടര്‍ ഒരു പോലീസുകാരനെ വിളിച്ചു എന്നെ ആശുപത്രി കൊണ്ടുവിടാന്‍ നിര്‍ദ്ദേശം കൊടുത്തു, അത് എന്നെ കൊണ്ടുവിടാനാണോ അഥവാ പരീക്ഷിക്കാനാണോ എന്നറിയില്ല. ഏതായാലും കാര്യം ഒരു തീര്‍പ്പായി. 

ആ പോലീസ്‌കാരന്‍ എന്റെ കൂടെ ഡയാലിസിസ് ചെയ്യുന്ന ഇടം വരെ കൊണ്ടെത്തിച്ചു, അമ്മയെക്കണ്ടു തീര്‍ച്ചവരുത്തിയാണ് പോയത്. ആ നല്ല പോലീസ് കാരനും അയാളുടെ മേലധികാരിക്കും വളരെ നന്ദി പറഞ്ഞു. 'ഇതു  താന്‍ടാ'  പോലീസ് എന്ന് ഞാന്‍ മനസ്സില്‍  കരുതി. 

ഡയാലിസിസ് സെന്ററിന് മുന്നിലുള്ള മരബെഞ്ചില്‍ കാലുകള്‍ നിവര്‍ത്തി ഞാനിരുന്നു. അമ്മയും അടുത്തുവന്നിരുന്നു. എനിക്ക് കാണാമായിരുന്നു എന്തോ ഒരു ആശ്വാസം അമ്മയുടെ മുഖത്ത്. 

അമ്മ പറഞ്ഞു ഇനി കുറച്ചു നേരം കൂടി ആയാല്‍ അനിയത്തിയേയും കൂട്ടി വീട്ടിലേക്കു പോകാമെന്നു. 

എനിക്കൊരടി പോലും നടക്കാന്‍ വയ്യാത്ത അവസ്ഥ. കാല്‍ മുട്ടുകള്‍ മുറിഞ്ഞുപോകുമെന്നപോലെ വേദന.  ചെരുപ്പുകള്‍ പൊട്ടിപൊളിഞ്ഞിരിക്കുന്നു. കൈ വേദന വളരെ കുറഞ്ഞിരുന്നു.

അമ്മ എന്റെ മുഖത്തേക്ക് നോക്കുണ്ടായിരുന്നു. ഞാന്‍ അതത്ര കാര്യമായി എടുത്തില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മയുടെ കണ്ണില്‍ നിന്നും ഒരിറ്റു കണ്ണുനീര്‍ വലിയൊരു ശബ്ദത്തോടെ വീണു. അല്ല അതിന്റെ വീഴ്ചക്ക് വല്യ ശബ്ദം ഉണ്ടായിരുന്നു. അമ്മ എന്റെ കൈ പിടിച്ചു എഴുന്നേറ്റു നടന്നു , ഞാനും കൂടെ. ആശുപത്രിയുടെ ഒരു മൂലയില്‍ എത്തിയപ്പോള്‍ അമ്മ എന്റെ കൈ മുറുകെ പിടിച്ചു, അപ്പോള്‍ എന്റെ കൈയില്‍ വീണ കണ്ണുനീരിനു വല്ലാത്ത ചൂടും ഉണ്ടായിരുന്നു. 

അമ്മ വളരെ പതിയശബ്ദത്തില്‍ പറഞ്ഞു - വളരെ പണ്ട് , ഏതാണ്ട് ഇരുപത്തഞ്ചു വര്‍ഷം മുമ്പ് ഒരു പെണ്ണും ചെറുക്കനും സ്‌നേഹത്തിലായി, കല്യാണം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. ഗര്‍ഭിണിയായ അവള്‍ എന്റെ വീട്ടില്‍ താമസിച്ചു, അന്ന് ഞാനും എന്റെ ചേട്ടനും അമ്മയും അച്ഛനും താമസിച്ച വീട്ടിലാണ് നമ്മള്‍ ഇപ്പോഴും താമസിക്കുന്നത്. അവള്‍ പ്രസവിച്ചു, ഒരാണ്‍കുട്ടി ,  ആ കുഞ്ഞിനെ എനിക്ക് തന്നിട്ട് അവള്‍  വേറെ  കല്യാണം കഴിച്ചു താമസം മാറിപോയി.. അവളാണ് ആ കാവേരി . 

അപ്പോഴേക്കും ആശുപത്രിയുടെ അങ്ങേ അറ്റത്തുനിന്നും അനിയത്തി 'അണ്ണാ, എപ്പോള്‍  വന്നു ??

©premrajkk

Post a Comment

13 Comments

  1. Really interesting.
    All the best Prem

    ReplyDelete
  2. continue writting Raju...so interesting to read and seen it as if we are watching a filim.....the end with an unexpected ....superb....congrats and best wishes .....

    ReplyDelete
  3. Best wishes ...!! Hope to see more of your work in the future.

    ReplyDelete
  4. എന്തൊരു ഭംഗിയുള്ള കഥ .. മനസ്സിൽ തട്ടുന്ന കഥ.. നല്ല രീതിയിൽ ഉള്ള കഥ പറയുന്ന രീതി. ക്ലൈമാക്സ് വളരെ നന്നായിട്ടുണ്ട് . എല്ലാ ആശംസകളും നേരുന്നു .. വീണ്ടും വീണ്ടും എഴുതു

    ReplyDelete
  5. ഒരുതരം ബാംഗ്ളൂരിന്റെ മണമുള്ള കഥ. കൂടെ മലയാളിത്തമുള്ള അവതരണം. അതുകൊള്ളാം .. വല്ലാത്ത ഒരു കോമ്പിനേഷൻ. ഏതായാലും നന്നായിട്ടുണ്ട് കേട്ടോ. എഴുതുക, മനസ്സിന് ഒരു കുളിർമ നൽകുന്ന ഇത്തരം കഥകൾ വേണം വായിക്കാൻ. കഞ്ചാവ് അടിച്ചു വായനക്കാർക്കു ഒന്നും മനസിലാകാത്ത ആധുനിക കഥകളേക്കാൾ എന്നും വളരെ ലളിതമായി പറയുന്ന കഥകൾക്കാണ് വായനക്കാർ എന്ന് തോന്നുന്നു .. ആശംസകൾ. ഭാവുകങ്ങൾ .. സ്വന്തം ബി .

    ReplyDelete
  6. This comment has been removed by the author.

    ReplyDelete

  7. അഭിപ്രായം അയച്ചവർക്കും അറിയിച്ചവർക്കും വളരെ നന്ദി.

    ReplyDelete
  8. നന്നായിട്ടുണ്ട്. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
    DJ Kunhimangalam

    ReplyDelete
  9. Well narrated! Feels like we are in the middle of the scene! Expecting more!

    ReplyDelete
  10. നിങ്ങൾ ആണ് എൻ്റെ പ്രചോദനം. നിങ്ങൾ നിങ്ങളുടെ പേര് ചേർത്താൽ നന്നായിരുന്നു.

    ReplyDelete