നാട്ടിലെപ്പോലെ കടല്‍ നീലച്ചേലയണിഞ്ഞ് ആകാശവുമായി അലിഞ്ഞില്ലാതെയാവുന്നത്
കാണാനാവുന്നില്ലല്ലോ?
സ്‌കൂള്‍ ബസിന്റെ വിന്‍ഡോ സീറ്റില്‍ തന്നെ എപ്പോഴും ഇരിക്കാറുളളത്
കടല്‍തീരയാത്രയുടെ രസം നിറയ്ക്കാനായിരുന്നു.
എന്നും കാണാറുള്ള പുതിയ പൂക്കളും മണല്‍ നിറമുള്ള കുരുവികളും..
ഓരോ സ്റ്റോപ്പില്‍ നിന്നും ട്യുണീഷ്യനും സുഡാനിയും ഈജിപ്ഷ്യനുമൊക്കെ കയറുമ്പോളുള്ള ഓരോ തരം മണങ്ങളും.
അഭിവാദ്യങ്ങള്‍ക്കും പ്രത്യഭി വാദ്യങ്ങള്‍ക്കും ശേഷം മറ്റൊന്നും കേള്‍ക്കാറേയില്ല..
തിരമാലകളുടെ വേലിയേറ്റമില്ലാത്ത പച്ചക്കടല്‍ നോക്കി ഇത് അറബിക്കടല്‍ തന്നെയോയെന്ന് സംശയത്തിന്റെ തുഴയെറിയും..
യക്ഷിക്കഥകളില്‍ കേട്ടിരുന്ന മന്ത്രവാദിനി മുഖമുള്ള ഈജിപ്ഷ്യന്‍ മ്യൂസിക് ടീച്ചറെ
കാണുന്നതേ ഭയപ്പെട്ടിരുന്നു.
ഇവരെങ്ങനെ സംഗീതം പഠിപ്പിക്കുന്നു വെന്ന് അമ്പരപ്പ് നിറച്ചു.
അസംബ്ലിയിലവര്‍ ഡ്രമ്മു കൊട്ടി
ദേശീയഗാനം ചൊല്ലുമ്പോള്‍ പേടി തോന്നിയിട്ടുമില്ല.
വലിയ ലോകത്തെ, ഒരു ചെറിയ ലോകമാണ് സ്‌കൂളെന്നു വിചാരിക്കാറുണ്ട്.
മനുഷ്യന്റെ രാജ്യാതിര്‍ത്തികളെ, ഭാഷാവ്യത്യാസങ്ങളെ ഒക്കെ മറക്കുന്ന
കുട്ടികളുടെ സ്‌നേഹമറിയുമ്പോള്‍,
പുഞ്ചിരിയൊഴുകുന്ന മുഖങ്ങള്‍ കാണുമ്പോള്‍, കുസൃതിക്കണ്ണുകളില്‍
പ്രപഞ്ചം മുഴുവന്‍ നിറഞ്ഞതായും തോന്നാറുണ്ട്.
------------------------------------
© bindhu thejas
1 Comments
👍👍
ReplyDelete