അവനുറങ്ങുമ്പോള്‍ | പൗര്‍ണമി വിനോദ്

avanurgangumpol-pournami-vinod


മലഞ്ചെരിവിറങ്ങി
മെലിഞ്ഞ വഴികളിലൂടെ
അവള്‍ ഒഴുകി വന്നു !

നിലാവ് മറന്നിട്ട ആകാശം...
നിശാശലഭങ്ങള്‍...

ഉടുപ്പഴിച്ച്
ഉറങ്ങുകയാണ് ഭൂമി...
അവനും ഉറക്കത്തിലാണ്
അവന്റെ നെറ്റിയില്‍
പണ്ടെങ്ങോ
പാല്‍ നിലാവ് ചുംബിച്ച
ഓര്‍മ്മക്കല...
കനച്ചു പോയ
കവിള്‍ത്തുടിപ്പ്...!

ഒരു നിമിഷം 
കണ്ണെടുക്കാതെ അവള്‍
നേര്‍ത്ത വിരലുകളാല്‍
അവനെത്തഴുകി...

എവിടെ നിന്നോ
തണുത്ത കാറ്റ് ....
ഇനിയും വൈകിയാല്‍...?
അവളുടെ നെടുവീര്‍പ്പ് 


പൊടുന്നനേ
അവന്റെ വിരലുകള്‍
കോര്‍ത്തു പിടിച്ച്
നെഞ്ചില്‍ ചെവി ചേര്‍ത്തു;
ദ്രുതതാളം...

ഇനി വൈകരുത്
വരൂ..!
അവന്‍ മിഴി തുറന്നതും
അലിഞ്ഞിറങ്ങിയ
ഹിമകണം
ഇലത്തുമ്പില്‍ നിന്ന്
തനിയെ
താഴേക്കൂര്‍ന്നതും
മിഴിയടഞ്ഞ പക്ഷി
അവളുടെ വിരല്‍ത്തുമ്പില്‍
കൊക്കൊതുക്കി
അനന്തതയിലേക്ക്...
_______________________
© paurnami vinod

Post a Comment

1 Comments