ഉടല്‍ | കെ.ബി. അജയകുമാര്‍

k-b-ajayakuar-udal


സന്ധ്യക്ക്‌പൊത്തില്‍ നിന്ന് പുറത്തിറങ്ങി 
ചുവന്ന കണ്ണുകളുരുട്ടി നോക്കുമെന്നു പേടിച്ചു.
വെളുത്ത സാരിയില്‍ പാലപ്പൂ മണം 
ചൂടി വരുമെന്നു പേടിച്ചു.

തൊഴുത്തിലെപശുവിന്റെ
കഴുത്തിലെ മണികിലുക്കം
നിന്റെ കാല്‍ ച്ചിലമ്പെന്നു പേടിച്ചു.

രക്തം തൊട്ട് പെണ്ണായി 
മാറുമ്പഴേക്കും പേടി വെറും ഓര്‍മ്മകളായി. 
അവരാരും വരാതെയായി.

പക്ഷെ ഉടലാകെ മൂടി നടക്കുമ്പോഴും 
വഴിയരുകില്‍ പകല്‍ പോലും 
വഷളന്‍ ചിരിയോടെ തൂവലില്ലാത്ത നത്തുകള്‍ 
ചുവന്ന നോട്ടമെറിഞ്ഞു. വിവസ്ത്രയാക്കപ്പെട്ടു.
എല്ലാ വെളിച്ചവും ഇരുട്ടായി ഭീതിപ്പെടുത്തി.

യാത്രകളിലെല്ലാം
ആ കാല്‍ ചിലമ്പ് പിന്‍തുടര്‍ന്നുകൊണ്ടേയിരുന്നു.
ഒറ്റക്ക് വീട്ടിലിരിക്കുമ്പോള്‍ പിന്നില്‍ ചിലമ്പൊച്ച . 
മുന്നില്‍ നത്തു നോട്ടവുമായി അയാള്‍.

തുണയാരെന്നറിയാതെ ഒരു കുഞ്ഞ്  കരയുന്നുണ്ട് 
ഓരോ വീട്ടിലും.
------------------------------------------
© k b ajayakumar

Post a Comment

1 Comments